ചെന്നൈ: ദക്ഷിണേന്ത്യയിലെ മെട്രോ നഗരങ്ങളായ ചെന്നൈയെയും ബെംഗളൂരുവിനെയും ബന്ധിപ്പിച്ച് ഒരുക്കുന്ന എക്സ്പ്രസ് വേ പദ്ധതി അടുത്തവര്‍ഷം ജൂലായ്യോടെ പൂര്‍ത്തിയാക്കി യാത്രികര്‍ക്കു തുറന്നുകൊടുക്കും. ഇതോടെ വെറും രണ്ടര മണിക്കൂറിനുള്ളില്‍ ചെന്നൈ-ബെംഗളൂരു യാത്ര നടത്താനാവും. 15,188 കോടിരൂപയാണ് നിര്‍മാണച്ചെലവ്. അതിവേഗപാത വരുന്നതോടെ നിലവില്‍ അഞ്ചുമുതല്‍ ആറു മണിക്കൂര്‍വരെ എടുക്കുന്ന യാത്രാസമയം പകുതിയില്‍ താഴെയായി കുറയും. 262 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള പാതയിലൂടെ വാഹനങ്ങള്‍ക്ക് മണിക്കൂറില്‍ 120 കിലോമീറ്റര്‍ വരെ വേഗതയില്‍ സഞ്ചരിക്കാന്‍ സാധിക്കും.

ഗതാഗതം തുടങ്ങുന്നതോടെ ഇരുനഗരങ്ങളും തമ്മിലുള്ള സാമൂഹികവും സാമ്പത്തികവുമായ ബന്ധം ശക്തിപ്പെടും. ചരക്കുഗതാഗതം വേഗത്തിലാക്കാനും സഹായിക്കും. യാത്രാവേഗം കുറയുന്നത് ഇരു നഗരങ്ങളെയും കൂടുതല്‍ അടുപ്പിക്കും. 2022-ലാണ് നിര്‍മാണ ജോലികള്‍ തുടങ്ങിയത്. 2024-ല്‍ പൂര്‍ത്തിയാക്കാന്‍ ലക്ഷ്യമിട്ടിരുന്നതാണെങ്കിലും ഭൂമിയേറ്റെടുക്കല്‍ ഉള്‍പ്പടെയുള്ള കാരണങ്ങളാല്‍ വൈകി. കര്‍ണാടക, ആന്ധ്രാപ്രദേശ്, തമിഴ്നാട് സംസ്ഥാനങ്ങളിലായി ഘട്ടംഘട്ടമായാണ് നിര്‍മാണം. കര്‍ണാടകയില്‍ ഭൂമി ഏറ്റെടുക്കാന്‍ കാലതാമസവും നഷ്ടപരിഹാരത്തെക്കുറിച്ചുള്ള തര്‍ക്കങ്ങളും തുടര്‍ന്നുള്ള പ്രതിധേഷവുമുണ്ടായി. തമിഴ്നാട്ടിലാകട്ടെ കുന്നുകള്‍ നിരപ്പാക്കുന്നതും പാറക്കെട്ടുകള്‍ ഉള്ളതിനാലും ഏറെ സമയമെടുത്തു. ആന്ധ്രാപ്രദേശിലെ തടസം പരിസ്ഥിതി അനുമതി കിട്ടാനുള്ള കാലതാമസമായിരുന്നു.