ബംഗളൂരു: ചാന്ദ്രയാൻ -3 ദൗത്യത്തിലെ നിര്‍ണായകഘട്ടമായ പ്രൊപ്പല്‍ഷൻ മൊഡ്യൂളും ലാൻഡര്‍ മൊഡ്യൂളും തമ്മിലുള്ള വേര്‍പെടല്‍ വിജയകരം. ചന്ദ്രന്‍റെ വലം വെക്കുകയായിരുന്ന പേടകത്തിലെ പ്രൊപ്പല്‍ഷൻ മൊഡ്യൂളില്‍ നിന്ന് 33 ദിവസത്തിനു ശേഷമാണ് ലാൻഡറും റോവറും ഉള്‍പ്പെടുന്ന ലാൻഡിങ് മൊഡ്യൂള്‍ വേര്‍പ്പെട്ടത്.
വരും ദിവസങ്ങളില്‍ പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍ ചന്ദ്രനെ വലംവെക്കുമ്ബോള്‍ ലാൻഡിങ് മെഡ്യൂല്‍ ചന്ദ്രന്‍റെ ഉപരിതലത്തില്‍ സോഫ്റ്റ് ലാൻഡിങ് ചെയ്യാനുള്ള ശ്രമത്തിലായിരിക്കും.
നിലവില്‍ 153 കിലോമീറ്റര്‍ അടുത്തും 163 കിലോമീറ്റര്‍ അടുത്തുമുള്ള ഭ്രമണപഥത്തിലാണ് പ്രൊപ്പല്‍ഷൻ മൊഡ്യൂള്‍ ചന്ദ്രനെ വലം വെക്കുന്നത്. ചന്ദ്രനെ വലംവെക്കുമ്ബോള്‍ പ്രൊപ്പല്‍ഷൻ മൊഡ്യൂളിലുള്ള സ്പെക്‌ട്രോ-പോളറിമെട്രി ഓഫ് ഹാബിറ്റബിള്‍ പ്ലാനറ്റ് എര്‍ത്ത് (SHAPE) എന്ന ഉപകരണം ഭൂമിയെയും പ്രവഞ്ചത്തെയും നിരീക്ഷിക്കും.
ലാൻഡര്‍ മൊഡ്യൂളിന്‍റെ ഡീ-ബൂസ്റ്റിങ് (വേഗത കുറക്കുന്ന പ്രക്രിയ) നാളെ വൈകിട്ട് നാലു മണിക്ക് നടക്കുമെന്ന് ഐ.എസ്.ആര്‍.ഒ അറിയിച്ചു. ഡീ ബൂസ്റ്റിങ്ങിലൂടെ പേടകം ചന്ദ്രനോട് ഏറ്റവും അടുത്ത ഭ്രമണപഥത്തിലെത്തും. ചന്ദ്രനില്‍ നിന്ന് കുറഞ്ഞത് 30 കിലോമീറ്ററും കൂടിയത് 100 കിലോമീറ്ററും അകലെയാണ് ഈ ഭ്രമണപഥം. തുടര്‍ന്ന് 23നാണ് ലാൻഡര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങുക.