Home Featured കഫ് സിറപ്പ് കഴിച്ച രണ്ട് കുട്ടികള്‍ മരിച്ചു; മരുന്ന് സുരക്ഷിതമെന്ന് തെളിയിക്കാൻ കഴിച്ച ഡോക്ടര്‍ ബോധരഹിതനായി ആശുപത്രിയില്‍

കഫ് സിറപ്പ് കഴിച്ച രണ്ട് കുട്ടികള്‍ മരിച്ചു; മരുന്ന് സുരക്ഷിതമെന്ന് തെളിയിക്കാൻ കഴിച്ച ഡോക്ടര്‍ ബോധരഹിതനായി ആശുപത്രിയില്‍

by admin

സ്വകാര്യ കമ്ബനി നിർമിച്ച കഫ് സിറപ്പ് കഴിച്ച്‌ രണ്ട് കുട്ടികള്‍ മരിച്ചു. കഴിഞ്ഞ രണ്ടാഴ്ചക്കിടെ സിറപ്പ് കഴിച്ച 10 കുട്ടികളാണ് ദേഹാസ്വാസ്ഥ്യത്തെ തുടർന്ന് ചികിത്സ തേടിയത്.മരുന്ന് സുരക്ഷിതമെന്ന് തെളിയിക്കാൻ ഒരു ഡോസ് കഴിച്ച ഡോക്ടറെ എട്ട് മണിക്കൂറിന് ശേഷം കാറില്‍ ബോധരഹിതനായി കാണപ്പെട്ടതിനെ തുടർന്ന് ആശുപത്രിയിലാക്കി.സർക്കാറിനായി കൈസണ്‍ ഫാർമ എന്ന കമ്ബനി പുറത്തിറക്കിയ ഡിക്‌സ്‌ത്രോമെതോർഫൻ ഹൈഡ്രോബ്രോമൈഡ് സംയുക്തമടങ്ങിയ സിറപ്പ് കഴിച്ചതാണ് ആരോഗ്യപ്രശ്‌നങ്ങള്‍ക്ക് കാരണമായത്. മരുന്ന് കഴിച്ച അഞ്ച് വയസുകാരൻ തിങ്കളാഴ്ച മരിച്ചതോടെയാണ് വിഷയം ചർച്ചയായത്.

സികാർ ജില്ലയിലെ നിതിൻ എന്ന അഞ്ച് വയസുകാരനെ ചുമയും ജലദോഷവും മൂലമാണ് മാതാപിതാക്കള്‍ ഞായറാഴ്ച രാത്രി കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ എത്തിച്ചത്. ഡോക്ടറുടെ നിർദേശപ്രകാരം രാത്രി 11.30നാണ് കുട്ടിക്ക് കഫ് സിറപ്പ് നല്‍കിയത്. പുലർച്ചെ മൂന്ന് മണിയോടെ എണീറ്റ കുട്ടിക്ക് അമ്മ വെള്ളം നല്‍കി. വീണ്ടും ഉറങ്ങിയ കുട്ടി പിന്നെ ഉണർന്നില്ല. തിങ്കളാഴ്ച രാവിലെയോടെ കുട്ടിയെ സർക്കാർ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

നിതിൻ മരിച്ച വാർത്ത പുറത്തുവന്നതോടെയാണ് സെപ്റ്റംബർ 22ന് സിറപ്പ് കഴിച്ച രണ്ട് വയസുകാരനായ മറ്റൊരു കുട്ടിയും മരിച്ചതായി മാതാപിതാക്കള്‍ പറഞ്ഞത്. ഭരത്പൂരിലെ മല്‍ഹ ഗ്രാമത്തിലെ സാമ്രാട്ട് ജാതവ് ആണ് മരിച്ചത്. സാമ്രാട്ട്, സഹോദരി സാക്ഷി, കസിൻ വിരാട് എന്നിവർക്ക് ഒരുമിച്ചാണ് ചുമയും ജലദോഷവും വന്നത്. സെപ്റ്റംബർ 22ന് മാതാവ് ജ്യോതി മൂന്ന് കുട്ടികളെയും ഹെല്‍ത്ത് സെന്ററില്‍ കൊണ്ടുപോയി. അവിടെ നിന്ന് കൈസണ്‍ ഫാർമയുടെ കഫ് സിറപ്പ് നല്‍കി.

അഞ്ച് മണിക്കൂറുകള്‍ കഴിഞ്ഞിട്ടും കുട്ടികള്‍ എഴുന്നേല്‍ക്കാത്തതിനെ തുടർന്ന് മാതാവ് മൂന്നുപേരെയും തട്ടിവിളിച്ചു. സാക്ഷിയും വിരാടും ഉണർന്ന ഉടൻ ഛർദിച്ചു. എന്നാല്‍ സാമ്രാട്ട് അബോധാവസ്ഥയില്‍ തുടരുകയായിരുന്നു. സാമ്രാട്ടിനെ ഭരത്പൂരിലെ ആശുപത്രിയിലും പിന്നീട് ജയ്പൂരിലെ ജെകെ ലോണ്‍ ആശുപത്രിയിലും എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.സെപ്റ്റംബർ 24ന് ബയാനയിലെ മൂന്ന് വയസുകാരനായ ഗഗൻ കുമാറിന് കഫ് സിറപ്പ് കഴിച്ചതിനെ തുടർന്ന് ദേഹാസ്വാസ്ഥ്യമുണ്ടായി.

ഇതിനെതിരെ പരാതി ഉയർന്നതോടെ മരുന്ന് സുരക്ഷിതമെന്ന് തെളിയിക്കാൻ ഡോ. താരാചന്ദ് യോഗി സിറപ്പ് കഴിക്കുകയായിരുന്നു. ആംബുലൻസ് ഡ്രൈവർക്കും ഒരു ഡോസ് മരുന്ന് കൊടുത്തു. തുടർന്ന് കാറില്‍ മടങ്ങിയ ഡോക്ടറെ കുറിച്ച്‌ ദീർഘനേരം വിവരമൊന്നും ലഭിക്കാത്തതിനാല്‍ കുടുംബം മൊബൈല്‍ ലൊക്കേഷൻ ട്രാക്ക് ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കാറില്‍ ബോധരഹിതനായ നിലയില്‍ കണ്ടെത്തിയത്. ആംബുലൻസ് ഡ്രൈവർക്കും സമാനമായ അസ്വസ്ഥതകള്‍ ഉണ്ടായതിനെ തുടർന്ന് ചികിത്സ തേടി.

You may also like

error: Content is protected !!
Join Our WhatsApp Group