Home Featured മല്ലികാര്‍ജുന്‍ ഖാർഗെയുടെ മണ്ഡലത്തിൽ ആർഎസ്‌എസ്‌ റൂട്ട് മാർച്ചിന് അനുമതി

മല്ലികാര്‍ജുന്‍ ഖാർഗെയുടെ മണ്ഡലത്തിൽ ആർഎസ്‌എസ്‌ റൂട്ട് മാർച്ചിന് അനുമതി

by admin

ബെംഗളൂരു: കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെയുടെ മണ്ഡലത്തിൽ ആർഎസ്‌എസ്‌ റൂട്ട് മാർച്ചിന് അനുമതി. ഗുർമിത്‌കൽ പട്ടണത്തിലാണ് ആർഎസ്‌എസ് റൂട്ട് മാർച്ചിന് ജില്ലാ ഭരണകൂടം നിബന്ധനകളോടെ അനുമതി നൽകിയത്. ഖാർഗെ എട്ട് തവണ എംഎൽഎയായ മണ്ഡലമാണിത്.ആർഎസ്‌എസ്‌ ജില്ലാ പ്രചാർ പ്രമുഖ് ബസപ്പ സഞ്ജനോൾ ഒക്‌ടോബർ 23ന് സമർപ്പിച്ച അപേക്ഷയെ തുടർന്നാണ് ഇപ്പോൾ ഉത്തരവ് വന്നിരിക്കുന്നത്.

സമ്രാട്ട് സർക്കിൾ, എപിഎംസി സർക്കിൾ, ഹനുമാൻ ക്ഷേത്രം, മറാത്തവാടി, പൊലീസ് സ്‌റ്റേഷൻ റോഡ്, മിലാൻ ചൗക്ക്, സിഹിനീരു ബാവി മാർക്കറ്റ് മെയിൻ റോഡ് എന്നിവയിലൂടെ മാർച്ച് കടന്നുപോകാൻ പൊലീസ് അനുവദിച്ചിട്ടുണ്ട്. അതേസമയം രാം നഗറിൽ അവസാനിക്കുന്ന മാർച്ചിന് ജില്ലാ ഭരണകൂടം അനുമതിക്ക് പത്ത് നിബന്ധനകൾ ഏർപ്പെടുത്തിയിട്ടുണ്ട്.

ഭരണകൂടം ഏർപ്പെടുത്തിയ നിബന്ധനകൾ : പൊതു സ്വകാര്യ സ്വത്തുകൾക്ക് നാശനഷ്‌ടങ്ങൾ സംഭവിക്കുന്നില്ലെന്ന് ഉറപ്പാക്കാനും ഏതെങ്കിലും തരത്തിൽ നാശനഷ്‌ടങ്ങൾ സംഭവിച്ചാൽ അതിൻ്റെ മുഴുവൻ ചെലവും സംഘാടകർ വഹിക്കണമെന്നും നിബന്ധനയിലുണ്ട്.

ആർഎസ്‌എസ്‌ വൊളണ്ടിയർമാർ നിയുക്ത വഴി കർശനമായി പാലിക്കുക.

ഏതെങ്കിലും ജാതിയുടെയോ മതത്തിൻ്റെയോ വികാരങ്ങളെ വ്രണപ്പെടുത്തുന്ന മുദ്രവാക്യങ്ങൾ ഉയർത്തില്ലെന്ന് ഉറപ്പാക്കുകയും വേണം.സമാധാനത്തിനും സാമുദായിക ഐക്യത്തിനും ഭംഗം വരുന്ന പ്രവർത്തനങ്ങൾ ഒന്നും തന്നെ ഉണ്ടാവാൻ പാടില്ല.ഘോഷയാത്രയിൽ റോഡുകൾ തടയരുതെന്നും കടകൾ നിർബന്ധിപ്പിച്ച് അടപ്പിക്കരുതെന്നും മാരകായുധങ്ങളോ തോക്കുകളോ കൊണ്ടുപോകരുതെന്നും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ക്രമസമാധനം നിലനിർത്തുന്നതിനായി വഴിയിൽ പൊലീസ് സുരക്ഷാ ക്രമീകരണങ്ങൾ ഏർപ്പെടുത്തുമെന്ന് ജില്ല ഭരണകൂടം അറിയിച്ചു. ഈ വ്യവസ്ഥകളിൽ ഏതെങ്കിലും ലംഘിച്ചാൽ സംഘാടകർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ഭരണകൂടം വ്യക്തമാക്കിയിട്ടുണ്ട്. മാർച്ചിൽ ആർഎസ്‌എസ്‌ പ്രവർത്തകർക്ക് ദണ്ഡ് ഉപയോഗിക്കാൻ അനുവാദമുണ്ടോ എന്നത് വ്യക്തമല്ല

.അടുത്തിടെയാണ് കർണാടക മന്ത്രിയും മല്ലികാർജുൻ ഖാർഗെയുടെ മകനുമായ പ്രിയങ്ക ഖാർഗെ സർക്കാർ, സർക്കാർ എയ്‌ഡഡ്‌ സ്‌കൂളിലും പൊതു സ്ഥലങ്ങളിലും ആർഎസ്‌എസിൻ്റെ പ്രവർത്തനങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് കർണാടക മുഖ്യമന്ത്രിയായ സിദ്ധരാമയ്യക്ക് കത്ത് അയച്ചത്. മാർച്ചിൽ പങ്കെടുക്കുന്ന സർക്കാർ ഉദ്യോഗസ്ഥർക്കെതിരെയും നടപടി എടുക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

ഇതേ തുടർന്ന് സർക്കാർ സ്വത്തുകളിൽ ഏതെങ്കിലും വിധത്തിൽ പ്രവർത്തിക്കാൻ ഉദ്ദേശിക്കുന്ന സംഘടനകൾ അധികാരികളിൽ നിന്ന് മുൻകൂർ അനുമതി വാങ്ങണമെന്ന് കർണാടക മന്ത്രിസഭയുടെ തീരുമാനം ഉണ്ടായത്. മാർച്ചിൽ പങ്കെടുത്തതിന് ചില സർക്കാർ ഉദ്യോഗസ്ഥരെ സസ്‌പെൻഡ് ചെയ്യുകയും ചെയ്‌തിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group