ന്യൂഡല്‍ഹി: കിറ്റെക്സ് ഗ്രൂപ്പിന് കര്‍ണാടകയില്‍ നിക്ഷേപം നടത്താന്‍ ക്ഷണിച്ച് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍.കിറ്റെക്സ് ചെയര്മാന് സാബു എം ജേക്കബിനെ ഫോണില്‍ വിളിച്ചാണ് കേന്ദ്രമന്ത്രി സഹായ വാഗദാനം നല്‍കിയത്.
അതേസമയം തെലങ്കാനയിലെ കാകതിയ മെഗാ ടെക്സ്റ്റൈല്‍ പാര്‍ക്കില്‍ ആദ്യ ഘട്ടമായി ആയിരം കോടി രൂപയുടെ നിക്ഷേപം നടത്താന്‍ കിറ്റെക്സ് ഗ്രൂപ്പും തെലങ്കാന സര്‍ക്കാരും തമ്മില്‍ തത്വത്തില്‍ ധാരണയായി. രണ്ട് വര്‍ഷത്തിനുള്ളിലാണ് ടെക്സ്റ്റൈല്‍ അപ്പാരല്‍ പദ്ധതിക്കായി ആയിരം കോടി മുടക്കുക. 4,000 പേര്‍ക്ക് തൊഴില്‍ ലഭിക്കും.സാബു എം ജേക്കബും സംഘവും വ്യവസായ മന്ത്രി കെ.ടി രാമറാവുവുമായി ഹൈദരാബാദില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് നിക്ഷേപത്തിന് തീരുമാനമായത്. തെലങ്കാന സര്‍ക്കാര്‍ അയച്ച പ്രത്യേക വിമാനത്തില്‍ ഹൈദരാബാദിലെത്തിയ സംഘം പ്രിന്‍സിപ്പല്‍ സെക്രട്ടറി ഉള്‍പ്പെടെയുള്ള ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി.
തമിഴ്നാട്, തെലങ്കാന സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ കര്‍ണാടകയും തങ്ങളുടെ നിക്ഷേപ പദ്ധതിയില്‍ താല്പര്യം പ്രകടിപ്പിച്ചതായു കിറ്റെക്സ് കഴിഞ്ഞ ദിവസം അറിയിച്ചിരുന്നു. സംസ്ഥാനത്തെ അനുകൂല സാഹചര്യങ്ങള്‍ ചൂണ്ടിക്കാട്ടി കര്‍ണാടക സംസ്ഥാന വാണിജ്യ, വ്യവസായ ഡയറക്ടറും വല്വസായ വികസന കമ്മീഷണറുമായ ഗുഞ്ജന്‍ കൃഷ്ണ കിറ്റെക്സ് ഗാര്‍മെന്റ് എംഡിക്ക് കത്തയച്ചു. കേരളത്തില്‍ പിടിച്ചു നില്ക്കാന് കഴിയാത്ത സാഹചര്യമുണ്ടായാല്‍ നിലവിലുള്ള കിറ്റെക്സ് സ്ഥാപനങ്ങള്‍ കൂടി കേരളത്തിന് പുറത്തേക്ക് മാറ്റേണ്ട സ്ഥിതിയുണ്ടാകുമെന്ന് സാബു മുന്നറിയിപ്പ് നലകി.