വയനാട്ടിലെ ടൂറിസത്തെ പ്രമോട്ട് ചെയ്യുന്ന കർണാടക സ്റ്റേറ്റ് ടൂറിസം ഡെവലപ്മെൻ്റ് കോർപറേഷൻ്റെ (കെഎസ്‌ടിഡിസി) പരസ്യത്തെ ചൊല്ലി വിവാദമുയർത്തി ബിജെപി.കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ നടപടി വയനാട് എംപിയായ പ്രിയങ്കാ ഗാന്ധിയെ സന്തോഷിപ്പിക്കാൻ വേണ്ടിയാണെന്നാണ് പരക്കെ വിമർശനം. ‘ബെംഗളൂരു ടു വയനാട്’ എന്ന പേരിലാണ് പരസ്യം പ്രത്യക്ഷപ്പെട്ടത്.”മനോഹരമായ വയനാട് നിങ്ങളെ മൂടല്‍മഞ്ഞിൻ്റെ പുതപ്പുമായി കാത്തിരിക്കുന്നു” എന്ന് കന്നഡയില്‍ എഴുതിയ ഒരു ചിത്രം ചൊവ്വാഴ്ച കെഎസ്‌ടിഡിസിയുടെ ഔദ്യോഗിക എക്സ് ഹാൻഡില്‍ പോസ്റ്റ് ചെയ്തിരുന്നു.
വയനാട്ടിലേക്ക് രണ്ട് രാത്രിയും മൂന്ന് പകലും ദൈർഘ്യമുള്ള ടൂർ പാക്കേജ് പ്രമോട്ട് ചെയ്യുന്ന പരസ്യമായിരുന്നു ഇത്.”ആവേശം തേടുകയാണോ… അതോ ശാന്തത തേടുകയാണോ? വയനാട്ടില്‍ രണ്ടും കണ്ടെത്താം. മനോഹരമായ പാതകളിലൂടെ ട്രക്ക് ചെയ്യൂ.. വെള്ളച്ചാട്ടങ്ങളെ പിന്തുടരൂ.. കെഎസ്‌ടിഡിസിക്കൊപ്പം കാടിനെ അറിയൂ. പെർഫെക്‌ട് നേച്ചർ എസ്കേപ്പ് നിങ്ങളെ കാത്തിരിക്കുന്നു,” എന്ന അടിക്കുറിപ്പും ഇതോടൊപ്പം ഉണ്ടായിരുന്നു.
ഹൈക്കമാൻഡിനെ തൃപ്തിപ്പെടുത്താനും പ്രിയങ്കാ ഗാന്ധിയുടെ പ്രശംസ ലഭിക്കാനുമായാണ് കർണാടക സർക്കാർ ഇത് ചെയ്യുന്നതെന്നായിരുന്നു സോഷ്യല്‍ മീഡിയയില്‍ ചിലരുടെ വിമർശനം. ചിക്കമംഗളൂരു, കുടക്, മുല്ലയ്യനഗരി, അഗുംബെ ഘട്ട്, ശിവമോഗയിലെ കവിശൈല തുടങ്ങി നിരവധി ടൂറിസ്റ്റ് ലൊക്കേഷനുകള്‍ ഈ സംസ്ഥാനത്ത് തന്നെ ഉണ്ടെന്നിരിക്കെ, മറ്റൊരു സംസ്ഥാനത്തിലെ ടൂറിസത്തെ കർണാടക സർക്കാർ എന്തിന് പ്രമോട്ട് ചെയ്യണമെന്നാണ് ചിലർ ഈ പോസ്റ്റിന് താഴെയെത്തി കമൻ്റിട്ടു.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി അയല്‍ സംസ്ഥാനങ്ങളിലെ വയനാട്, ഊട്ടി, തിരുപ്പതി തുടങ്ങിയ സ്ഥലങ്ങളിലേക്ക് ഞങ്ങള്‍ പാക്കേജ് ടൂറുകള്‍ വാഗ്ദാനം ചെയ്യുന്നുണ്ടെന്നാണ് വിവാദ പോസ്റ്റിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കെഎസ്‌ടിഡിസി ചെയർമാൻ എം. ശ്രീനിവാസ് ടൈംസ് ഓഫ് ഇന്ത്യയോട് പ്രതികരിച്ചത്. മറ്റു പാക്കേജുകളെ പോലെ തന്നെ അവയും പ്രമോട്ട് ചെയ്തിട്ടുണ്ട്. എന്നിരുന്നാലും, സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്ന പോസ്റ്റ് ഞങ്ങള്‍ അവലോകനം ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
 
