ബെംഗളൂരു: ബ്രിട്ടൻ ഉൾപ്പടെയുള്ള വിദേശ രാജ്യങ്ങളിൽ ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് പടർന്നുതുടങ്ങിയതോടെ മുൻകരുതൽ നടപടികളുമായി സംസ്ഥാനസർക്കാർ രംഗത്ത്.
ബെംഗളൂരു, മംഗളൂരു വിമാനത്താവളങ്ങളിൽ ഡിസംബർ ഏഴിനു ശേഷം ബ്രിട്ടൻ, നെതർലൻഡ്സ്, ഡെൻമാർക്ക് എന്നീ രാജ്യങ്ങളിൽ നിന്നെത്തി കോവിഡ് സ്ഥിരീകരിച്ച യാത്രക്കാർ ആശുപത്രി ഐസോലേഷനിലേക്ക് മാറണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചിട്ടുണ്ട്. ടെസ്റ്റ് നെഗറ്റീവായവർ 14 ദിവസം ക്വാറന്റീനിൽ പ്രവേശിക്കണം.
ബ്രിട്ടനിലാണ് ജനിതകമാറ്റം സംഭവിച്ച കൊറോണ വൈറസ് അതിവേഗം പടരുന്നത്. ഏഴിനുശേഷം ബ്രിട്ടനിൽ നിന്നെത്തിയവരുടെ പേരുവിവരങ്ങളും ആരോഗ്യവകുപ്പ് ശേഖരിച്ചുതുടങ്ങി.
ബ്രിട്ടനിൽനിന്നെത്തി കോവിഡ് പോസിറ്റീവായവരുടെ സാംപിളുകൾ ബെംഗളൂരു നിംഹാൻസിൽ പ്രത്യേക പരിശോധനയ്ക്ക് വിധേയമാക്കാനും ആരോഗ്യവകുപ്പ് തീരുമാനിച്ചിട്ടുണ്ട് എന്നാണ് റിപ്പോർട്ട്.
ഡിസംബര്‍ ആദ്യ വാരത്തില്‍ ലണ്ടനില്‍ റിപ്പോര്‍ട്ട് ചെയ്ത 62 ശതമാനം വൈറസ് ബാധയും ജനിതക മാറ്റം സംഭവിച്ചതാണ് എന്ന് ആരോഗ്യവിദഗദ്ധര്‍ പറയുന്നു. ഓസ്‌ട്രേലിയ, ഇറ്റലി, നെതര്‍ലാന്‍ഡ്‌സ്, ബെല്‍ജിയം, ഐസ്‌ലാന്‍ഡ് സര്‍ക്കാറുകള്‍ ഈ വൈറസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്.
ജനിതക മാറ്റം സംഭവിച്ച പുതിയ തരം കോവിഡ് വൈറസിന്റെ സാന്നിധ്യം ചില വിദേശ രാജ്യങ്ങളില്‍ റിപ്പോര്‍ട്ട് ചെയ്തതോടെ സൗദിയിലേക്കുള്ള വന്ദേ ഭാരത് സര്‍വീസുകളും നിര്‍ത്തി.
സൗദി അറേബ്യയിലേക്കും തിരിച്ചുമുള്ള വന്ദേ ഭാരത് വിമാന സര്‍വീസുകള്‍ ഒരാഴ്ചത്തേക്ക് നിര്‍ത്തി വെച്ചതായി എയര്‍ ഇന്ത്യ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. സര്‍വീസുകള്‍ നിര്‍ത്തിവെച്ച കാര്യം എയര്‍ ഇന്ത്യ എക്‌സ്പ്രസ് സാമൂഹിക മാധ്യമങ്ങളിലൂടെയും വ്യക്തമാക്കിയിട്ടുണ്ട്.
വിലക്ക് നീങ്ങുന്നതോടെ സര്‍വീസ് പുനരാരംഭിക്കും. ഈ വിവരം യാത്രക്കാരെ അറിയിക്കണമെന്ന് ട്രാവല്‍ ഏജന്റുമാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. സൗദി അറേബ്യ ഒരാഴ്ചത്തേക്ക് അത്യാവശ്യ സര്‍വീസൊഴികെ എല്ലാ അന്താരാഷ്ട്ര വിമാന സര്‍വീസുകളും നിര്‍ത്തി വെച്ചിരിക്കുകയാണ്.
ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നു മുതല്‍ ഒമാന്‍ എല്ലാ രാജ്യാന്തര അതിര്‍ത്തികളും അടച്ചു. ഒരാഴ്ചത്തേക്കാണ് അടച്ചത്. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായാണ് ഒമാന്‍ അതിര്‍ത്തികള്‍ അടച്ചതെന്ന് അധികൃതര്‍ അറിയിച്ചു. ആവശ്യമെങ്കില്‍ വീണ്ടും വിലക്ക് തുടരും.
തിങ്കളാഴ്ച രാത്രി പതിനൊന്നു മുതല്‍ ജനുവരി ഒന്നുവരെയാണ് കുവൈത്ത് അന്താരാഷ്ട്ര അതിര്‍ത്തികള്‍ അടച്ചത്. നേരത്തെ, യുകെയില്‍ നിന്നുള്ള യാത്രകള്‍ക്ക് കുവൈത്ത് വിലക്കേര്‍പ്പെടുത്തിയിരുന്നു.