ബെംഗളൂരു: നിയമസഭാതിരഞ്ഞെടുപ്പിൽ സ്ഥാനാർഥിയാക്കാമെന്നുപറഞ്ഞ് ബി.ജെ.പി. കേന്ദ്ര നിരീക്ഷകനാണെന്ന് സ്വയം പരിചയപ്പെടുത്തിയയാൾ 21 ലക്ഷം രൂപ തട്ടിയെന്ന് പാർട്ടി പ്രവർത്തകയുടെ പരാതി. കൊപ്പാളിലെ കനഗനഗർ സ്വദേശി ഗായത്രി തിമ്മറെഡ്ഡി ഗൗഡ നൽകിയ പരാതിയിൽ വിശാൽ നാഗ് എന്നയാളുടെപേരിൽ ബെംഗളൂരു അശോക് നഗർ പോലീസ് കേസെടുത്തു.
കനകഗിരി മണ്ഡലത്തിൽ ബി.ജെ.പി. സ്ഥാനാർഥിയാകാൻ ആഗ്രഹിച്ചിരുന്നയാളാണ് ഗായത്രി. ഇവരുടെ ഭർത്താവ് തിമ്മറെഡ്ഡി ഗൗഡ മണ്ഡലത്തിലെ ബി.ജെ.പി. ഭാരവാഹിയാണ്. ഇദ്ദേഹത്തിന്റെ സുഹൃത്തായ ജീതു വഴിയാണ് വിശാൽനാഗുമായി ബന്ധപ്പെടുന്നത്. ബെംഗളൂരു അശോക്നഗറിലെ ഹോട്ടലിൽവെച്ചായിരുന്നു കൂടിക്കാഴ്ച.
താൻ നൽകുന്ന പട്ടികയിൽനിന്നാണ് പാർട്ടി സ്ഥാനാർഥികളെ പ്രഖ്യാപിക്കുന്നതെന്ന് വിശാൽനാഗ് ഗായത്രിയെയും തിമ്മറെഡ്ഡിയെയും വിശ്വസിപ്പിച്ചു. 25 ലക്ഷം രൂപയും ആവശ്യപ്പെട്ടു. ഇതിൽ 21 ലക്ഷം കൈമാറി. തിമ്മറെഡ്ഡിയെ ഡൽഹിയിലെത്തിച്ച് നാലുദിവസം അവിടെ താമസിപ്പിച്ചു. പക്ഷേ, സ്ഥാനാർഥിപ്പട്ടിക പുറത്തുവന്നപ്പോൾ തന്റെ പേരില്ലായിരുന്നെന്നും ഗായത്രി പരാതിയിൽ പറയുന്നു. വിശാൽ നാഗിനെ ബന്ധപ്പെടാൻ ശ്രമിച്ചപ്പോഴേക്കും അയാളുടെ ഫോൺ സ്വിച്ച് ഓഫായിരുന്നുവെന്നും ഗായത്രി പറയുന്നു. ഏപ്രിൽ അവസാനമാണ് സംഭവം നടന്നതെങ്കിലും ഇപ്പോഴാണ് പോലീസിൽ പരാതി നൽകുന്നത്.