Home Featured വാണിജ്യ എൽപിജി വില കുറച്ചു

വാണിജ്യ എൽപിജി വില കുറച്ചു

by admin

ദില്ലി: ​​ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില കുറച്ചതിന് പിന്നാലെ വാണിജ്യ ആവശ്യത്തിനുള്ള എൽപിജി സിലിണ്ടര്‍ വിലയും കുറച്ചു.  19 കിലോ സിലിണ്ടറിന്  158 രൂപ കുറയും. തിരുവനന്തപുരത്തെ പുതിയവില 1558 രൂപയായിരിക്കും. വിലക്കുറവ് രാജ്യത്ത് പ്രാബല്യത്തിലായി. കഴിഞ്ഞ മാസം 29 ന് ചേർന്ന മന്ത്രിസഭാ യോ​ഗത്തിലാണ് ഗാർഹിക ഉപയോ​ഗത്തിനായുള്ള പാചകവാതക സിലിണ്ടറുകളുടെ വില 200 രൂപ കുറയ്ക്കാൻ തീരുമാനിച്ചത്. ഇതിന് പിന്നാലെയാണ് വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വിലക്കുറവ് പ്രഖ്യാപിച്ചിരിക്കുന്നത്. 

ആ​ഗസ്റ്റ് 30  മുതൽ പാചകവാതക വിലക്കുറവ്  പ്രാബല്യത്തിൽ എത്തിയിരുന്നു. നിലവിൽ ദില്ലിയിൽ 14.2 കിലോ സിലിണ്ടറിന് 1103 രൂപയാണ് വില. ഇത് 903 രൂപയായി കുറയും. പ്രധാന മന്ത്രി ഉജ്വൽ യോജന പദ്ധതിയിൽ ഉൾപ്പെട്ടവർക്ക് നിലവിൽ ഒരു സിലിണ്ടറിന് 200 രൂപ ഇളവ് ലഭിക്കുന്നുണ്ട്. ഇതിനു പുറമേ പ്രഖ്യാപിച്ച ഇളവും ലഭിക്കും. ഇതോടെ ബിപിഎൽ കുടുംബങ്ങൾക്ക് 703 രൂപയ്ക്ക് സിലിണ്ടർ ലഭിക്കും.

കൊവിഡ് കാലത്ത് പാചക വാതക സബ്സിഡ് സർക്കാർ ആരെയും അറിയിക്കാതെ എടുത്തു കളഞ്ഞിരുന്നു. അറുന്നൂറ് രൂപയ്ക്ക് കിട്ടിയിരുന്ന സിലിണ്ടറിന്റെ വില ഇതോടെ ആയിരത്തിനു മുകളിലെത്തി. വൻ പ്രതിഷേധം ഉയരുമ്പോഴാണ് ഇത് ചെറുതായെങ്കിലും കുറയ്ക്കാൻ സർക്കാർ തയ്യാറാവുന്നത്. 33 കോടി പേർക്ക് പുതിയ പ്രഖ്യാപനത്തിന്റെ ഗുണം കിട്ടുമെന്ന് സർക്കാർ അറിയിച്ചു. 75 ലക്ഷം പുതിയ ഉജ്വല യോജന കണക്ഷനുകൾ കൂടി നൽകാൻ തീരുമാനമെടുത്തതായും കേന്ദ്രം അറിയിച്ചു.

ഉത്രാടദിനത്തില്‍ പാല്‍ വില്‍പനയില്‍ റെക്കോര്‍ഡ്

തിരുവനന്തപുരം: ഉത്രാടദിനത്തില്‍ മില്‍മ തിരുവനന്തപുരം മേഖലാ യൂണിയന് സര്‍വകാല റെക്കോര്‍ഡ് വില്‍പന. പാല്‍ വില്‍പനയിലാണ് മില്‍മയുടെ മറ്റ് പ്രാദേശിക യൂണിയനുകളെ അപേക്ഷിച്ച് തിരുവനന്തപുരം യൂണിയന്‍ റെക്കോര്‍ഡ് വില്‍പന നടത്തിയത്. കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് ഉത്രാട ദിനത്തിലെ പാല്‍ വില്‍പനയില്‍ 21 ശതമാനത്തിന്‍റെ വന്‍ വര്‍ധനവാണ് തിരുവനന്തപുരം യൂണിയന്‍ നേടിയത്. ഉത്രാട ദിനത്തില്‍ മാത്രം 15,50,630 ലിറ്റര്‍ പാല്‍ വിറ്റഴിച്ചു. തൈരിന്‍റെ വില്‍പനയില്‍ 26 ശതമാനം വര്‍ധനയോടെ 2,40,562 കിലോയാണ് വിറ്റഴിച്ചത്.

ഓണത്തിന് 320 മെട്രിക് ടണ്‍ നെയ്യും മറ്റ് പാലുത്പന്നങ്ങളും വിറ്റഴിച്ചതിലൂടെ ടി ആര്‍ സി എം പി യു വിന്‍റെ വിറ്റുവരവ് 126 കോടി രൂപയായി. കഴിഞ്ഞ വര്‍ഷം ഈ കാലയളവില്‍ നേടിയ വിറ്റുവരവിനെക്കാള്‍ 20 ശതമാനം കൂടുതലാണിത്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, പത്തനംതിട്ട ജില്ലകള്‍ ഉള്‍പ്പെടുന്നതാണ് ടിആര്‍സിഎംപിയു.

ക്ഷീരകര്‍ഷകര്‍, മില്‍മ ജീവനക്കാര്‍, ഏജന്‍സികള്‍, വിതരണ വാഹന ജീവനക്കാര്‍ എല്ലാറ്റിനുമുപരിയായി മില്‍മയുടെ ഉപഭോക്താക്കള്‍ എന്നിവരുടെ കൂട്ടായ പ്രവര്‍ത്തനവും സഹകരണവുമാണ് മേഖലാ യൂണിയന്‍റെ നേട്ടത്തിന് കാരണമെന്ന് ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനര്‍ എന്‍. ഭാസുരാംഗന്‍ പറഞ്ഞു. ടിആര്‍സിഎംപിയു അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി കണ്‍വീനറുടെ ക്ഷീരമേഖലയിലെ വിപുലമായ അനുഭവവും പ്രോത്സാഹനവും അദ്ദേഹത്തിന്‍റെ നേതൃത്വത്തില്‍ ഉള്ള കൂട്ടായ പരിശ്രമവുമാണ് മേഖലാ യൂണിയന്‍റെ ചരിത്ര നേട്ടത്തിന് കാരണമായതെന്ന് മാനേജിംഗ് ഡയറക്ടര്‍ ഡി എസ് കോണ്ട പറഞ്ഞു.

തിരുവനന്തപുരം മേഖലാ യൂണിയന്‍റെ കീഴിലുള്ള ക്ഷീരകര്‍ഷകര്‍ക്ക് ഈ ഓണക്കാലത്ത് ലിറ്ററൊന്നിന് രണ്ടു രൂപയും ക്ഷീരസംഘങ്ങള്‍ക്ക് ലിറ്ററൊന്നിന് അന്‍പത് പൈസയുമെന്ന നിരക്കില്‍ 2.3 കോടി രൂപ മേഖലാ യൂണിയന്‍ ഇന്‍സെന്‍റീവായി വിതരണം ചെയ്തെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  ആപ്കോസ് സൊസൈറ്റികളിലെ സ്ഥിരം ജീവനക്കാര്‍ക്ക് 1500 രൂപയും താത്ക്കാലിക ജീവനക്കാര്‍ക്ക് 1000 രൂപ വീതവും മേഖലാ യൂണിയന്‍ ഓണസമ്മാനമായി നല്‍കി. ക്ഷീര സംഘങ്ങളിലെ ജീവനക്കാര്‍ക്ക് ഓണസമ്മാനം നല്‍കുന്ന കേരളത്തിലെ ഏക മേഖലാ യൂണിയനാണ് തിരുവനന്തപുരം.

You may also like

error: Content is protected !!
Join Our WhatsApp Group