Home Featured പ്രതി മലയാളി തന്നെ : ചാലക്കുടി ബാങ്ക് മോഷണം;കള്ളൻ പിടിയില്‍

പ്രതി മലയാളി തന്നെ : ചാലക്കുടി ബാങ്ക് മോഷണം;കള്ളൻ പിടിയില്‍

by admin

പോട്ടയിലെ ബാങ്കില്‍ കത്തി കാട്ടി കവർച്ച നടത്തിയയാള്‍ പിടിയില്‍. ചാലക്കുടി ആശാരിക്കാട് സ്വദേശി റിജോ ആന്റണിയാണ് പിടിയിലായതെന്ന് പോലീസ് അറിയിച്ചു.ഇയാളില്‍നിന്ന് പത്തുലക്ഷം രൂപ കണ്ടെടുത്തതായാണ് വിവരം. പ്രത്യേക അന്വേഷണസംഘമാണ് ഇയാളെ പിടികൂടിയത്. സംഭവം നടന്ന് 36 മണിക്കൂറുകള്‍ക്ക് ശേഷമാണ് മോഷ്ടാവ് പിടിയിലായത്. കടം വീട്ടാനാണ് മോഷണം നടത്തിയതെന്നാണ് പ്രതി മൊഴി നല്‍കിയിരിക്കുന്നത്. റിജോ കുറ്റം സമ്മതിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു.ആഡംബര ജീവിതം നയിക്കുന്നയാളാണ് പ്രതിയെന്ന് പോലീസ് പറഞ്ഞു.

ആഡംബര ജീവിതമാണ് കടബാധ്യതയുണ്ടാവാനുള്ള കാരണം. വിദേശത്തുനിന്ന് ഭാര്യ അയച്ച പണം റിജോ ധൂർത്തടിച്ചു. ഭാര്യ നാട്ടിലെത്താൻ സമയമായപ്പോലാണ് കടം വീട്ടാനായി ഇയാള്‍ ബാങ്ക് കൊള്ളയടിച്ചത്. സ്വന്തം ബൈക്ക് വ്യാജനമ്ബർ വെച്ചാണ് റിജോ ഉപയോഗിച്ചതെന്നും പോലീസ് പറഞ്ഞു. സിസിടിവി ദൃശ്യങ്ങളും ഫോണ്‍കോളും പ്രതിയെ പിടികൂടുന്നതില്‍ നിർണായകമായി. പിടിച്ചെടുത്ത പണം ബാങ്കില്‍ നിന്ന് നഷ്ടപ്പെട്ടതുതന്നെയാണെന്ന് പോലീസ് സ്ഥിരീകരിച്ചു.ചാലക്കുടിക്കടുത്ത് പോട്ടയിലെ ഫെഡറല്‍ ബാങ്ക് ശാഖയില്‍ വെള്ളിയാഴ്ച ഉച്ചഭക്ഷണ സമയത്തായിരുന്നു സംഭവം. കറുത്ത ഹെല്‍മെറ്റും ജാക്കറ്റും കൈയുറകളും ധരിച്ചായിരുന്നു മോഷണം.

ഹിന്ദി സംസാരിക്കുന്ന ആളായതിനാല്‍ റെയില്‍വേ സ്റ്റേഷനും മറ്റും കേന്ദ്രീകരിച്ചും അന്വേഷണം നടത്തിയിരുന്നു. മുറി പൂട്ടിയശേഷം കാഷ് കൗണ്ടർ തോള്‍കൊണ്ട് ഇടിച്ചുതുറക്കാൻ ശ്രമിക്കുന്ന പ്രതിയുടെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു. പിന്നീട് കൈകൊണ്ട് ചില്ലുകള്‍ തകർത്താണ് പണം അപഹരിച്ചത്.പോട്ട ചെറുപുഷ്പം പള്ളിയുടെ നേരേ എതിർവശത്ത് പഴയ ദേശീയപാതയിലാണ് ബാങ്ക്. പുതിയ ദേശീയപാതയില്‍നിന്ന് 150 മീറ്റർ ദൂരെ. നട്ടുച്ചയായതിനാല്‍ ഏറക്കുറേ വിജനമായിരുന്നു പാത. രണ്ടു മുതല്‍ രണ്ടര വരെയാണ് ബാങ്കിന്റെ ഉച്ചഭക്ഷണ ഇടവേള.

കൃത്യം 2.12-നാണ് മോഷ്ടാവ് ബാങ്കിനുള്ളില്‍ പ്രവേശിച്ചത്. ബാങ്കിനുമുന്നില്‍ നിർത്തിയിട്ട കാറിനു പിന്നിലായി സ്കൂട്ടർ നിർത്തിയാണ് ഇയാള്‍ ഉള്ളിലേക്കു കയറിയത്. ഏഴ് ജീവനക്കാരുള്ള ബാങ്കില്‍ സുരക്ഷാ ജീവനക്കാരില്ലായിരുന്നു. ഒരാള്‍ ഭക്ഷണം കഴിക്കാൻ പുറത്തുപോയിരുന്നു. മറ്റ് നാലുപേർ മുറിയിലിരുന്ന് ഭക്ഷണം കഴിക്കുകയായിരുന്നു.മാനേജരും മറ്റൊരു ജീവനക്കാരനുമാണ് പ്രധാന ഹാളിലുണ്ടായിരുന്നത്. ഇരുവരെയും കത്തി കാട്ടി ഭീഷണിപ്പെടുത്തി ഡൈനിങ് മുറിയിലാക്കി. ഈ മുറി പുറമേനിന്ന് കുറ്റിയിട്ട ശേഷം കാഷ് കൗണ്ടറിന്റെ ചില്ല് തകർത്താണ് പണം കൈക്കലാക്കിയത്.

47 ലക്ഷം രൂപയാണ് കൗണ്ടറില്‍ അടുക്കുകളാക്കി വെച്ചിരുന്നത്. ഇതില്‍നിന്ന് നടുക്കായി ക്രമീകരിച്ച അഞ്ചുലക്ഷം വീതമുള്ള മൂന്ന് കെട്ടുകള്‍ കൈക്കലാക്കി പുറത്തേക്കുപോയി. പോട്ട സിഗ്നലിന്റെ ഭാഗത്തേക്കാണ് മോഷ്ടാവ് പോയതെങ്കിലും നേരേ ദേശീയപാതയിലേക്ക് കയറിയതിന്റെ ദൃശ്യങ്ങള്‍ ലഭിച്ചിരുന്നില്ല. ഭക്ഷണം കഴിക്കാൻ പുറത്തുപോയ ജീവനക്കാരനെ ഫോണില്‍ വിളിച്ചുവരുത്തിയാണ് ഡൈനിങ് മുറി തുറപ്പിച്ചത്.ചാലക്കുടി ഡിവൈ.എസ്.പി.യുടെ നേതൃത്വത്തില്‍ പ്രതിക്കുവേണ്ടി ഊർജിതമായ രീതിയിലാണ് അന്വേഷണം നടന്നത്. എല്ലാ ടോള്‍ പ്ലാസകളിലും അയല്‍ജില്ലകളിലും പോലീസ് ജാഗ്രതാനിർദേശം നല്‍കിയിരുന്നു.

You may also like

error: Content is protected !!
Join Our WhatsApp Group