ബംഗളൂരു: സി.ഐ.ടി.യു അഖിലേന്ത്യ സമ്മേളനത്തിന് ബുധനാഴ്ച ബംഗളൂരുവില്‍ തുടക്കമാവും. പാലസ് മൈതാനത്തെ ഗായത്രി വിഹാറില്‍ നടക്കുന്ന സമ്മേളനത്തിന് രാവിലെ 10ന് സി.ഐ.ടി.യു പ്രസിഡന്റ് കെഹേമലത പതാകയുയര്‍ത്തും.ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ ഉദ്ഘാടനം നിര്‍വഹിക്കും. ട്രേഡ് യൂനിയന്‍ വേള്‍ഡ് ഫോറം ജനറല്‍ സെക്രട്ടറി പംപിസ് കൈറിറ്റ്സിസ് പങ്കെടുക്കും. സ്വീകരണ കമ്മിറ്റി ചെയര്‍മാന്‍ കെ. സുബ്ബറാവു സ്വാഗതവും ജനറല്‍ സെക്രട്ടറി മീനാക്ഷി സുന്ദരം നന്ദിയും പറയും.
19ന് വൈകീട്ട് നാലിന് നടക്കുന്ന സെഷനില്‍ വിപ്ലവ നേതാവ് ഏണസ്റ്റ് ചെഗുവേരയുടെ മകള്‍ ഡോ. അലയ്ഡ ഗുവേര പങ്കെടുക്കും. 22ന് ഉച്ചക്ക് ഒന്നു മുതല്‍ വൈകീട്ട് അഞ്ചുവരെ ബസവനഗുഡി നാഷനല്‍ കോളജ് മൈതാനത്ത് പ്രതിനിധി സമ്മേളനം നടക്കും.ഡോ. കെ. ഹേമലത, തപന്‍ സെന്‍, മീനാക്ഷി സുന്ദരം എന്നിവര്‍ പങ്കെടുക്കും. സി.ഐ.ടി.യു സംസ്ഥാന പ്രസിഡന്റ് എസ്. വരലക്ഷ്മി അധ്യക്ഷത വഹിക്കും.
1500 ഓളം പ്രതിനിധികള്‍ പങ്കെടുക്കും. കേരളത്തില്‍നിന്ന് മന്ത്രിമാരായ വി. ശിവന്‍കുട്ടി, വി.എന്‍. വാസവന്‍ എന്നിവരും മുന്‍ മന്ത്രിമാരായ ടി.പി. രാമകൃഷ്ണന്‍, എ.കെ. ബാലന്‍, മേഴ്സിക്കുട്ടിയമ്മ എന്നിവരുമടക്കം 624 പ്രതിനിധികള്‍ എത്തും.വിവിധ രാജ്യങ്ങളില്‍നിന്നുള്ള തൊഴിലാളി സംഘടനാ പ്രതിനിധികളും വേള്‍ഡ് ഫെഡറേഷന്‍ ഓഫ് ട്രേഡ് യൂനിയന്‍സ് പ്രതിനിധികളും പങ്കെടുക്കും.
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് കാമ്ബയിന് മോദി തുടക്കമിടും
ബംഗളൂരു: നിയമസഭ തെരഞ്ഞെടുപ്പ് അടുക്കുന്ന കര്‍ണാടകയില്‍ പ്രചാരണം മുന്നില്‍കണ്ട് വീണ്ടും പ്രധാനമന്ത്രി നരേന്ദ്ര മോദിയെത്തുന്നു.വ്യാഴാഴ്ച വിവിധ പരിപാടികളില്‍ സംബന്ധിക്കാന്‍ കല്യാണ കര്‍ണാടക മേഖലയിലെ കലബുറഗി, യാദ്ഗിര്‍ ജില്ലകളിലെത്തും. കഴിഞ്ഞയാഴ്ച ഹുബ്ബള്ളിയില്‍ ദേശീയ യുവജനോത്സവം ഉദ്ഘാടനം ചെയ്യാനെത്തിയ മോദി ഹുബ്ബള്ളി വിമാനത്താവളം മുതല്‍ പരിപാടി നടന്ന റെയില്‍വേ മൈതാനം വരെ റോഡ് ഷോ നടത്തിയിരുന്നു. സമാന റോഡ്ഷോകള്‍ കല്യാണ കര്‍ണാടക മേഖലയിലെ പരിപാടികളിലും ബി.ജെ.പി സംഘടിപ്പിച്ചേക്കും.
വ്യാഴാഴ്ച കലബുറഗി വിമാനത്താവളത്തില്‍ ഇറങ്ങുന്ന മോദി യാദ്ഗിറിലെ കൊടെകല്‍ വില്ലേജിലേക്ക് യാത്ര തിരിക്കും.നാരായണ്‍പുര ലെഫ്റ്റ് കനാല്‍ നവീകരണത്തിന് തറക്കല്ലിടുന്ന മോദി, സൂറത്ത്-ചെന്നൈ എക്സ്പ്രസ് പാതയുടെ മൂന്നാം പാക്കേജിനും തറക്കല്ലിടും. 1050 കോടി ചെലവിട്ട് യാദ്ഗിറിലെ ബസവ സാഗര്‍ ഡാമില്‍ നിര്‍മിച്ച 356 ഓട്ടോമേറ്ററഡ് ഗേറ്റുകളുടെ ഉദ്ഘാടനവും മോദി നിര്‍വഹിക്കും. മോദിയുടെ സന്ദര്‍ശനം പ്രമാണിച്ച് യാദ്ഗിര്‍ ഹുനസാഗിയില്‍ വിദ്യാലയങ്ങള്‍ക്ക് അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ഇവിടെനിന്ന് കലബുറഗിയിലെത്തുന്ന പ്രധാനമന്ത്രി, മുളകേഡയില്‍ പുതുതായി നിര്‍മിച്ച റവന്യൂ വില്ലേജുകള്‍ക്ക് രേഖകള്‍ കൈമാറുന്ന ചടങ്ങിലും പങ്കെടുക്കും. ഗുജറാത്തില്‍ പയറ്റിയതുപോലെ, തുടര്‍ച്ചയായി കര്‍ണാടകയില്‍ മോദിയുടെ സന്ദര്‍ശനംകൊണ്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ മുന്നിലെത്തുകയാണ് ബി.ജെ.പി ലക്ഷ്യമിടുന്നത്.പിന്നാക്ക വിഭാഗക്കാര്‍ ഏറെയുള്ള മേഖലയാണ് കല്യാണ കര്‍ണാടക. ഹൈദരാബാദ്-കര്‍ണാടക എന്ന പേരില്‍ അറിയപ്പെട്ടിരുന്ന മേഖലയെ അടുത്തിടെയാണ് കല്യാണ കര്‍ണാടക എന്ന് പുനര്‍നാമകരണം ചെയ്തത്.
ബിദര്‍, കലബുറഗി, റായ്ച്ചൂര്‍, യാദ്ഗര്‍, ബെള്ളാരി, വിജയനഗര, കൊപ്പാല്‍ ജില്ലകളാണ് ഈ മേഖലയില്‍ ഉള്‍പ്പെടുന്നത്. സംസ്ഥാനത്തെതന്നെ ഏറ്റവും പിന്നാക്ക ജില്ലകളായി അറിയപ്പെടുന്നവയാണ് കല്യാണ കര്‍ണാടകയിലുള്ളത്.കോണ്‍ഗ്രസ് ദേശീയ അധ്യക്ഷന്‍ മല്ലികാര്‍ജുന ഖാര്‍ഗെയുടെ തട്ടകമായ കലബുറഗിയില്‍ ഇത്തവണ പ്രചാരണം കൊഴുപ്പിക്കാനാണ് ബി.ജെ.പി നീക്കം. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ കലബുറഗി മണ്ഡലത്തില്‍ ഖാര്‍ഗെയെ തോല്‍പിച്ച ഡോ. ഉമേഷ് യാദവാണ് ഇതിന് ചുക്കാന്‍പിടിക്കുന്നത്.
ഉമേഷ് യാദവിന്റെ മകന്‍ ജില്ലയില്‍നിന്നുള്ള ബി.ജെ.പി എം.എല്‍.എ കൂടിയാണ്. മല്ലികാര്‍ജുന ഖാര്‍ഗെയുടെ മകനും കോണ്‍ഗ്രസ് എം.എല്‍.എയുമായ പ്രിയങ്ക് ഖാര്‍ഗെയുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസും കാര്യമായ പ്രചാരണങ്ങള്‍ക്ക് പദ്ധതിയിടുന്നതോടെ കലബുറഗി ഇത്തവണ ശ്രദ്ധാകേന്ദ്രമാവും. ഇത് മുന്നില്‍കണ്ടാണ് ബി.ജെ.പി നരേന്ദ്ര മോദിയെത്തന്നെ രംഗത്തിറക്കുന്നത്.ബെള്ളാരിയിലെ പ്രബലനായ ഗാലി ജനാര്‍ദന റെഡ്ഡി പുതിയ രാഷ്ട്രീയ പാര്‍ട്ടി രൂപവത്കരിച്ചതോടെ ബി.ജെ.പി വോട്ട് ചോര്‍ച്ച ഭയപ്പെടുന്നുണ്ട്.
പ്രത്യേകിച്ചും പിന്നാക്കവിഭാഗ വോട്ടുകള്‍ നിര്‍ണായകമാവുന്ന കല്യാണ കര്‍ണാടക മേഖലയില്‍. ലിംഗായത്ത് വോട്ടുകള്‍ക്കപ്പുറം പിന്നാക്കവോട്ടുകള്‍കൂടി നേടാന്‍ കഴിഞ്ഞാലേ മേഖലയില്‍ ബി.ജെ.പിക്ക് മുന്നേറാനാകൂ. എന്നാല്‍, ഈ മേഖല പൊതുവേ കോണ്‍ഗ്രസിന് വേരോട്ടമുള്ള മണ്ണാണെന്നത് തിരിച്ചറിഞ്ഞാണ് ബി.ജെ.പി തുറുപ്പുശീട്ടിറക്കുന്നത്.