ബംഗളൂരു: ലോക്സഭ തെരഞ്ഞെടുപ്പില്‍ കർണാടകയില്‍ കോണ്‍ഗ്രസ് 20 സീറ്റില്‍ വിജയിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ച് മുഖ്യമന്ത്രി സിദ്ധരാമയ്യ. മൈസൂരു വിമാനത്താവളത്തില്‍ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. 400 സീറ്റ് നേടി കേന്ദ്രത്തില്‍ അധികാരം നിലനിർത്തുമെന്ന് അവകാശപ്പെടുന്ന ബി.ജെ.പി 200 സീറ്റുപോലും നേടാൻ പോവുന്നില്ലെന്നും സിദ്ധരാമയ്യ പറഞ്ഞു.
കഴിഞ്ഞ 10 വർഷത്തെ വികസനം വെറും ട്രെയ്ലർ മാത്രമാണെന്നും ശരിക്കുള്ള വികസനം വരാനിരിക്കുന്നതേയുള്ളൂ എന്നുമുള്ള പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രസ്താവന ചൂണ്ടിക്കാട്ടിയ സിദ്ധരാമയ്യ, മോദിക്ക് കീഴില്‍ എവിടെയാണ് വികസനം നടന്നതെന്ന് ചോദിച്ചു. മോദിയുടെ വ്യാജ പ്രൊപഗണ്ടയില്‍ വീഴാൻ ജനങ്ങള്‍ വിഡ്ഢികളല്ല. ജനങ്ങളുടെ ക്ഷേമത്തിനായി കോണ്‍ഗ്രസിന്റെ പ്രീ-പോള്‍ വാഗ്ദാനമായ ‘ഗാരന്റി’യെ മോദി ഇപ്പോള്‍ കടമെടുക്കുകയാണെന്നും അദ്ദേഹം പരിഹസിച്ചു.
സിദ്ധരാമയ്യയുടെ മകൻ ഡോ. യതീന്ദ്ര കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാക്കെതിരെ നടത്തിയ ‘ഗുണ്ട’ പരാമർശത്തെ കുറിച്ച് മാധ്യമപ്രവർത്തകർ ആരാഞ്ഞപ്പോള്‍, ഗുജറാത്ത് കലാപം സംബന്ധിച്ച് കോടതിയില്‍ സി.ബി.ഐ നല്കിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ആ പരാമർശമെന്നും അതില്‍ തെറ്റില്ലെന്നും അദ്ദേഹം പറഞ്ഞു.
‘ആഭ്യന്തര മന്ത്രി അമിത് ഷാ ഗുണ്ടയും റൗഡിയുമാണ്. ഗുജറാത്തില്‍ അദ്ദേഹത്തിനെതിരെ കൊലപാതക കേസുണ്ടായിരുന്നു. അദ്ദേഹം നാടുകടത്തെപ്പട്ടയാളാണ്. ഇത്തരം ആളുകളെ കൂടെനിർത്തിയാണ് മോദി രാഷ്ട്രീയം കളിക്കുന്നത്’ -ഇതായിരുന്നു യതീന്ദ്രയുടെ പരാമർശം.
മൈസൂരു ജില്ല ചുമതലയുള്ള ഡോ. എച്ച്.സി. മഹാദേവപ്പ, മൃഗസംരക്ഷണ മന്ത്രി കെ. വെങ്കടേശ് തുടങ്ങിയ നേതാക്കളും സിദ്ധരാമയ്യക്കൊപ്പമുണ്ടായിരുന്നു. തുടർന്ന് വരുണ നിയമസഭ മണ്ഡലത്തിലെ ബിലിഗരെയില് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയില്‍ സിദ്ധരാമയ്യ പങ്കെടുത്തു.