Home Uncategorized മെട്രോ യെല്ലോ ലൈൻ പൂർത്തിയാക്കുന്നത് വൈകിയതിന്റെ പേരിൽ പരസ്പരം പോരടിച്ച്‌ കോൺഗ്രസും ബിജെപിയും

മെട്രോ യെല്ലോ ലൈൻ പൂർത്തിയാക്കുന്നത് വൈകിയതിന്റെ പേരിൽ പരസ്പരം പോരടിച്ച്‌ കോൺഗ്രസും ബിജെപിയും

by admin

ബെംഗളൂരു: നമ്മ മെട്രോ യെല്ലോ ലൈൻ പൂർത്തിയാക്കുന്നത് വൈകിയതിന്റെ പേരിൽ പരസ്പരം പോരടിച്ച്‌ കോൺഗ്രസും ബിജെപിയും. ഈ വിഷയത്തിൽ കേന്ദ്രസർക്കാരിനെതിരേ കോൺഗ്രസും സംസ്ഥാന സർക്കാരിനെതിരേ ബിജെപിയും സമരം നടത്തി. കോച്ചുകൾ കൈമാറുന്നതിലും അനുമതി നൽകുന്നതിലും കേന്ദ്രസർക്കാർ വരുത്തിയ വീഴ്ചയാണ് യെല്ലോ ലൈൻ സർവീസ് വൈകുന്നതിന് കാരണമെന്നാണ് കോൺഗ്രസിന്റെ ആരോപണം. എന്നാൽ, സംസ്ഥാന സർക്കാരിനെയും ബിഎംആർസിഎലിനെയുമാണ് ബിജെപി കുറ്റപ്പെടുത്തുന്നത്.

യെല്ലോ ലൈൻ വൈകുന്നതിൽ പ്രതിഷേധിച്ച്‌ കോൺഗ്രസിന്റെ നേതൃത്വത്തിൽ കഴിഞ്ഞദിവസം ബിഎംആർസിഎൽ ഓഫീസിലേക്ക് പ്രകടനം നടത്തി. കോൺഗ്രസ് ബെംഗളൂരു സൗത്ത് ജില്ലാ പ്രസിഡന്റ് ഒ. മഞ്ജുനാഥ്, ബെംഗളൂരു സെൻട്രൽ ജില്ലാ പ്രസിഡന്റ് കെ.വി. ഗൗതം, മുൻ മേയർ മഞ്ജുനാഥ് റെഡ്ഡി തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു പ്രകടനം. സാങ്കേതിക അനുമതികൾ അടക്കമുള്ള നടപടികൾ കേന്ദ്രസർക്കാർ വേഗത്തിലാക്കണം എന്നതടക്കമുള്ള ആവശ്യങ്ങൾ അടങ്ങിയ നിവേദനം നേതാക്കൾ ബിഎംആർസിഎൽ എംഡി എം. മഹേശ്വർ റാവുവിന് കൈമാറി.

ബെംഗളൂരു സൗത്ത് എംപി തേജസ്വി സൂര്യയുടെ നേതൃത്വത്തിൽ ഇതേദിവസംതന്നെ ബിജെപിയും സമരം നടത്തി. യെല്ലോ ലൈൻ പൂർത്തിയാക്കാനുള്ള സമയപരിധി പത്തുതവണയാണ് നീട്ടിയതെന്ന് തേജസ്വി ചൂണ്ടിക്കാട്ടി. നഗരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരം കാണാൻ യെല്ലോ ലൈൻ മെട്രോ സർവീസ് നിർണായകമാണ്.ഇനിയും വൈകിയാൽ ശക്തമായ സമരം നടത്തുമെന്നും തേജസ്വി പറഞ്ഞു. ഓഗസ്റ്റിൽത്തന്നെ സർവീസ് തുടങ്ങണമെന്ന് ആവശ്യപ്പെടുന്ന നിവേദനം ബിഎംആർസിഎൽ എംഡിക്ക്‌ ബിജെപി നേതാക്കളും സമർപ്പിച്ചു.

ഇലക്‌ട്രോണിക് സിറ്റി അടക്കമുള്ള സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന യെല്ലോ ലൈൻ 2022-ൽ പൂർത്തിയാക്കാനായിരുന്നു ലക്ഷ്യമിട്ടത്. എന്നാൽ, പലതവണയായി ഇത് മാറ്റിവെക്കേണ്ടിവരുകയായിരുന്നു. അടുത്തമാസം പകുതിയോടെ സർവീസ് ആരംഭിക്കുമെന്നാണ്‌ ഇപ്പോൾ അറിയിച്ചിരിക്കുന്നത്. കേന്ദ്രത്തിന്റെ അനുമതികൾമാത്രമാണ് ബാക്കിയുള്ളതെന്നാണ് അധികൃതരുടെ വിശദീകരണം. അടുത്തമാസം സർവീസ് ആരംഭിക്കാൻകഴിയുമെങ്കിലും കോച്ചുകളുടെ എണ്ണം കുറവായതിനാൽ പൂർണതോതിലാകുന്നത്‌ വീണ്ടും വൈകാനാണ് സാധ്യത.

You may also like

error: Content is protected !!
Join Our WhatsApp Group