ഡൽഹി: ചുമ മരുന്നുകളുടെ വിൽപനയിൽ കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താൻ കേന്ദ്ര സർക്കാർ നീക്കം തുടങ്ങി. ഡോക്ടറുടെ കുറിപ്പടിയില്ലാതെ മരുന്നുകൾ നൽകുന്നത് തടയുന്നതിന് ‘ഡ്രഗ്‌സ് റൂൾസ് 1945’ൽ ഭേദഗതി വരുത്തിക്കൊണ്ടുള്ള കരട് വിജ്ഞാപനം കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തിറക്കി.പൊതുജനാരോഗ്യ സുരക്ഷ മുൻനിർത്തി ഷെഡ്യൂൾ കെ-യിൽനിന്ന് ‘സിറപ്പ്’ എന്ന വാക്ക് ഒഴിവാക്കാനാണ് മന്ത്രാലയത്തിന്റെ നിർദേശം.ഇതോടെ ചുമ മരുന്നുകൾ മെഡിക്കൽ ഷോപ്പുകളിൽനിന്ന് നേരിട്ട് വാങ്ങുന്നതിന് നിയന്ത്രണം വരും. കരട് വിജ്ഞാപനത്തിന്മേൽ 30 ദിവസത്തിനകം പൊതുജനങ്ങൾക്ക് അഭിപ്രായങ്ങളും ആക്ഷേപങ്ങളും അറിയിക്കാം.തമിഴ്‌നാട് ആസ്ഥാനമായുള്ള ശ്രീസൻ ഫാർമസ്യൂട്ടിക്കൽസ് നിർമിച്ച ‘കോൾഡ്രിഫ്’ ചുമ മരുന്ന് ഉപയോഗിച്ചതിനെത്തുടർന്ന് രാജസ്ഥാൻ, മധ്യപ്രദേശ് എന്നിവിടങ്ങളിൽ നിരവധി കുട്ടികൾ മരിക്കുകയും ഗുരുതര പാർശ്വഫലങ്ങൾ ഉണ്ടാവുകയും ചെയ്തു.ഇതിനെത്തുടർന്ന് 2025 ഒക്ടോബറിൽ ലോകാരോഗ്യ സംഘടന മുന്നറിയിപ്പ് നൽകിയിരുന്നു. മരുന്നിലെ വിഷാംശമാണ് മരണകാരണമെന്ന് കണ്ടെത്തിയതിനെത്തുടർന്നാണ് കേന്ദ്രത്തിന്റെ അടിയന്തര ഇടപെടൽ.ഡ്രഗ്‌സ് ആൻഡ് കോസ്മെറ്റിക്സ് ആക്ട് പ്രകാരം ഡ്രഗ്സ് ടെക്നിക്കൽ അഡ്വൈസറി ബോർഡുമായി ചർച്ച ചെയ്ത ശേഷമാണ് മന്ത്രാലയം ഈ മാറ്റം നിർദേശിച്ചിരിക്കുന്നത്.’ഡ്രഗ്സ് (ഭേദഗതി) ചട്ടങ്ങൾ 2025′ എന്നാണ് ഇതിന് പേര് നൽകിയിരിക്കുന്നത്.
ഔദ്യോഗിക ഗസറ്റിൽ പ്രസിദ്ധീകരിക്കുന്ന തീയതി മുതൽ ഇത് പ്രാബല്യത്തിൽവരും.കുട്ടികൾക്കായി ഉപയോഗിക്കുന്ന സിറപ്പുകൾ കൃത്യമായ ഡോസില്ലാതെയും നൽകുന്നത് വലിയ അപകടമുണ്ടാക്കുന്നുണ്ടെന്ന് വൈദ്യോപദേശമില്ലാതെയും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.പുതിയ നിയമം വരുന്നതോടെ സ്വയം ചികിത്സ, അനാവശ്യമായ ആൻ്റിബയോട്ടിക് ഉപയോഗം, സ്റ്റിറോയിഡുകളുടെ ഉപയോഗം എന്നിവ കുറയ്ക്കാൻ സാധിക്കുമെന്നാണ് മേഖലയിലെ വിദഗ്‌ധർ കരുതുന്നത്.