സര്‍ക്കാര്‍ ജോലി നഷ്ടപ്പെടുമോയെന്ന ഭയം, നാലാമത്തെ കുഞ്ഞിനെ കാട്ടിലുപേക്ഷിച്ചു ദമ്ബതികള്‍. മധ്യപ്രദേശിലെ ഛിന്ദ്വാരയിലുള്ള നന്ദന്‍വാഡി വനത്തിന്റെ നിശ്ശബ്ദതയെ ഒടുവില്‍ കരച്ചില്‍ ഭേദിച്ചതോടെ ഗ്രാമവാസികളെ അവനെ കണ്ടെടുത്തു.നാലാമത്തെ കുഞ്ഞായതുകൊണ്ടാണ് പിതാവും സര്‍ക്കാര്‍സ്‌കൂളിലെ അധ്യാപകനുമായ ബബ്ലു ദണ്ഡോലിയയും അമ്മ രാജ്കുമാരി ദണ്ഡോലിയയും ചേര്‍ന്ന് അവനെ ഉപേക്ഷിക്കാന്‍ തീരുമാനിച്ചതെന്ന് പോലീസ് പറയുന്നു.രണ്ടില്‍ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് മധ്യപ്രദേശില്‍ സര്‍ക്കാര്‍ ജോലിയില്‍ നിയന്ത്രണമുണ്ട്.
ജോലി നഷ്ടപ്പെടുമോ എന്ന് ഭയന്ന് നിലവില്‍ മൂന്ന് കുട്ടികളുള്ള ദമ്ബതികള്‍ ഗര്‍ഭവിവരം രഹസ്യമാക്കി വെച്ചിരുന്നുവെന്നാണ് വിവരം.സെപ്റ്റംബര്‍ 23-ന് പുലര്‍ച്ചെ രാജ്കുമാരി വീട്ടില്‍ പ്രസവിച്ചു. മണിക്കൂറുകള്‍ക്കകം കുഞ്ഞിനെ കാട്ടിലേക്ക് കൊണ്ടുപോയി കല്ലുകള്‍ക്കിടയില്‍ ഉപേക്ഷിക്കുകയായിരുന്നു. ഒരു രാത്രി മുഴുവന്‍ കുഞ്ഞ് അവിടെ കഴിഞ്ഞു. പിറ്റേന്ന് രാവിലെ വനത്തിന് സമീപത്തുകൂടെ പ്രഭാത സവാരിക്കിറങ്ങിയവരാണ് കുഞ്ഞിന്റെ കരച്ചില്‍ ആദ്യം കേള്‍ക്കുന്നത്.
മൃഗങ്ങള്‍ വല്ലതുമായിരിക്കുമെന്നാണ് ആദ്യം കരുതിയിരുന്നതെന്ന് ഗ്രാമവാസികളിലൊരാള്‍ പറഞ്ഞു. പിന്നീട് അടുത്ത് ചെന്നപ്പോള്‍ ഒരു കല്ലിനിടയില്‍നിന്ന് കുഞ്ഞിക്കൈകള്‍ പിടയുന്നത് കണ്ടതായും അദ്ദേഹം പറഞ്ഞു.ഗ്രാമവാസികള്‍ ഉടന്‍ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചു. ഛിന്ദ്വാര ജില്ലാ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കുഞ്ഞിന് ഉറുമ്ബുകളുടെ കടിയേറ്റതായും ഹൈപ്പോതെര്‍മിയയുടെ ലക്ഷണങ്ങളുള്ളതായും സ്ഥിരീകരിച്ചു. കുട്ടിയുടെ അതിജീവനം ഒരു അത്ഭുതമാണെന്ന് ഡോക്ടര്‍മാര്‍ പറയുന്നു. നവജാതശിശു ഇപ്പോള്‍ സുരക്ഷിതനും നിരീക്ഷണത്തിലുമാണെന്ന് അധികൃതര്‍ വ്യക്തമാക്കി.
നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ (NCRB) കണക്കുകള്‍ പ്രകാരം, ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ നവജാതശിശുക്കള്‍ ഉപേക്ഷിക്കപ്പെടുന്നത് മധ്യപ്രദേശിലാണ്. ദാരിദ്ര്യം, സാമൂഹികമായ അപമാനം, ജോലിയുമായി ബന്ധപ്പെട്ട ഭയങ്ങള്‍ എന്നിവയാണ് ഇത്തരം പല സംഭവങ്ങള്‍ക്കും കാരണമാകുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.