ലോക്സഭ തെരഞ്ഞെടുപ്പിന് കർണാടകയിലെ ആദ്യഘട്ട പട്ടികയില്‍ ആറു മണ്ഡലങ്ങളില്‍ സ്ഥാനാർഥികളെ പ്രഖ്യാപിച്ച് കോണ്‍ഗ്രസ്.സംസ്ഥാനത്ത് കോണ്‍ഗ്രസിന്റെ ഏക സിറ്റിങ് സീറ്റായ ബംഗളൂരു റൂറലിന് പുറമെ, മണ്ഡ്യ, ശിവമൊഗ്ഗ, ഹാസൻ, തുമകൂരു, ഹാവേരി, ബിജാപുർ (വിജയപുര) എന്നീ മണ്ഡലങ്ങളിലാണ് കോണ്‍ഗ്രസ് സ്ഥാനാർഥികളെ നിശ്ചയിച്ചത്. ബംഗളൂരു റൂറലില്‍ സിറ്റിങ് എം.പിയും കെ.പി.സി.സി അധ്യക്ഷൻ ഡി.കെ. ശിവകുമാറിന്റെ സഹോദരനുമായ ഡി.കെ. സുരേഷ് തന്നെ മത്സരിക്കും. നടൻ ശിവരാജ് കുമാറിന്റെ ഭാര്യയും വിദ്യാഭ്യാസ മന്ത്രി മധു ബംഗാരപ്പയുടെ സഹോദരിയുമായ ഗീത ശിവരാജ് കുമാറാണ് ശിവമൊഗ്ഗയിലെ സ്ഥാനാർഥി. ശിവമൊഗ്ഗയില്‍ സിറ്റിങ് എം.പി ബി.വൈ. രാഘവേന്ദ്രയെ നേരിടാനാണ് ഗീതയുടെ നിയോഗം.
കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പ് സമയത്താണ് ഗീത ശിവരാജ് കുമാർ കോണ്‍ഗ്രസില്‍ ചേർന്നത്. മണ്ഡ്യയില്‍ വെങ്കട രാമെ ഗൗഡയും (സ്റ്റാർ ചന്ദ്രു) ഹാസനില്‍ ശ്രേയസ് പാട്ടീലും മത്സരിക്കും. കോണ്‍ഗ്രസിലേക്ക് തിരിച്ചെത്തിയ എസ്.പി. മുദ്ദെഹനുമ ഗൗഡയെ തുമകൂരുവില്‍ പരിഗണിച്ചു. ബീജാപുർ (വിജയപുര) സീറ്റില്‍ എച്ച്.ആർ. അല്‍ഗൂറും ഹാവേരിയില്‍ അനന്തസ്വാമിയും കോണ്‍ഗ്രസ് ടിക്കറ്റില്‍ മത്സരിക്കും. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കർണാടകയില്‍ ആകെയുള്ള 28 മണ്ഡലങ്ങളില്‍ 25 സീറ്റും ബി.ജെ.പി പിടിച്ചിരുന്നു. കോണ്‍ഗ്രസും ജെ.ഡി-എസും ഓരോ സീറ്റുകളിലും വിജയിച്ചു. മണ്ഡ്യയില്‍ ബി.ജെ.പി പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥി സുമലത അംബരീഷിനായിരുന്നു ജയം.
ബംഗളൂരുവില്‍ ജലക്ഷാമം രൂക്ഷം; കുടിവെള്ള ഉപയോഗത്തിന് നിയന്ത്രണം
നഗരത്തില്‍ ജലക്ഷാമം രൂക്ഷമായ സാഹചര്യത്തില്‍ കുടിവെള്ള ഉപയോഗത്തിന് നിയന്ത്രണമേർപ്പെടുത്തി അധികൃതർ.കുടിവെള്ളമുപയോഗിച്ച് വാഹനം കഴുകുന്നതും ചെടികള്‍ നനക്കുന്നതും നിർമാണ പ്രവൃത്തി നടത്തുന്നതും നിരോധിച്ചു. ബംഗളൂരു വാട്ടർ സപ്ലൈ ആൻഡ് സ്വിവറേജ് ബോർഡിന്റേതാണ് തീരുമാനം. നിർദേശം ലംഘിച്ചാല്‍ 5,000 രൂപയാണ് പിഴ. കുടിവെള്ളം ദുരുപയോഗം ചെയ്യുന്നത് ആവർത്തിച്ചാല്‍ ഓരോ പ്രാവശ്യവും 500 രൂപ വീതവും ഈടാക്കും. നഗരത്തിലെ മൂവായിരത്തിലധികം കുഴല്‍ക്കിണറുകള്‍ വറ്റിയതായാണ് കഴിഞ്ഞദിവസം ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍ അറിയിച്ചത്. പ്രതിസന്ധി ഒഴിവാക്കാൻ അടിയന്തര നടപടി സ്വീകരിക്കുമെന്ന് സർക്കാർ അറിയിച്ചിട്ടുണ്ട്.
ബംഗളൂരുവില്‍ ജലക്ഷാമം രൂക്ഷമായി തുടരുന്ന സാഹചര്യത്തില്‍ അപ്പാർട്ട്മെന്റ് കോംപ്ലക്സുകള്‍ ഉള്‍പ്പെടെ കുടിവെള്ള നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ള ക്ഷാമ സാഹചര്യം സ്വകാര്യ ജലവിതരണക്കാർ ചൂഷണം ചെയ്യുന്നത് തടയാൻ സർക്കാർ നിയന്ത്രണമേർപ്പെടുത്തിയിട്ടുണ്ട്. കുടിവെള്ള ടാങ്കറുകള്‍ക്ക് പരമാവധി ഈടാക്കാനാവുന്ന തുക നിശ്ചയിച്ച് കഴിഞ്ഞദിവസം ബംഗളൂരു അർബൻ ഡെപ്യൂട്ടി കമീഷണർ ദയാനന്ദ ഉത്തരവിറക്കിയിരുന്നു. 12,000 ലിറ്ററിന്റെ ടാങ്കറിന് അഞ്ചു കിലോമീറ്റർ ചുറ്റളവില്‍ പരമാവധി 1,000 രൂപയാണ് ജലവിതരണക്കാർക്ക് ഈടാക്കാനാവുക. അഞ്ചു കിലോമീറ്ററിന് മുകളില്‍ ദൂരത്തിലാണ് വിതരണം ചെയ്യുന്നതെങ്കിലും 200 രൂപകൂടി അധികം ഉപഭോക്താവില്‍നിന്ന് വാങ്ങാം. 6,000 ലിറ്ററിന്റെ ടാങ്കറിന് അഞ്ചു കിലോമീറ്റർ ചുറ്റളവില്‍ 600 രൂപയും അഞ്ചു കിലോമീറ്ററിന് മുകളില്‍ 750 രൂപയും നല്‍കിയാല്‍ മതി. എന്നാല്‍, കുടിവെള്ള ടാങ്കറുകള്‍ നിശ്ചയിച്ച നിരക്കിന്റെ പലയിരട്ടി തുകയാണ് ജനങ്ങളില്‍നിന്ന് വാങ്ങുന്നതെന്ന് പരാതിയുണ്ട്.