കര്‍ണാടക ഗവര്‍ണര്‍ ഥാവര്‍ചന്ദ് ഗെഹ്‌ലോതിന്റെ ചെറുമകന്‍ ദേവേന്ദ്ര ഗെഹ്‌ലോതിനെതിരേ ഗുരുതര ആരോപണങ്ങളുമായി ഭാര്യ ദിവ്യ. സ്ത്രീധനപീഡനം, കൊലപാതകശ്രമം, ഗാര്‍ഹിക പീഡനം, നാലുവയസ്സുകാരിയായ മകളെ തട്ടിയെടുക്കൽ തുടങ്ങിയ ഗുരുതര ആരോപണങ്ങളആണ് ദേവേന്ദ്രയ്‌ക്കെതിരേ ദിവ്യ ഉന്നയിച്ചത്. ഇക്കാര്യങ്ങള്‍ പരാമര്‍ശിച്ച് രത്‌ലം എസ്പി അമിത് കുമാറിന് അവര്‍ പരാതി നല്‍കുകയും ചെയ്തിട്ടുണ്ട്.സ്ത്രീധനമായി അന്‍പതുലക്ഷം രൂപ ആവശ്യപ്പെട്ട് ഭര്‍ത്താവും ഭര്‍തൃമാതാപിതാവ് ജിതേന്ദ്രയും ഭര്‍ത്താവിന്റെ സഹോദരന്‍ വിശാലും ഭര്‍ത്താവിന്റെ മുത്തശ്ശി അനിതയും വര്‍ഷങ്ങളായി പീഡിപ്പിക്കുകയാണെന്നാണ് ദിവ്യയുടെ ആരോപണം. മുന്‍ എംഎല്‍എ കൂടിയാണ് ജിതേന്ദ്ര. 2018 ഏപ്രില്‍ മാസത്തിലാണ് ദിവ്യയും ദേവേന്ദ്രയും വിവാഹിതരായത്.
ദേവന്ദ്രയുടെ മദ്യപാനം, മയക്കുമരുന്ന് ഉപയോഗം, മറ്റ് ബന്ധങ്ങള്‍ തുടങ്ങിയവ വിവാഹത്തിന് മുന്‍പ് തന്നില്‍നിന്ന് കരുതിക്കൂട്ടി മറച്ചുവെച്ചിരുന്നെന്നും ഭര്‍തൃവീട്ടിലെത്തിയപ്പോഴാണ് ഇതേക്കുറിച്ച് അറിഞ്ഞതെന്നും ദിവ്യയുടെ പരാതിയിലുണ്ട്.2021-ല്‍ ഗര്‍ഭിണിയായിരുന്ന കാലത്തും കൊടിയ പീഡനങ്ങള്‍ അനുഭവിക്കേണ്ടി വന്നിരുന്നെന്ന് ദിവ്യയുടെ പരാതിയിലുണ്ട്. പട്ടിണിക്കിടുകയും മര്‍ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്തു. മകള്‍ ജനിച്ചിട്ടും യാതൊരു മാറ്റവുമുണ്ടായില്ല. 2019-ല്‍ ഒത്തുതീര്‍പ്പ് ശ്രമമുണ്ടായെങ്കിലും മാറ്റമൊന്നും ഉണ്ടായില്ലെന്നും കാര്യങ്ങള്‍ കൂടുതല്‍ വഷളാവുകയാണ് ചെയ്തതെന്നും ദിവ്യ ആരോപിക്കുന്നു.നാലുവയസ്സുകാരിയായ മകളെ ഭര്‍ത്താവിന്റെ ബന്ധുക്കള്‍ അവര്‍ക്കൊപ്പം നിര്‍ബന്ധപൂര്‍വം നിര്‍ത്തിയിരിക്കുകയാണെന്നും കുഞ്ഞിനെ കാണാന്‍ അനുവദിക്കുന്നില്ലെന്നും ദിവ്യ പറഞ്ഞു. നവംബര്‍മാസത്തില്‍ മകളെ സ്‌കൂളിലെത്തി കാണാന്‍ ശ്രമിച്ചു. എന്നാല്‍, ദേവേന്ദ്ര അത് തടഞ്ഞു. മാതാപിതാക്കളില്‍നിന്ന് പണംവാങ്ങിവരാത്തപക്ഷം കുഞ്ഞിനെ കാണാന്‍ അനുവദിക്കില്ലെന്ന് പറഞ്ഞെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.സംഭവങ്ങള്‍ നടന്നത് ഉജ്ജയിന്‍ ജില്ലയിലെ നഗ്ദയില്‍ ആയതിനാല്‍ രത്‌ലം പോലീസ് സ്വീകരിച്ച പരാതി, ഉജ്ജയിന്‍ പോലീസിന് കൈമാറി. അതേസമയം, ആര്‍ക്കും എന്ത് ആരോപണം വേണമെങ്കിലും ഉന്നയിക്കാം എന്നായിരുന്നു ദിവ്യയുടെ ഭര്‍തൃപിതാവായ ജിതേന്ദ്രയുടെ പ്രതികരണം. മാധ്യമങ്ങള്‍ക്കു മുന്നില്‍ താന്‍ തെളിവുകള്‍ നിരത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.