ബംഗളൂരു: കൂടുതല്‍ ജനപ്രിയ വാഗ്ദാനങ്ങളുമായി കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് ചൂടിലേക്ക്. സാമൂഹിക നീതിയുമായി ബന്ധപ്പെട്ട് ‘ഹിസെദാരി ന്യായ്’ (പങ്കാളിത്ത നീതി), തൊഴിലാളി ക്ഷേമവുമായി ബന്ധപ്പെട്ട ‘ശ്രമിക് ന്യായ്’ (തൊഴില്‍ നീതി) എന്നീ വിഭാഗങ്ങളിലായി അഞ്ച് ഉറപ്പുകളാണ് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ പ്രഖ്യാപിച്ചത്.
പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും 50 ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണഘടന ഭേദഗതി ചെയ്യുമെന്നും സമഗ്രമായ സാമൂഹിക, സാമ്ബത്തിക, ജാതി സെൻസസ് നടത്തുമെന്നും പാർട്ടി വാഗ്ദാനം ചെയ്യുന്നു. സാമൂഹിക മേഖലയില്‍ വിപ്ലവകരമായ മാറ്റങ്ങളുണ്ടാകുമെന്നും ഖാർഗെ പറഞ്ഞു. സംവരണം 50 ശതമാനമാക്കുമെന്നും തമിഴ്നാട്ടിലുള്ളതുപോലെ ചിലപ്പോള്‍ 65 ശതമാനം വരെ ഉയർന്നേക്കാമെന്നും ഖാർഗെ പറഞ്ഞു. കർഷകർക്കും വനിതകള്‍ക്കും യുവാക്കള്‍ക്കുമായി അഞ്ചുവീതം ഉറപ്പുകള്‍ ഭാരത് ജോഡോ ന്യായ് യാത്രയുടെ സമയത്ത് കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു.
പങ്കാളിത്ത നീതി ഗാരന്റി
1. സമഗ്രമായ സാമൂഹിക, സാമ്ബത്തിക, ജാതി സെൻസസ് നടത്തും. എല്ലാ ജാതികളുടെയും സമുദായങ്ങളുടെയും ജനസംഖ്യ, സാമൂഹിക-സാമ്ബത്തിക സ്ഥിതി, ദേശീയ സമ്ബത്തിലെ അവരുടെ വിഹിതം, ഭരണവുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളിലെ പ്രാതിനിധ്യം എന്നിവയും സർവേയിലൂടെ കണ്ടെത്തും.
2. സംവരണത്തിനുള്ള അവകാശം. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങള്‍ക്കും മറ്റ് പിന്നാക്ക വിഭാഗങ്ങള്‍ക്കും 50 ശതമാനം സംവരണം ഉറപ്പാക്കാൻ ഭരണഘടന ഭേദഗതി.
3. പട്ടികജാതി, പട്ടികവർഗ വിഭാഗങ്ങളുടെ പ്രത്യേക ഘടകപദ്ധതി പുനരുജ്ജീവിപ്പിച്ച് നിയമപ്രകാരം നടപ്പാക്കും. കോണ്‍ഗ്രസ് ഭരിക്കുന്ന ചില സംസ്ഥാനങ്ങള്‍ ഈ നടപടി തുടങ്ങിയിട്ടുണ്ട്.
4. വെള്ളം, വനം, ഭൂമി എന്നിവയുടെ നിയമപരമായ അവകാശം. ആദിവാസി വനാവകാശ സംരക്ഷണം കോണ്‍ഗ്രസ് ഉറപ്പുനല്‍കുന്നു. വനാവകാശ നിയമത്തിലെ ക്ലെയിമുകള്‍ ഒരു വർഷത്തിനുള്ളില്‍ പരിഹരിക്കും. നിരസിച്ച ക്ലെയിമുകള്‍ ആറുമാസത്തിനുള്ളില്‍ അവലോകനം ചെയ്യുന്നതിന് സുതാര്യമായ നടപടിയുണ്ടാകും. വനസംരക്ഷണ ഭേദഗതി നിയമത്തിലെയും ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെയും ആദിവാസി വിരുദ്ധ ഭേദഗതികള്‍ പിൻവലിക്കും.
5. ആദിവാസികളുടെ സാംസ്കാരിക അവകാശങ്ങള്‍ സംരക്ഷിക്കും. ആദിവാസി ഊരുകള്‍ ഷെഡ്യൂള്‍ഡ് ഏരിയകളായി വിജ്ഞാപനം ചെയ്യും.
തൊഴില്‍ നീതി ഗാരന്റി
1. തൊഴിലാളികളുടെ ആരോഗ്യ അവകാശങ്ങള്‍ സംബന്ധിച്ച് നിയമം നിർമിക്കും. ആവശ്യമായ പരിശോധനകള്‍ നടത്തും. സൗജന്യ ചികിത്സയും മരുന്നും. അസംഘടിത മേഖലയിലുള്ളവർക്കും ഭിന്നശേഷിക്കാർക്കും ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള ചികിത്സ. പുനരധിവാസ-സാന്ത്വന പരിചരണം. സാർവത്രിക ആരോഗ്യ പരിരക്ഷ.
2. ദേശീയ തലത്തില്‍ തൊഴിലുറപ്പ് തൊഴിലാളികള്‍ക്കടക്കം മിനിമം വേതനം പ്രതിദിനം 400 രൂപയായി ഉയർത്തും.
3. നഗരപ്രദേശങ്ങള്‍ക്കായി തൊഴിലുറപ്പ് നിയമം കൊണ്ടുവരും. നഗരങ്ങളിലെ സാമൂഹിക സേവന സംവിധാനം ശക്തിപ്പെടുത്തും.
4.അസംഘടിത മേഖലയിലെ എല്ലാ തൊഴിലാളികളുടെയും സാമൂഹിക സുരക്ഷക്കായി ലൈഫ് ഇൻഷുറൻസും അപകട ഇൻഷുറൻസും.
5.സുരക്ഷിതമായ തൊഴില്‍ ഉറപ്പാക്കും. മോദി സർക്കാർ പാസാക്കിയ തൊഴിലാളി വിരുദ്ധ ലേബർ കോഡുകള്‍ കോണ്‍ഗ്രസ് സമഗ്രമായി അവലോകനം ചെയ്യും. തൊഴിലാളികളുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിന് ഉചിതമായ ഭേദഗതികളും ഉറപ്പുനല്‍കുന്നു. പ്രധാന സർക്കാർ ജോലികളിലെ തൊഴില്‍ കരാർ സമ്ബ്രദായം കോണ്‍ഗ്രസ് നിർത്തലാക്കും. കരാർ തൊഴില്‍ വേറെ നിവൃത്തിയില്ലെങ്കില്‍ മാത്രം. കരാർ തൊഴിലില്‍ സാമൂഹിക സുരക്ഷാ മാനദണ്ഡങ്ങള്‍ സ്വകാര്യ മേഖലക്കും നിർബന്ധമാക്കും.