ആലപ്പുഴ: പുരവഞ്ചിയിലുണ്ടായ സംഘർഷത്തിനിടെ തമിഴ്നാട് സ്വദേശി കുഴഞ്ഞുവീണ് മരിച്ചു. ചെന്നൈ അജീസ് മുഹമ്മദ് ഗൗസ് സ്ട്രീറ്റ് ഓൾഡ് വാഷർമെൻ ഗേറ്റ് സ്വദേശി വൈ. മുഹമ്മദ് സുൽത്താൻ (48) ആണ് മരിച്ചത്.ചൊവ്വാഴ്ച രാവിലെ ഒൻപതോടെ സ്റ്റാർട്ടിങ് പോയിന്റിലായിരുന്നു സംഭവം. 30 പേരടങ്ങുന്ന വിനോദയാത്രാസംഘം കഴിഞ്ഞ ദിവസമാണ് പുരവഞ്ചി യാത്രയ്ക്കെത്തിയത്.
ചൊവ്വാഴ്ച രാവിലെ ചെക്ക് ഔട്ട് ചെയ്യുന്ന സമയത്ത് മേശയുടെ ചില്ലു പൊട്ടിയിരിക്കുന്നത് ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടിരുന്നു. ഇതോടെയാണ് ജീവനക്കാരും യാത്രക്കാരും തമ്മിൽ തർക്കവും കൈയേറ്റവുമുണ്ടായെന്ന് ടൂറിസം പോലീസ് പറഞ്ഞു. ഇതിനിടെ ഭയന്നുപോയ സുൽത്താൻ കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ കൂടെയുണ്ടായിരുന്നവർ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
തർക്കത്തിനിടെ പുരവഞ്ചി ജീവനക്കാരായ അഭിജിത്തിനും പരിക്കേറ്റെന്ന് ടൂറിസം പോലീസ് പറഞ്ഞു. കസേരകൊണ്ടുള്ള അടിയേറ്റ് തലയ്ക്കു പരിക്കേറ്റ അഭിജിത്തിനെ മെഡിക്കൽ കോളേജ് ആശുപത്രിയിലെത്തിച്ച് ചികിത്സ നൽകിയശേഷം വിട്ടയച്ചു.
ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന സുൽത്താന്റെ മൃതദേഹം പോസ്റ്റ്മോർട്ടത്തിനു ശേഷം ബന്ധുക്കൾക്കു വിട്ടു നൽകും. ഇദ്ദേഹത്തിന് മുൻപ് രണ്ടുതവണ ഹൃദയാഘാതം ഉണ്ടായിട്ടുണ്ടെന്ന് പോലീസ് പറഞ്ഞു. സംഭവത്തിൽ നോർത്ത് പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു