ക്രിസ്മസ് അവധി അങ്ങനെ തുടങ്ങിക്കഴിഞ്ഞു. ബെംഗളൂരു മലയാളികള്‍ നാട്ടിലേക്കുള്ള യാത്രകളും തുടങ്ങി. ടിക്കറ്റ് കിട്ടിയില്ല എന്നത് ഇപ്പോഴും ഒരു പ്രതിസന്ധിയായി നിലനിൽക്കുകയാണ്. ക്രിസ്മസിന് ഇനി മൂന്നു നാലു ദിവസം കൂടി ബാക്കിയുള്ളതിനാൽ സ്പെഷ്യൽ ട്രെയിനുള് റെയിൽവേയും അധിക ബസുകൾ കെഎസ്ആർടിസിയും പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷയിലാണ് പലരും.അതേസമയം, ബെംഗളൂരുവിൽ നിന്ന് നാട്ടിലേക്ക് വരാൻ, പ്രത്യേകിച്ച് പാലക്കാട്, തൃശൂർ, മലപ്പുറം ഭാഗങ്ങളിലുള്ളവർ വന്ദേ ഭാരത് സർവീസിനെയും ആശ്രയിക്കാറുണ്ട്. ബെംഗളൂരുവിനും കോയമ്പത്തൂരിനും ഇടയിൽ സർവീസ് നടത്തുന്ന വന്ദേ ഭാരത് മലയാളികളായ യാത്രക്കാർക്ക് ഒരു ആശ്വാസമാണ്. കോയമ്പത്തൂരിലിറങ്ങിയാൽ പാലക്കാട് വഴി എളുപ്പത്തിൽ കേരളത്തിലെത്താം.
ഇപ്പോഴിതാ, ഏറ്റവും പുതിയ വിവരങ്ങളനുസരിച്ച് ബെംഗളൂരു കന്‍റോൺമെന്‍റ് – കോയമ്പത്തൂർ വന്ദേ ഭാരത് പത്ത് ദിവസം ബെംഗളൂരുവിൽ നിന്ന് വൈകി പുറപ്പെടുമെന്ന് അറിയിച്ചിരിക്കുകയാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ. ഹൊസൂർ യാർഡിലെ ഇന്‍റർലോക്കിങ് പ്രവർത്തികൾ നടക്കുന്ന സാഹചര്യത്തിലാണ് ഈ മാറ്റം. മൊത്തത്തിലുള്ള സമയക്രമത്തെ ബാധിക്കില്ലെങ്കിലും യാത്രക്കാർ സർവീസിലെ മാറ്റം അറിഞ്ഞിരിക്കണം.ട്രെയിൻ നമ്പർ 20641 ബെംഗളൂരു കന്‍റോൺമെന്‍റ് – കോയമ്പത്തൂർ വന്ദേ ഭാരത് പത്ത് ദിവസം ബെംഗളൂരുവിൽ നിന്ന് വൈകി പുറപ്പെടും. ഡിസംബർ 23, 24,25, 27, 28, 31, 2025 ജനുവരി 1, 4,5,6 തിയതികളിൽ ബെംഗളൂരു കന്‍റോൺമെന്‍റിൽ നിന്ന് 15 മിനിറ്റ് വൈകി ഉച്ചകഴിഞ്ഞ് 2.35 ന് പുറപ്പെടുമെന്നാണ് സൗത്ത് വെസ്റ്റേൺ റെയിൽവേ വാർത്താക്കുറിപ്പിൽ അറിയിച്ചിരിക്കുന്നത്.
ബെംഗളൂരു കന്‍റോൺമെന്‍റ് – കോയമ്പത്തൂർ വന്ദേ ഭാരത് സമയക്രമം: വ്യാഴാഴ്ച ഒഴികെയുള്ള ദിവസങ്ങളില്‍ ഉച്ച കഴിഞ്ഞ് 14:20 ന് ബെംഗളൂരു കന്‍റോൺമെന്‍റ് സ്റ്റേഷനിൽ നിന്ന് പുറപ്പെടുന്ന വന്ദേ ഭാരത് രാത്രി 8.25 ന് കോയമ്പത്തൂർ ജംങ്ഷനിൽ എത്തും. 377 കിമി ദൂരം 6 മണിക്കൂര് 25 മിനിറ്റിലാണ് പൂർത്തിയാക്കുന്നത്. എസി ചെയർ കാറിന് 1175 രൂപ, എക്സിക്യൂട്ടീവ് ചെയർ കാറിന് 2110 രൂപ എന്നിങ്ങനെയാണ് നിരക്ക്.