ജമ്മു കശ്മീരിലെ കിഷ്ത്വാർ ജില്ലയിലുണ്ടായ മേഘവിസ്ഫോടനത്തിലും തുടർന്നുണ്ടായ മിന്നല്‍പ്രളയത്തിലും വൻ നാശനഷ്ടങ്ങളും ജീവാപായവും.ഇതുവരെ 30 മൃതദേഹങ്ങള്‍ കണ്ടെത്തിയതായി റിപ്പോർട്ടുകള്‍ പറയുന്നു. രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. അപകടത്തില്‍ നിരവധി പേരെ കാണാതായിട്ടുണ്ട്. ഇക്കാരണത്താല്‍ തന്നെ മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്ന് അധികൃതർ അറിയിച്ചു.ദേശീയ ദുരന്ത നിവാരണ സേനയുടെ (എൻഡിആർഎഫ്) രണ്ട് ടീമുകള്‍ രക്ഷാപ്രവർത്തനങ്ങള്‍ക്കായി സ്ഥലത്തേക്ക് പോയിട്ടുണ്ട്.
കിഷ്ത്വാർ ജില്ലയിലെ ചഷോട്ടിയിലാണ് മേഘവിസ്ഫോടനം നടന്നത്. കിഷ്ത്വാറിലെ മാതാ ചണ്ഡി ക്ഷേത്രത്തിലേക്കുള്ള യാത്രയുടെ ആദ്യഘട്ടം ചഷോട്ടിയിലാണ് തുടങ്ങുക. അപകടം നടക്കുമ്ബോള്‍ സ്ഥലത്ത് തീർത്ഥാടകരുണ്ടായിരുന്നോ എന്നത് വ്യക്തമല്ല.അങ്ങേയറ്റം ദുർഘടമായ ഭൂപ്രകൃതിയിലാണ് മേഘവിസ്ഫോടനം നടന്നിരിക്കുന്നത്. മൊബൈല്‍ കണക്റ്റിവിറ്റി വളരെ കുറവാണ് ഇവിടെ. ഇക്കാരണത്താല്‍ രക്ഷാപ്രവർത്തനം ദുഷ്കരമാണ്. ലഭ്യമായ സൗകര്യങ്ങള്‍ വെച്ച് രക്ഷാപ്രവർത്തനം നടത്തുകയാണ്.