ധർമ്മസ്ഥല വ്യാജ വെളിപ്പെടുത്തല്‍ കേസില്‍ ശൂചീകരണ തൊഴിലാളി ചിന്നയ്യയ്ക്ക് ജാമ്യം നിഷേധിച്ച് കോടതി.ബെല്‍ത്തങ്കടി കോടതിയുടേതാണ് തീരുമാനം. ജാമ്യം നല്‍കുന്നത് അന്വേഷണത്തെ ബാധിക്കും എന്ന എസ്‌ഐടി വാദം അംഗീകരിച്ചുകൊണ്ടാണ് കോടതി ജാമ്യം നിഷേധിച്ചിരിക്കുന്നത്. ധർമസ്ഥല വെളിപ്പെടുത്തലിന് പിന്നില്‍ ആസൂത്രിത ഗൂഢാലോചന എന്ന സംശയത്തിലാണ് എസ്‌ഐടി. ചിന്നയ്യയുടെത് ഉള്‍പ്പെടെ എസ്‌ഐടി സംഘം പിടിച്ചെടുത്ത 6 ഫോണുകളില്‍ നിന്നാണ് ഇതുസംബന്ധിച്ച സൂചനകള്‍ ലഭിച്ചത്. സുജാത ഭട്ടിനെ രണ്ട് ദിവസം എസ്‌ഐടി സംഘം ചോദ്യം ചെയ്തിരുന്നു.
ചിന്നയ്യക്ക് അഭയ സ്ഥാനമൊരുക്കിയ മഹേഷ് ഷെട്ടി തിമരോടിയുടേയും സഹോദരൻ മോഹൻ ഷെട്ടിയുടെയും വീടുകളില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം 6 മൊബൈല്‍ ഫോണുകള്‍ പിടിച്ചെടുത്തത്.
ആസൂത്രണത്തെ കുറിച്ച് സൂചന : ഇതില്‍ ചിന്നയ്യയുടെ ഫോണും ഉള്‍പ്പെട്ടിരുന്നു. ഈ ഫോണുകളില്‍ നിന്ന് കണ്ടെത്തിയ വിഡിയോകളില്‍ വെളിപ്പെടുത്തലിന് പിന്നിലെ ആസൂത്രണത്തെ കുറിച്ച് സൂചനകള്‍ ഉണ്ടെന്നാണ് പ്രത്യേക അന്വേഷണ സംഘത്തിന്റെ വിലയിരുത്തല്‍. ഫോണ്‍ വിശദമായ പരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്. ഫോണിലേക്ക് ചിന്നയ്യയെ വിളിച്ചതാരൊക്കെ, ചിന്നയ്യ വിളിച്ചതാരൊക്കെ എന്നീ കാര്യങ്ങളാണ് പ്രത്യേക അന്വേഷണ സംഘം പരിശോധിച്ചത്.മഹേഷ് തിമരോടിയുടേയും സഹോദരന്റെയും വീട്ടില്‍ ചിന്നയ്യയെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു.
പരിശോധനയും തെളിവെടുപ്പും പുലർച്ചെ വരെ നീണ്ടു.ഭൂമിയുമായി ബന്ധപ്പെട്ട തർക്കമാണ് അനന്യ ഭട്ട് എന്ന കഥാപാത്രത്തിന്റെ സൃഷ്ടിക്ക് പിന്നിലെന്ന തുറന്നുപറച്ചിലും വിശദമായി അന്വേഷിക്കുന്നുണ്ട്. വ്യാജ വെളിപ്പെടുത്തലില്‍ ചിന്നയ്യയെ അറസ്റ്റ് ചെയ്തെങ്കിലും കൂടുതല്‍ അറസ്റ്റുകളിലേക്ക് എസ്‌ഐടി കടന്നിട്ടില്ല. തെളിവുകളെല്ലാം ശേഖരിച്ച ശേഷം മതി അറസ്റ്റ് എന്ന നിലപാടിലാണ് അന്വേഷണ സംഘം.
മൊഴികളിലെ വൈരുദ്ധ്യം: ചിന്നയ്യയുടെ മൊഴിയിലെ വൈരുദ്ധ്യമാണ് ധർമസ്ഥല കേസില്‍ വഴിത്തിരിവായതെന്നാണ് പൊലീസ് പറയുന്നത്. പീഡിപ്പിക്കപ്പെട്ട നൂറുകണക്കിന് സ്ത്രീകളെ ആരുമറിയാതെ ധർമസ്ഥലയില്‍ താൻ മറവു ചെയ്തെന്നായിരുന്നു ചിന്നയ്യയുടെ ആദ്യ വെളിപ്പെടുത്തല്‍. എന്നാല്‍, ചിന്നയ്യ ഹാജരാക്കിയ തലയോട്ടി സ്ത്രീയുടെതല്ല, പുരുഷന്റേതാണെന്ന് ഫോറൻസിക് പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ചിന്നയ്യക്കെതിരെ അദ്ദേഹത്തിന്റെ ഭാര്യയും രംഗത്തെത്തിയിരുന്നു. പബ്ലിസിറ്റിക്ക് വേണ്ടിയാണ് കോളിളക്കം ഉണ്ടാക്കുന്ന വെളിപ്പെടുത്തല്‍ നടത്തിയതെന്നും ചിന്നയ്യക്ക് മാനസിക പ്രശ്നമുണ്ടെന്നും ഭാര്യ പറയുന്നു
മകളെ കാണാനില്ലെന്ന് പറഞ്ഞ് പൊലീസില്‍ പരാതി നല്‍കിയിരുന്ന സുജാത ഭട്ടും പിന്നീട് മൊഴി മാറ്റിയിരുന്നു. 2003ല്‍ മകള്‍ അനന്യ ഭട്ടിനെ ധർമസ്ഥലയില്‍ വെച്ച് കാണാതായെന്ന് പൊലീസില്‍ പരാതി നല്‍കിയ സുജാത ഭട്ട് ഇപ്പോള്‍ തനിക്ക് അനന്യ ഭട്ട് എന്നൊരു മകളില്ലെന്നാണ് പറയുന്നത്. ഭീഷണിക്ക് വഴങ്ങിയാണ് ധർമസ്ഥലയില്‍ മകളെ കാണാനില്ലെന്ന് പരാതി നല്‍കിയതെന്നും സുജാത ഭട്ട് അന്വേഷണ സംഘത്തോട് പറഞ്ഞു.