ബെംഗളൂരു: നമ്മ മെട്രോ ആർവി റോഡ്-ബൊമ്മസന്ദ്ര പാതയിലേക്കുള്ള ഡ്രൈവറില്ലാ ട്രെയിൻ കാത്തിരിപ്പിനൊടുവിൽ, ചൈനയിൽ നിന്ന് ചെന്നൈ തുറമുഖത്ത് എത്തി. കസ്റ്റംസ് അനുമതി ലഭിച്ചതിനു ശേഷം ഇന്നു കോച്ചുകൾ റോഡ് മാർഗം ബെംഗളൂരുവിലേക്കുള്ള യാത്ര ആരംഭിക്കുമെന്ന് ബിഎംആർസി അറിയിച്ചു.
മാസാവസാനത്തോടെ ഇലക്ട്രോണിക് സിറ്റിക്കു സമീപമുള്ള ഹെബ്ബഗോഡി ഡിപ്പോയിൽ ഇവ എത്തുമെന്ന് പ്രതീക്ഷിക്കുന്നതായി ബിഎംആർസി ചീഫ് പിആർഒ യശ്വന്ത് ചവാൻ പറഞ്ഞു. 4 മാസം നീണ്ടുനിൽക്കുന്ന 37 പരീക്ഷണങ്ങൾക്കു ശേഷമാകും പുതിയ പാതയിൽ ട്രെയിൻ ഓടിച്ചുള്ള പരീക്ഷണം ആരംഭിക്കുക. 45 ദിവസം നീണ്ടുനിൽക്കുന്ന സിഗ്‌നലിങ് പരീക്ഷണവും ഇതിനു ശേഷം നടക്കും.
പാതയുടെയും മെട്രോ സ്റ്റേഷൻ്റെയും നിർമാണവും ഏറെക്കുറേ പൂർത്തിയായെങ്കിലും ട്രെയിനിൻ്റെ വരവ് വൈകുകയായിരുന്നു.
ഇവ പ്രവർത്തിപ്പിക്കാൻ ബിഎംആർസി ജീവനക്കാർക്കു പരിശീലനം നൽകുന്നതിനുള്ള ചൈനീസ് വിദഗ്ധസംഘത്തിനു വീസ ലഭിക്കുന്നതിനു കാലതാമസമുണ്ടായത് ഉൾപ്പെടെയാണ് തിരിച്ചടിയായത്.
സർവീസ് നടത്തുന്നതിനായി കൊൽക്കത്തയിലെ ടിറ്റഗർ റെയിൽ സിസ്റ്റംസ് ലിമിറ്റഡ് നിർമിച്ച 216 ട്രെയിൻ കോച്ചുകൾ ബിഎംആർസിക്കു ലഭിച്ചിട്ടുണ്ട്.
പ്രതിദിനം 3 ലക്ഷത്തോളം പേർക്കു പ്രയോജനപ്പെടുമെന്നു പ്രതീക്ഷിക്കുന്ന സർവീസുകൾ വർഷം തുടങ്ങിയേക്കുമെന്നാണ് ബിഎംആർസി അധികൃതർ നൽകുന്ന സൂചന. ഇലക്ട്രോണിക് സിറ്റിയിലെ രൂക്ഷമായ ഗതാഗതക്കുരുക്കിനു പരിഹാരമാകുമെന്ന് പ്രതീക്ഷിക്കുന്ന പാതയാണിത്. 19 കിലോമീറ്റർ പാതയിൽ 16 സ്റ്റേഷനുകളാണുള്ളത്.