കർണാടകത്തിലെ ഒരു നിയമസഭാ മണ്ഡലത്തിൽക്കൂടി വോട്ടർപട്ടികയിൽ വ്യാപകക്രമക്കേട് നടന്നിട്ടുണ്ടെന്ന ആരോപണവുമായി കോൺഗ്രസ്. ബെംഗളൂരുവിലെ ഗാന്ധിനഗർ മണ്ഡലത്തിൽ 11,200 വ്യാജവോട്ടർമാരെ ചേർത്തിരുന്നുവെന്ന് കണ്ടെത്തിയെന്ന് കർണാടക ആരോഗ്യമന്ത്രിയും സ്ഥലം എംഎൽഎയുമായ ദിനേശ് ഗുണ്ടുറാവു ആരോപിച്ചു.2023 നിയമസഭാ തിരഞ്ഞെടുപ്പിൽ 105 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് ദിനേശ് ഗുണ്ടുറാവു ഇവിടെനിന്ന് വിജയിച്ചത്. തൊട്ടുമുൻപുനടന്ന തിരഞ്ഞെടുപ്പിൽ 10,000-ല്പരം വോട്ടുകളായിരുന്നു ഇദ്ദേഹത്തിന്റെ ഭൂരിപക്ഷം.
വലിയതോതിൽ വ്യാജവോട്ടർമാരെ ചേർത്തുവെന്ന് ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽഗാന്ധി ആരോപണം ഉന്നയിച്ച മഹാദേവപുര നിയമസഭാ മണ്ഡലംപോലെത്തന്നെ ബെംഗളൂരു സെൻട്രൽ ലോക്‌സഭാ മണ്ഡലത്തിൽ ഉൾപ്പെടുന്നതാണ് ഗാന്ധിനഗറും. 1999 മുതൽ തുടർച്ചയായി ആറ് തിരഞ്ഞെടുപ്പുകളിലും ദിനേശ് ഗുണ്ടുറാവുവാണ് വിജയിച്ചത്. വോട്ടർപട്ടിക ക്രമക്കേടുസംബന്ധിച്ച് പലതവണ പരാതിപ്പെട്ടിട്ടും വ്യാജവോട്ടർമാരെ പൂർണമായും നീക്കാൻ തിരഞ്ഞെടുപ്പു കമ്മിഷൻ തയ്യാറാകുന്നില്ലെന്ന് ദിനേശ് ഗുണ്ടുറാവു ആരോപിച്ചു.
2000-ല്പരം വ്യാജവോട്ടർമാരെ പട്ടികയിൽനിന്ന് നീക്കിയിട്ടുണ്ട്. എന്നാൽ, ബാക്കിയുള്ളവരുടെ പേരുകൾ നീക്കംചെയ്തിട്ടില്ല. അതിനാൽ വീണ്ടും പരാതിനൽകുമെന്നും മന്ത്രി അറിയിച്ചു.