ന്യൂഡൽഹി: ചൈനക്കാരായ മൊമോസിനോട് പ്രിയമില്ലാത്ത ഇന്ത്യക്കാർ വളരെ ചുരുക്കമാണ്. ചിക്കന്റെയോ പനിറിന്റെയോ കാബേജിന്റെയോ ഒക്കെ കൂട്ട് പച്ചമുളകിന്റെയും കുരുമുളങ്കിന്റെയും മേമ്പൊടിയോടെ മൈദ മാവിൽ പൊതിഞ്ഞ് ആവിയിൽ വേവിച്ചെടുക്കുന്ന രുചികരമായ ഈ ഐറ്റം ഏവരുടെയും പ്രിയപ്പെട്ടതിൽ ഒന്നു കൂടിയാണ്.
എന്നാൽ ഈ ഭക്ഷണം കഴിക്കുന്നതിലെ അപകടം കൂടി വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് ഡൽഹി എയിംസ്. അടുത്തിടെ മൊമോസ് വീഴുങ്ങി ഒരാൾ മരിച്ച പശ്ചാത്തലത്തിലാണ് മുന്നറിയിപ്പുമായി എയിംസ് രംഗത്ത് വന്നിരിക്കുന്നത്. തെക്കൻ ഡൽഹിയിലെ അൻപതുകാരനാണ് കഴിഞ്ഞദിവസം മൊമോസ് കഴിക്കുന്നതിനിടെ തൊണ്ടയിൽ കുടുങ്ങി മരിച്ചത്. ‘സൂക്ഷിച്ച് ചവച്ചരച്ച് കഴിക്കണമെന്നാണ്’ എയിംസിന്റെ നിർദേശം.
മൊമോസിന്റെ വഴുവഴുത്ത പ്രകൃതവും ചെറിയ ആകൃതിയും കാരണം കഴിക്കുന്നതിനിടെ വിഴുങ്ങിപ്പോകാൻ സാധ്യത കൂടുതലാണ്. ഇത് അപകടത്തിലേയ്ക്ക് വഴിവെയ്ക്കുമെന്ന് ആരോഗ്യവിദഗ്ധർ പറഞ്ഞു. മൈദാ മാവിലുള്ള പലഹാരമായതിനാൽത്തന്നെ ഇവ വിഴുങ്ങിയാൽ തൊണ്ടയിൽ തടയാനും സാധ്യതയുണ്ട്. അതിനാൽ വളരെ കരുതലോടെ മൊമോസ് കഴിക്കണമെന്നാണ് ആരോഗ്യവിദഗ്ധർ നിർദേശിച്ചിരിക്കുന്നത്.