ബെംഗളൂരു: ഇന്ത്യയുടെ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിക്കുന്ന തരത്തില്‍ സാമൂഹിക മാധ്യമത്തില്‍ പോസ്റ്റിട്ടുവെന്ന പരാതിയില്‍ നടൻ പ്രകാശ് രാജിനെതിരെ കര്‍ണാടക പോലീസ് കേസെടുത്തു.
ഹിന്ദു സംഘടനകളുടെ നേതാക്കള്‍ നല്കിയ പരാതിയിലാണ് ബാഗല്‍കോട്ട് ജില്ലയിലെ പോലീസ് സ്റ്റേഷനില്‍ കേസ് രജിസ്റ്റര്‍ ചെയ്തതെന്ന് പോലീസ് പറഞ്ഞു.
ലുങ്കിയുടുത്ത ഒരാള്‍ ചായ അടിക്കുന്ന കാര്‍ട്ടൂണ്‍ ചിത്രം ചന്ദ്രയാൻ -3 ദൗത്യവുമായി ബന്ധപ്പെടുത്തി പ്രകാശ് രാജ് എക്സില്‍ പങ്കുവച്ചതിന് പിന്നാലെ സാമൂഹിക മാധ്യമങ്ങളില്‍ രൂക്ഷ വിമര്‍ശനം ഉയര്‍ന്നിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയോടും ബിജെപിയോടുമുള്ള അന്ധമായ വിരോധത്തിന്റെ പേരില്‍ രാജ്യത്തിന്റെ അഭിമാന പദ്ധതിയായ ചന്ദ്രയാൻ ദൗത്യത്തെ പരിഹസിച്ചത് ശരിയായില്ല എന്നായിരുന്നു പ്രധാന വിമര്‍ശനം.
പിന്നാലെ വിശദീകരണവുമായി പ്രകാശ് രാജ് രംഗത്തെത്തിയിരുന്നു. ട്വീറ്റ് ഒരു തമാശ മാത്രമായിരുന്നു എന്നായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം. ‘ആംസ്ട്രോങ്ങിന്റെ കാലത്തുള്ള തമാശയാണ് പറഞ്ഞത്. കേരളത്തിലെ ചായവില്പ്പനക്കാരനെയാണ് ആഘോഷിച്ചത്. വിമര്‍ശകര്‍ ഏത് ചായവില്പ്പനക്കാരനെയാണ് കണ്ടത്’ – അദ്ദേഹം ആരാഞ്ഞിരുന്നു. പിന്നാലെയാണ് ഹിന്ദു സംഘടനകളുടെ പരാതിയില്‍ കര്‍ണാടക പോലീസ് അദ്ദേഹത്തിനെതിരെ കേസെടുത്തിട്ടുള്ളത്.