മഞ്ചേരി: പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് വിധേയയാക്കിയ സംഭവത്തില്‍ കുട്ടിയുടെ മാതാവിനെയും മാതാവിന്റെ സുഹൃത്തിനെയും മഞ്ചേരി സ്‌പെഷ്യല്‍ പോക്‌സോ കോടതി 180 വർഷത്തെ കഠിന തടവിനാണ് കഴിഞ്ഞ ദിവസം ശിക്ഷിച്ചത്.ഇതോടൊപ്പം 11.75 ലക്ഷം രൂപ വീതം പിഴയടയ്ക്കാനും നിർദ്ദേശിച്ചു. മുത്തച്ഛനും മുത്തശിയും കുട്ടിയെ കാണാൻ പൊലീസ് അനുമതിയോടെ എത്തിയപ്പോഴായിരുന്നു കുട്ടിയുടെ അവസ്ഥ കണ്ടത്. അടച്ചിട്ട മുറിയില്‍ കഴിഞ്ഞ പെണ്‍കുട്ടിയുടെ സംരക്ഷണം പിന്നീട് സിഡബ്ല്യൂസി ഏറ്റെടുക്കുകയായിരുന്നു. അന്ന് സിഡബ്ല്യൂസി ജീവനക്കാരി കുട്ടിയോട് ചോദിച്ച ചോദ്യമാണ് ക്രൂരപീഡനത്തെക്കുറിച്ചുള്ള ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്തുവരാൻ കാരണമായത്.തലയില്‍ സിസിടിവി ഫിറ്റ് ചെയ്യുമോ എന്നായിരുന്നു കുട്ടിയുടെ ആ ചോദ്യം. കുട്ടി എന്താണ് ഇങ്ങനെ പറയുന്നതെന്ന് അറിയാൻ വീണ്ടും സംസാരിച്ചപ്പോഴാണ് ഈ മറുപടി വന്നത്. ‘അമ്മ പറഞ്ഞിട്ടുണ്ട്. തലയില്‍ സിസിടിവി ചിപ്പ് ഫിറ്റ് ചെയ്തിട്ടുണ്ട്. ആരോട് എന്തുപറഞ്ഞാലും അമ്മയ്ക്ക് മനസിലാവും’. പിന്നീട് ജീവനക്കാരി കൂടുതല്‍ കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പെണ്‍കുട്ടി എല്ലാം തുറന്നുപറഞ്ഞത്.അമ്മ കുട്ടിയെ ബെഡ്റൂമിലേക്ക് വിളിച്ചുവരുത്തി മദ്യം നല്‍കും. പിന്നീട് മൊബൈല്‍ ഫോണില്‍ സെക്സ് വീഡിയോ കാണിച്ചുകൊടുക്കും. കുട്ടിയുടെ കണ്‍മുന്നില്‍വച്ച് അമ്മയും രണ്ടാനച്ഛനും ലൈംഗിക ബന്ധത്തിലേർപ്പെടും. ശേഷം ആ മുറിയില്‍ വച്ച് അമ്മ നോക്കി നില്‍ക്കെ രണ്ടാനച്ഛൻ കുട്ടിയെ ബലാത്സംഗത്തിനും ഓറല്‍ സെക്സിനും വിധേയമാക്കും. പ്രോസിക്യൂഷനാണ് ഇക്കാര്യം കോടതിയില്‍ വ്യക്തമാക്കിയത്.2019 ഡിസംബർ മുതല്‍ 2020 നവംബർ വരെ വാടകവീടുകളില്‍ വച്ചായിരുന്നു പീഡനം. പോക്‌സോ ആക്ടിലെ നാലു വകുപ്പുകളില്‍ ഓരോന്നിലും 40 വർഷം വീതം കഠിന തടവ്, രണ്ട് ലക്ഷം രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കില്‍ ഓരോ വകുപ്പിലും മൂന്നു മാസം വീതം തടവ് എന്നിങ്ങനെയാണ് ശിക്ഷ. മറ്റു മൂന്നുവകുപ്പുകളിലായി മൂന്നു വർഷം വീതം കഠിനതടവ്, അര ലക്ഷം രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസം വീതം അധികതടവ്, കുട്ടിയെ ഭീഷണിപ്പെടുത്തിയതിന് രണ്ട് വർഷം കഠിനതടവ്, 25000 രൂപ പിഴ, പിഴയടച്ചില്ലെങ്കില്‍ ഒരു മാസത്തെ അധികതടവ് എന്നിങ്ങനെയാണ് ശിക്ഷ.ജുവനൈല്‍ ജസ്റ്റിസ് ആക്ടിലെ 75, 77 വകുപ്പുകളില്‍ രണ്ട് വർഷം വീതം കഠിനതടവ്, ഒരു ലക്ഷം രൂപ വീതം പിഴ, പിഴയടച്ചില്ലെങ്കില്‍ രണ്ടു മാസം വീതം തടവ് എന്നിവയും ഇരു പ്രതികളും അനുഭവിക്കണം. തടവു ശിക്ഷ ഒരുമിച്ചനുഭവിച്ചാല്‍ മതിയെന്നതിനാല്‍ പരമാവധി 40 വർഷം തടവനുഭവിച്ചാല്‍ മതി. പ്രതികള്‍ പിഴയടക്കുന്ന പക്ഷം തുക അതിജീവിതയ്ക്ക് നല്‍കണം.