Home Featured വ്യാപക വിമര്‍ശനം; രോഗിയുടെ കുടുംബം സമ്മാനിച്ച ഇന്നോവ ക്രിസ്റ്റ കാർ ചാരിറ്റി പ്രവര്‍ത്തകൻ തിരികെ നല്‍കി

വ്യാപക വിമര്‍ശനം; രോഗിയുടെ കുടുംബം സമ്മാനിച്ച ഇന്നോവ ക്രിസ്റ്റ കാർ ചാരിറ്റി പ്രവര്‍ത്തകൻ തിരികെ നല്‍കി

by admin

എസ്‌എംഎം ബാധിച്ച കുട്ടിയുടെ ചികിത്സയ്ക്കായി ഓണ്‍ലൈന്‍ ചാരിറ്റിയിലൂടെ മൂന്ന് കോടി രൂപ സമാഹരിച്ചു നല്‍കിയതിന് രോഗിയുടെ കുടുംബം സമ്മാനിച്ച ഇന്നോവ ക്രിസ്റ്റ കാര്‍ തിരികെ നല്‍കി ചാരിറ്റി പ്രവര്‍ത്തകന്‍ ഷമീര്‍ കുന്നമംഗംലം.സമ്മാനം കൈപറ്റിയതിനെതിരെ വ്യാപകമായ വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെയാണ് ഷമീര്‍ കുന്നമംഗലം കാര്‍ തിരികെ നല്‍കിയത്. ഇന്നലെ വൈകിട്ട് കൊണ്ടോട്ടി മുതുപറമ്ബ് ബദര്‍ മസ്ജിദിന് മുന്‍വശത്ത് വെച്ചാണ് കാറിന്റെ താക്കോല്‍ രോഗിയുടെ കുടുംബത്തിന് തിരികെ നല്‍കിയത്.കാര്‍ സ്വീകരിക്കുന്നതില്‍ തനിക്ക് ജാഗ്രതക്കുറവുണ്ടായെന്നും ആ കാറില്‍ സമാധാനത്തോടെ സഞ്ചരിക്കാന്‍ കഴിയില്ലെന്നും താക്കോല്‍ തിരികെ നല്‍കിക്കൊണ്ട് ഷമീര്‍ കുന്നമംഗലം പറഞ്ഞു.

കാര്‍ സമ്മാനമായി സ്വീകരിച്ച തന്റെ നടപടി ആരെയെങ്കിലും വേദനപ്പിച്ചിട്ടുണ്ടെങ്കില്‍ മാപ്പ് ചോദിക്കുന്നതായും അദ്ദേഹം പറഞ്ഞു. കാറിന്റെ താക്കോല്‍ തന്നപ്പോള്‍ വേദിയില്‍ വെച്ചു തന്നെ താന്‍ അതിനെ എതിര്‍ക്കേണ്ടതായിരുന്നുവെന്നും എന്നാല്‍ കുടുംബത്തിന് പ്രയാസമാകും എന്നതിനാലാണ് അത് ചെയ്യാതിരുന്നത് എന്നും ഷമീര്‍ കുന്നമംഗലം പറയുന്നു.ഫെബ്രുവരി 27ന് കൊണ്ടോട്ടി മുണ്ടക്കുളം മലബാര്‍ ഓഡിറ്റോറിയത്തില്‍ വെച്ചു നടന്ന ഷാമില്‍ മോന്‍ ചികിത്സ സഹായ സമിതിയുടെ കണക്ക് അവതരണ ചടങ്ങിലാണ് രോഗിയുടെ കുടുംബം ഷമീര്‍ കുന്നമംഗലത്തിന് കാറിന്റെ താക്കോല്‍ കൈമാറിയത്. കൊണ്ടോട്ടി എംഎല്‍എ ടി വി ഇബ്രാഹിം ഉള്‍പ്പെടെയുള്ളവര്‍ പരിപാടിയില്‍ പങ്കെടുത്തിരുന്നു.

പിന്നാലെ കാര്‍ സമ്മാനമായി സ്വീകരിച്ച ഷമീര്‍ കുന്നമംഗലത്തിനെതിരെ ശക്തമായ വിമര്‍ശനവും ഉയര്‍ന്നു. ഇന്നോവ ക്രിസ്റ്റ പോലുള്ളൊരു കാര്‍ സമ്മാനമായി നല്‍കാന്‍ കഴിവുള്ള കുടുംബത്തിന് വേണ്ടിയാണോ പൊതുജനങ്ങളില്‍ നിന്ന് പണം പിരിച്ചത് എന്നാണ് വിമര്‍ശകരുടെ ചോദ്യം. വലിയ തുക ചികിത്സക്ക് ആവശ്യമുള്ള കുടുംബത്തില്‍ നിന്ന് കാര്‍ സമ്മാനമായി സ്വീകരിച്ചതും വിമര്‍ശനത്തിന് കാരണമായി.തുടക്കത്തിലെ വിമര്‍ശനങ്ങള്‍ക്ക് പിന്നാലെ സംഭവത്തില്‍ വിശദീകരണവുമായി ഷമീര്‍ കുന്നമംഗലം രംഗത്തെത്തിയിരുന്നു. ഷാമില്‍മോന് വേണ്ടി പിരിച്ചെടുത്ത തുകയില്‍ നിന്ന് ഒരു രൂപ പോലും ഈ കാറിന് വേണ്ടി ഉപയോഗപ്പെടുത്തിയിട്ടില്ലെന്നായിരുന്നു നേരത്തെ ഷമീര്‍ കുന്നമംഗലം ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്.

തന്റെ പഴയ കാര്‍ ഇത്തരത്തിലുള്ള നിരവധി ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തി കേടായിട്ടുണ്ടെന്നും പല തവണ വഴിയില്‍ ബ്രേക്ക് ഡൗണായിട്ടുണ്ടെന്നും ഷമീര്‍ പറഞ്ഞിരുന്നു. രോഗിയുടെ കുടുംബം പിരിവിട്ടാണ് തനിക്ക് കാര്‍ സമ്മാനിച്ചതെന്നും അത് പുതിയ കാര്‍ അല്ലെന്നുമായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.ഏകദേശം 12 ലക്ഷം രൂപ മാത്രം വില വരുന്ന 2017 മോഡല്‍ കാറാണ് രോഗിയുടെ കുടുംബം തനിക്ക് സമ്മാനിച്ചതെന്നും വിമര്‍ശകര്‍ പങ്കുവെച്ച ചിത്രത്തിലുള്ള ‘ജസ്റ്റ് ഡെലിവേര്‍ഡ്’ എന്ന് രേഖപ്പെടുത്തിയത് തെറ്റിദ്ധരിപ്പിക്കുന്നതാണെന്നും അദ്ദേഹം പറഞ്ഞു.എന്നാല്‍ ഈ വിശദീകരണങ്ങള്‍ക്കൊന്നും പ്രതിഷേധങ്ങളെ തണുപ്പിക്കാനാകാതെ വന്നതോടെയാണ് കഴിഞ്ഞ ദിവസം ഷമീര്‍ കുന്നമംഗലം കാര്‍ തിരികെ നല്‍കിയത്.

You may also like

error: Content is protected !!
Join Our WhatsApp Group