ബെംഗളൂരു : ഐബിഎമ്മിൽ ജോലി വാഗ്ദാനം ചെയ്തു ലക്ഷങ്ങൾ തട്ടിയതായി പരാതി. വ്യാജ നിയമന ഉത്തരവ് നൽകിയായിരുന്നു തട്ടിപ്പ്.നിയമന ഉത്തരവ് കിട്ടിയവർ മാന്യത ടെക് പാർക്കിലെ ഐബിഎം ഓഫിസിലെ എച്ച്ആർ മാനേജർക്ക് നിയമന ഉത്തരവ് നൽകിയപ്പോഴാണ് തട്ടിപ്പ് പുറത്തായത്. ഐബിഎം എച്ച്ആർ മാനേജർ അഭിജിത്ത് റോയിയാണു സമ്പിഗേഹള്ളി പൊലീസിൽ പരാതി നൽകിയത്. ഈസ്റ്റ് റിക്രൂട്ട് ഇന്ത്യ സ്ഥാപനത്തിന്റെ ഉടമകളായ ജി.ജി.സജീവ്, ദീപക് സിങ് എന്നിവർക്കെതിരെയാണു കേസ്. 15,000 രൂപ മുതൽ 25,000 രൂപവരെയാണ് ഉദ്യോഗാർഥികളിൽ നിന്ന് ഇവർ ഈടാക്കിയിരുന്നത്.
ജനുവരി 13ന് ജോലിയിൽ പ്രവേശിക്കണം എന്നാവശ്യപ്പെട്ട് നൽകിയ നിയമന ഉത്തരവിൽ എച്ച്ആർ മാനേജർ പേരും ഒപ്പുമാണ് നൽകിയിരുന്നത്. എന്നാൽ ഹരീഷ് എന്ന പേരിൽ ഒരു മാനേജർ ഐബിഎമ്മിൽ ജോലി ചെയ്യുന്നില്ലെന്ന് കമ്പനി അറിയിച്ചു. കൂടുതൽ പേർ തട്ടിപ്പിനിരയായിട്ടുണ്ടെന്നും ഒളിവിൽ പോയ കമ്പനി ഉടമകൾക്കെതിരെ അന്വേഷണം ഊർജിതമാക്കിയിട്ടുണ്ടെന്നും സമ്പിഗേഹള്ളി പൊലീസ് പറഞ്ഞു.