ബെംഗളൂരു: ബൈക്ക് യാത്രക്കാരായ മൂന്നുപേരെ ഇടിച്ചു തെറിപ്പിച്ച് നിർത്താതെ പോയ കാർ കന്നഡ നടി ദിവ്യ സുരേഷിൻ്റെ ആണെന്ന് സ്ഥിരീകരിച്ച് പോലീസ്.

അപകടമുണ്ടായ സ്ഥലത്തെ ഉള്‍പ്പെടെ നിരവധി സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് വാഹനം ദിവ്യ സുരേഷിന്റേതാണെന്ന് വ്യക്തമായത്. അപകടസമയത്ത് കാർ ഓടിച്ചിരുന്നത് ദിവ്യ തന്നെയാണെന്നും പോലീസ് കണ്ടെത്തി. വാഹനം പിടിച്ചെടുത്തതായി ബെംഗളൂരു ട്രാഫിക് വെസ്റ്റ് ഡിസിപി അനൂപ് ഷെട്ടി അറിയിച്ചു. വിശദമായ അന്വേഷണം നടത്തി തുടർ നടപടികള്‍ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് പോലീസ്.ഈ മാസം നാലിന് അർധരാത്രി 1.30ന് ബൈതാരയണപുരയിലെ നിത്യ ഹോട്ടലിന് സമീപമാണ് അപകടമുണ്ടായത്. അമിത വേഗത്തില്‍ എത്തിയ കാർ ബൈക്ക് യാത്രക്കാരായ കിരണ്‍, അനുഷ, അനിത എന്നിവരെ ഇടിച്ചുതെറിപ്പിച്ച ശേഷം നിർത്താതെ പോകുകയായിരുന്നു. അപകടത്തില്‍ മൂന്ന് പേർക്കും പരുക്കേറ്റിരുന്നു. കിരണിനും അനുഷയ്ക്കും നിസ്സാര പരിക്കേറ്റു. അനിതയുടെ കാല് ഒടിഞ്ഞു. ഇവരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചത്.സംഭവത്തിനു ശേഷം മൂന്നു ദിവസങ്ങള്‍ക്ക് ശേഷമാണ് കിരണ്‍ പോലീസില്‍ പരാതി നല്‍കിയത്. അനിതയുടെ ചികിത്സയുമായി ബന്ധപ്പെട്ട് തിരക്കിലായിരുന്നു അദ്ദേഹം. പരാതിയില്‍ വാഹനം തിരിച്ചറിഞ്ഞിട്ടില്ലെന്നും ഒരു സ്ത്രീയാണ് ഓടിച്ചിരുന്നതെന്നും വ്യക്തമാക്കിയിരുന്നു. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തു. അപകടസ്ഥലത്ത് നിന്ന് വാഹനം നിർത്താതെ ഓടിച്ചുപോയതായി എഫ്ഐആറില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.പോലീസ് സിസിടിവി ദൃശ്യങ്ങള്‍ ഉപയോഗിച്ച് നടത്തിയ അന്വേഷണത്തില്‍ വാഹനം ദിവ്യ സുരേഷിന്റെതാണെന്നും അവർ തന്നെയാണ് ഓടിച്ചിരുന്നതെന്നും കണ്ടെത്തി. അപകടവുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടന്നുവരികയാണ്. അപകടത്തിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ പുറത്തുവരുന്നതിനനുസരിച്ച് കേസിന്റെ തുടർനടപടികള്‍ വ്യക്തമാക്കുമെന്ന് പോലീസ് അറിയിച്ചു.കൂടുതല്‍ വിവരങ്ങള്‍ക്കായി പോലീസ് അന്വേഷണം തുടരുകയാണ്. നടിക്കെതിരായ കേസ് കന്നഡ സിനിമാ ലോകത്തും ആരാധകർക്കിടയിലും വലിയ ചർച്ചയായി പോലീസ് ശേഖരിച്ച തെളിവുകള്‍ കേസിന്റെ ഗതി നിർണ്ണയിക്കും. മൂന്നുവർഷം മുൻപ് ഒരു അപകടത്തില്‍ പരിക്കേറ്റതിനെ തുടർന്ന് ദിവ്യ സുരേഷ് സോഷ്യല്‍ മീഡിയയില്‍ നിന്ന് വിട്ടുനിന്നിരുന്നു. വീണ്ടും അപകടമുണ്ടായതോടെ ദിവ്യ സുരേഷ് വാർത്തകളില്‍ നിറയുകയാണ്. ബിഗ് ബോസ് മുൻ മത്സരാർഥി കൂടിയാണ് കന്നഡ നടി ദിവ്യ സുരേഷ്.