ബെംഗളൂരു: ചിക്കബല്ലാപ്പുരിലെ വാഹനാപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കർണാടക സർക്കാർ. മരണപ്പെട്ടവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപ വീതം നൽകുമെന്ന് മുഖ്യമന്ത്രി സിദ്ധരാമയ്യ പ്രഖ്യാപിച്ചു.
വ്യാഴാഴ്ച രാവിലെ ചിക്കബല്ലാപുരയിലെ ട്രാഫിക് സ്റ്റേഷന് സമീപം ടാറ്റ സുമോ കാർ ടാങ്കർ ലോറിയിലിടിച്ചാണ് അപകടമുണ്ടായത്. കർണാടക- ആന്ധ്രാ അതിർത്തിയിലുള്ള ബാഗേപള്ളിയിൽ നിന്ന് ചിക്കബല്ലാപുരയിലേക്ക് വരികയായിരുന്ന കാർ, നിയന്ത്രണം വിട്ട് ടാങ്കറിന്റെ പിന്നിലിടിക്കുകയായിരുന്നു.
അഞ്ച് പേർ സംഭവസ്ഥലത്ത് തന്നെ മരണപ്പെട്ടിരുന്നു. മറ്റുള്ളവർ ആശുപത്രിയിൽ ചികിത്സയിലിരിക്കെ മരിച്ചു. ചിക്കബല്ലാപുരയിലെ വിവിധ മേഖലകളിലേക്ക് ജോലിയ്ക്കുള്ള ആളുകളെ കൊണ്ടുവന്ന കാറാണ് അപകടത്തിൽപ്പെട്ടത്. അനന്തപുർ ജില്ലയിലെ ഗോരന്ത സ്വദേശികളാണ് മരണപെട്ടവർ.