ബെംഗളൂരു: കാലാവസ്ഥയിൽ കാര്യമായ മാറ്റങ്ങൾ ഉള്ള സമയമാണ് ബെംഗളൂരുവിൽ. പലപ്പോഴും അന്തരീഷം മേഘാവൃതമായിരിക്കും. ഒപ്പം നേരിയ ചാറ്റൽ മഴയും ഉണ്ടാവുന്നുണ്ട്. എന്നാൽ ജനങ്ങൾക്ക് വളരെ പ്രധാനപ്പെട്ടൊരു മുന്നറിയിപ്പ് നൽകിയിരിക്കുകയാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ്. കാലാവസ്ഥാ മാറ്റം ഒരു ശീത തരംഗത്തിലേക്കാണ് എത്തുന്നത്. നിലവിൽ പകൽ 28 ഡിഗ്രി സെൽഷ്യസും രാത്രിയിൽ 19 ഡിഗ്രി സെൽഷ്യസുമായിരിക്കും പ്രതീക്ഷിക്കാവുന്ന താപനില എന്നാണ് കാലാവസ്ഥ വകുപ്പ് പറയുന്നത്. വടക്കൻ ജില്ലകളിൽ താപനില ഇനിയും കുറയുന്നതോടെ കർണാടകയിലുടനീളം ശക്തമായ ശീതതരംഗം ഉണ്ടാകുമെന്ന് ഐഎംഡി മുന്നറിയിപ്പ് നൽകുന്നു.
ജനുവരി ഏറ്റവും തണുത്ത മാസമായിരിക്കുമെന്നാണ് കാലാവസ്ഥ വകുപ്പിൻ്റെ കണ്ടെത്തൽ. ബെംഗളൂരുവിൽ താപനില 12 ഡിഗ്രി സെൽഷ്യസും റായ്പൂർ, ബെലഗാവി, ബീദർ, കലബുർഗി, ഹാവേരി, യാദ്ഗിർ തുടങ്ങിയ വടക്കൻ ജില്ലകളിൽ താപനില 6 ഡിഗ്രി സെൽഷ്യസും കുറയാൻ സാധ്യതയുണ്ട്. വരും ആഴ്ചകളിൽ തണുപ്പ് പ്രതീക്ഷിക്കാവുന്നതാണെന്ന് കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.