ബെംഗളൂരു : 20 രൂപയുടെ കുപ്പിവെള്ളം 30 രൂപയ്ക്ക് വിൽപ്പനനടത്തിയ ഹോട്ടലിന് 10,000 രൂപ പിഴയിട്ട് ഉപഭോക്തൃകോടതി. വിജയനഗര ജില്ലയിലെ ഹൊസപേട്ടിൽ പ്രവർത്തിക്കുന്ന റസ്റ്ററന്റിനെതിരേയാണ് രാമനഗര ജില്ലാ ഉപഭോക്തൃ നഷ്ടപരിഹാര കമ്മിഷൻ പിഴയടയ്ക്കാൻ ഉത്തരവിട്ടത്. രാമനഗര സ്വദേശിയും അഭിഭാഷകനുമായ എസ്.പി. കേശവയുടെ പരാതിയിലാണ് നടപടി.
കഴിഞ്ഞ ഡിസംബറിൽ കേശവ കുടുംബസമേതം ഹംപി സന്ദർശിച്ചുവരുമ്പോൾ ഹൊസപേട്ടിലെ റസ്റ്ററന്റിൽനിന്ന് ഭക്ഷണംകഴിച്ചിരുന്നു. ഈസമയം 20 രൂപ വിലയുള്ള രണ്ട് കുപ്പിവെള്ളം വാങ്ങി. റസ്റ്ററന്റ്റിൻന്റെ ബില്ലിൽ ഇവരിൽനിന്ന് കുപ്പിവെള്ളത്തിന് 30 രൂപവീതം വിലയുൾപ്പെടുത്തിയെന്നായിരുന്നു പരാതി.കൂടുതൽ വിലയീടാക്കിയത് ചോദ്യംചെയ്തതിന് റസ്റ്ററൻറ് ജീവനക്കാർ അപമാനിച്ചെന്നും പരാതിപ്പെട്ടു. ഈടാക്കിയ അധികവിലയായ 20 രൂപയും മാനസികപ്രയാസമുണ്ടാക്കിയതിന് 7,000 രൂപയും നിയമനടപടിയുടെ ചെലവായി 3,000 രൂപയും പരാതിക്കാരനുനൽകാനാണ് കമ്മിഷൻ ഉത്തരവിട്ടത്.