ബംഗളൂരു: സ്വര്‍ണക്കടത്ത് കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തി വ്യാപാരിയില്‍നിന്ന് അഞ്ചുലക്ഷം രൂപ തട്ടിയ സംഭവത്തില്‍ ചിക്കമഗളൂരുവില്‍ നാലു പൊലീസുകാര്‍ക്കെതിരെ കേസ്.അജ്ജംപുര സ്റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ലിംഗരാജു, കോണ്‍സ്റ്റബിള്‍മാരായ ധനപാല്‍ നായക്, ഓംകാരമൂര്‍ത്തി, ശരത് രാജ് എന്നിവര്‍ക്കെതിരെയാണ് കേസെടുത്തത്.
ഇവരെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തതായി ചിക്കമഗളൂരു എസ്.പി ഉമ പ്രശാന്ത് പറഞ്ഞു.മേയ് 11നായിരുന്നു കേസിനാസ്പദമായ സംഭവം. വ്യാപാരിയുടെ പിതാവ് കഴിഞ്ഞ ദിവസം പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തുവന്നത്. ബേലൂരിലെ ജ്വല്ലറികളിലക്ക് ദാവന്‍ഗരെയില്‍നിന്ന് 2.45 കിലോ സ്വര്‍ണവുമായി കാറില്‍ എത്തവെ ബുക്കംബുദി ടോളില്‍ വാഹന പരിശോധന നടത്തുകയായിരുന്ന പൊലീസ് വ്യാപാരിയെ തടയുകയായിരുന്നു. തുടര്‍ന്ന് സ്വര്‍ണക്കടത്ത് കേസില്‍ പെടുത്തുമെന്ന് പൊലീസ് സംഘം ഭീഷണിപ്പെടുത്തി.
നിയമപ്രകാരമാണ് സ്വര്‍ണം കൊണ്ടുവരുന്നതെന്ന് അറിയിക്കുകയും ബില്‍ കാണിക്കുകയും ചെയ്തെങ്കിലും കേസില്‍പെടുത്താതിരിക്കാന്‍ 10 ലക്ഷം നല്‍കാന്‍ ലിംഗരാജു ആവശ്യപ്പെട്ടു. വ്യാപാരിയുടെ കൈയില്‍ പണമില്ലാത്തതിനാല്‍ രണ്ട് പൊലീസുകാരെ കൂടെവിട്ട് അഞ്ച് ലക്ഷം രൂപ ലിംഗരാജു വാങ്ങി. സംഭവം പുറത്തുപറഞ്ഞാല്‍ കേസില്‍ പ്രതിയാക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തെന്നാണ് കേസ്.
പാലിനും തൈരിനും രണ്ടു രൂപ കൂട്ടി
ബംഗളൂരു: കര്‍ണാടക മില്‍ക്ക് ഫെഡറേഷന് (കെ.എം.എഫ്) കീഴിലെ ബ്രാന്‍ഡായ നന്ദിനിയുടെ പാല്‍, തൈര് എന്നിവയുടെ വില വര്‍ധിപ്പിച്ചു.ലിറ്ററിന് രണ്ടു രൂപയാണ് വര്‍ധന. പുതിയ വില വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരും. ഇതോടെ അര ലിറ്റര്‍ പാലിന് ഒരു രൂപ അധികം നല്‍കേണ്ടിവരും.ബുധനാഴ്ച നടന്ന കെ.എം.എഫ് ബോര്‍ഡ് യോഗത്തിലാണ് തീരുമാനം. നേരത്തേ ലിറ്ററിന് മൂന്നു രൂപ വര്‍ധിപ്പിക്കാന്‍ കെ.എം.എഫ് തീരുമാനിച്ചിരുന്നെങ്കിലും മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ അതൃപ്തി അറിയിച്ചതോടെ ആ തീരുമാനം പിന്‍വലിച്ചിരുന്നു.
പുതിയ നിരക്കുപ്രകാരം, ഡബ്ള്‍ ടോണ്‍ഡ് മില്‍ക്ക്- 38, ടോണ്‍ഡ് മില്‍ക്ക്- 39, ഹോമോജെനൈസ്ഡ് ടോണ്‍ഡ് മില്‍ക്ക് -40, ഹോമോജെനൈസ്ഡ് കൗ മില്‍ക്ക്- 44, സ്‍പെഷല്‍ മില്‍ക്ക് -45, സമൃദ്ധി- 50, സംതൃപ്തി- 52, നന്ദിനി തൈര്- 47 എന്നിങ്ങനെയാണ് വില. ഉല്‍പാദനച്ചെലവിലുണ്ടായ വര്‍ധന പരിഹരിക്കാന്‍ കര്‍ഷകരുടെ താല്‍പര്യം മുന്‍നിര്‍ത്തിയാണ് പുതിയ നിരക്ക് ഈടാക്കുന്നതെന്ന് കെ.എം.എഫ് അധികൃതര്‍ അറിയിച്ചു.