ബെംഗളൂരു: എം.ഡി.എം.എ. ഉൾപ്പെടെയുള്ള പുതിയതരം മയക്കുമരുന്നുകൾ മണത്തു കണ്ടുപിടിക്കാനുള്ള പരിശീലനംനേടി ബെംഗളൂരുവിലെ പോലീസ് നായകൾ. ബെംഗളൂരു പോലീസിൻ്റെ നർക്കോട്ടിക് കനൈൻ സ്ക്വാഡിലെ അഞ്ചു നായകളാണ് പരിശീലനം നേടി മയക്കുമരുന്നു വേട്ടയ്ക്കിറങ്ങുന്നത്.
കഴിഞ്ഞമാസം ഇലക്ട്രോണിക് സിറ്റിയിൽ തെലുഗു നടികൾ ഉൾപ്പെട്ട നിശാപാർട്ടിയിൽ മയക്കുമരുന്ന് പിടികൂടാൻ ഈ നായകളാണ് സഹായിച്ചത്.മുമ്പ് കഞ്ചാവ്, ചരസ് മുതലായ പഴയതലമുറ ലഹരി വസ്തുക്കൾ കണ്ടെത്താനുള്ള പരിശീലനമാണ് പോലീസ് നായകൾക്ക് നൽകിവന്നിരുന്നത്. ഇപ്പോൾ പുതിയതരത്തിലുള്ള മയക്കുമരുന്നു വ്യാപകമായതോടെയാണ് പരിശീലനവും ഇതിനനുസരിച്ച് മാറ്റിയതെന്ന് പോലീസ് പറയുന്നു.
മൂന്നുമാസത്തെ പരിശീലനമാണ് നൽകിയത്. നാലെണ്ണം ജർമൻ ഷെപ്പേഡും ഒരെണ്ണം ബെൽജിയൻ മാലിനോയ്സ് ഇനത്തിൽപ്പെട്ടതുമാണ്. ബാഗുകളിലും ലെഗേജുകളിലും മനുഷ്യശരീരത്തിലും നിലത്തും വാഹനത്തിലും കെട്ടിടത്തിലും പരിശോധിച്ച് മയക്കുമരുന്ന് കണ്ടെത്താനുള്ള പരിശീലനമാണ് നായകൾക്ക് നൽകിയത്.