Home പ്രധാന വാർത്തകൾ കുട്ടികള്‍ ബോഡി ഷെയിമിങ്ങും ലൈംഗിക മുൻവിധികളും എന്തെന്ന് പഠിക്കും; കര്‍ണാടകയിലെ പുതിയ പാഠപുസ്തകം ചര്‍ച്ചയാകുന്നു

കുട്ടികള്‍ ബോഡി ഷെയിമിങ്ങും ലൈംഗിക മുൻവിധികളും എന്തെന്ന് പഠിക്കും; കര്‍ണാടകയിലെ പുതിയ പാഠപുസ്തകം ചര്‍ച്ചയാകുന്നു

by admin

ബെംഗളൂരു: രാജ്യത്തിനു തന്നെ മാതൃകയായേക്കാവുന്ന പരിഷ്കരണങ്ങള്‍ പാഠപുസ്തകങ്ങളില്‍ വരുത്താൻ തയ്യാറെടുക്കുകയാണ് കർണാടക സർക്കാർ.സംസ്ഥാനത്തെ സ്കൂളുകളില്‍ ഇതുവരെ സംസാരിക്കാൻ പോലും മടി കാണിച്ചിരുന്ന വിഷയങ്ങള്‍ പഠിപ്പിക്കാനെടുക്കും. മൂല്യപരമായ വിദ്യാഭ്യാസം കുട്ടികള്‍ക്ക് പാഠപുസ്തകങ്ങളിലൂടെ നല്‍കുക എന്നതാണ് ലക്ഷ്യം.ലിംഗപരമായ മുൻധാരണകള്‍, ട്രാൻസ്ജെൻഡർ വ്യക്തിത്വങ്ങളെ അംഗീകരിക്കല്‍, കൗമാരകാല പ്രശ്നങ്ങള്‍, വൈകാരിക സുരക്ഷ, കുട്ടികള്‍ക്കെതിരായ അതിക്രമങ്ങള്‍, ബോഡി ഷെയിമിങ് തുടങ്ങിയ വിഷയങ്ങള്‍ പഠിപ്പിക്കും. ഈ വിഷയങ്ങളെല്ലാം പ്രവർത്തനങ്ങളെ അടിസ്ഥാനമാക്കിയാണ് അവതരിപ്പിക്കുക. ഈ പാഠപുസ്തകങ്ങളുടെ ഡിജിറ്റല്‍ പതിപ്പ് നവംബർ 14-ന് പുറത്തിറങ്ങി. സംസ്ഥാന വിദ്യാഭ്യാസ ഗവേഷണ-പരിശീലന വകുപ്പ് (DSERT) ആണ് എൻ‌ജി‌ഒകളുമായി ചേർന്ന് പാഠങ്ങള്‍ തയ്യാറാക്കിയത്.പുതിയ കാലത്തെ മൂല്യവയ്വസ്ഥകളെയാണ് പാഠങ്ങള്‍ ഉള്‍ക്കൊള്ളുന്നത്. ഈ പുസ്തകത്തെ വ്യത്യസ്തമാക്കുന്നത് ഓരോ മൂല്യവും പ്രവർത്തനങ്ങളിലൂടെ വിശദീകരിക്കുന്ന രീതിയാണ്. കുട്ടികള്‍ക്ക് അനുഭവങ്ങളിലൂടെ മൂല്യങ്ങള്‍ മനസ്സിലാക്കാൻ സഹായിക്കുന്നു. ഡിജിറ്റല്‍ സുരക്ഷ, ഭക്ഷ്യസുരക്ഷ, അവയവദാനം തുടങ്ങിയ പുതിയ കാലഘട്ടത്തിലെ മൂല്യങ്ങളും ഇതില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.കൗമാരത്തിലെ ശാരീരികവും മാനസികവുമായ മാറ്റങ്ങളെക്കുറിച്ചും ലിംഗപരമായ വേർതിരിവുകളെക്കുറിച്ചും പുസ്തകം വ്യക്തമായി വിശദീകരിക്കുന്നുണ്ട്. പലപ്പോഴും ‘ആണത്തം’ ഇല്ലെന്നും, ശക്തരല്ലെന്നുമെല്ലാം ചൂണ്ടിക്കാട്ടി കുട്ടികള്‍ ആക്രമിക്കപ്പെടുന്നുണ്ടെന്ന് പത്താംക്ലാസിലെ പാഠപുസ്തകം പറയുന്നു. സമൂഹം അടിച്ചേല്‍പ്പിക്കുന്ന ലിംഗപരമായ റോളുകള്‍ അനുസരിച്ച്‌ ജീവിക്കാത്തവരെ പരിഹസിക്കുകയോ ഭീഷണിപ്പെടുത്തുകയോ ശിക്ഷിക്കുകയോ ചെയ്യുന്ന പ്രവണത തെറ്റാണെന്നും പത്താം ക്ലാസിലെ പാഠപുസ്തകത്തില്‍ പറയുന്നു.ട്രാൻസ്ജെൻഡർ വ്യക്തിത്വങ്ങളെക്കുറിച്ചുള്ള പാഠനും പുസ്തകത്തിലുണ്ട്. ജനനസമയത്ത് നിർവചിക്കപ്പെട്ട ലിംഗവും, വ്യക്തി സ്വയം തിരിച്ചറിഞ്ഞ ലിംഗവും വ്യത്യസ്തമായിരിക്കുന്നവരെയാണ് ട്രാൻസ് വ്യക്തികളായി വിശേഷിപ്പിക്കുന്നതെന്നത് ഈ പാഠത്തില്‍ പഠിപ്പിക്കുന്നു. അന്തസ്സ്, സമത്വം, സഹാനുഭൂതി തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കുന്നതാണ് പാഠങ്ങള്‍. കൗമാരക്കാർക്ക് പരസ്പരം ഇഷ്ടങ്ങള്‍ തോന്നുന്നതിനെക്കുറിച്ചും, ഓരോരുത്തരും വ്യക്തിപരമായ അതിരുകള്‍ മനസ്സിലാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചുമൊക്കെ പാഠങ്ങള്‍ ചർച്ച ചെയ്യുന്നുണ്ട്.ശരീരത്തിന്റെ നിറത്തെക്കുറിച്ചുള്ള കളിയാക്കലുകള്‍, ഭാഷാപരമായ വൈവിധ്യങ്ങളെ ചൂണ്ടിക്കാട്ടിയുള്ള പരിഹാസങ്ങള്‍, ശാരീരികമായ ഭിന്നശേഷികളെ താഴ്ത്തിപ്പറയല്‍ തുടങ്ങിയ പ്രശ്നങ്ങളും പാഠങ്ങള്‍ കുട്ടികള്‍ക്കായി ചർച്ചക്ക് വെക്കുന്നു.നേരത്തേ തന്നെ തുടങ്ങിയ ചർച്ചകള്‍ക്കൊടുവിലാണ് ഈ വിഷയങ്ങള്‍ പാഠ പുസ്തകങ്ങളിലേക്ക് എത്തുന്നത് എന്നത് ശ്രദ്ധേയമാണ്. കേരളമടക്കമുള്ള സംസ്ഥാനങ്ങള്‍ ഇത്തരം വിഷയങ്ങള്‍ കുട്ടുകളെ പഠിപ്പിക്കാനുള്ള ചർച്ചകള്‍ നടത്തുന്നുണ്ടെങ്കിലും പ്രായോഗിക തലത്തില്‍ എവിടെയും എത്തിയിട്ടില്ല.

You may also like

error: Content is protected !!
Join Our WhatsApp Group