Home Featured വിദ്യാലയങ്ങളില്‍ ഇതരമത വിദ്യാര്‍ത്ഥികളില്‍ ക്രിസ്ത്യന്‍ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കില്ല: CBCI

വിദ്യാലയങ്ങളില്‍ ഇതരമത വിദ്യാര്‍ത്ഥികളില്‍ ക്രിസ്ത്യന്‍ ആചാരങ്ങള്‍ അടിച്ചേല്‍പ്പിക്കില്ല: CBCI

by admin

ബംഗളൂരു: കത്തോലിക്ക മാനേജ്മെന്റ് വിദ്യാലയങ്ങളില്‍ ഇനി ഇതരമത വിദ്യാർഥികളില്‍ ക്രിസ്ത്യന്‍ ആചാരങ്ങള്‍ അടിച്ചേല്‍പിക്കരുതെന്ന് കത്തോലിക്ക സഭ നിർദേശം.

ബംഗളൂരുവില്‍ നേരത്തെ നടന്ന കത്തോലിക്ക ബിഷപ്സ് കോർപറേഷൻ ഓഫ് ഇന്ത്യ (സി.ബി.സി.ഐ) ജനറല്‍ ബോഡി യോഗ തീരുമാനം പുതിയ അധ്യയന വർഷം മുതല്‍ നടപ്പാക്കും.

ഇതുസംബന്ധിച്ച്‌ 13 പേജ് നിർദേശങ്ങള്‍ പുറപ്പെടുവിച്ചു. എല്ലാ വിശ്വാസങ്ങളെയും പാരമ്ബര്യങ്ങളെയും ബഹുമാനിക്കണം, മറ്റ് മതങ്ങളിലെ വിദ്യാര്‍ഥികളുടെ മേല്‍ ക്രിസ്ത്യന്‍ പാരമ്ബര്യങ്ങള്‍ അടിച്ചേല്‍പിക്കരുത്, ദിനേനയുള്ള അസംബ്ലിയില്‍ വിദ്യാര്‍ഥികളെ ഭരണഘടനയുടെ ആമുഖം വായിപ്പിക്കുക, സ്‌കൂള്‍ പരിസരത്ത് ഒരു പൊതു പ്രാർഥനാമുറി സ്ഥാപിക്കുക എന്നീ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സഭയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും കാത്തോലിക് ബിഷപ്‌സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ (സി.ബി.സി.ഐ) നിര്‍ദേശം നല്‍കി.

രാജ്യത്തെ നിലവിലെ സാമൂഹിക-സാംസ്‌കാരിക, മത, രാഷ്ട്രീയ സാഹചര്യങ്ങള്‍ കാരണം ഉയര്‍ന്നുവരുന്ന വെല്ലുവിളികള്‍ നേരിടാന്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കു നല്‍കിയ പ്രധാന നിര്‍ദേശങ്ങളിലാണ് ഇത് ഉള്‍പ്പെടുന്നത്.

പ്രധാന സ്‌കൂള്‍ കെട്ടിടത്തിന്റെ പ്രവേശന കവാടത്തില്‍ ഭരണഘടനയുടെ ആമുഖം പ്രദര്‍ശിപ്പിക്കുന്നതിനും രാവിലെയുള്ള അസംബ്ലികളില്‍ വിദ്യാര്‍ഥികള്‍ അത് ഏറ്റുചൊല്ലുന്നതും ശീലമാക്കണം.

വിദ്യാര്‍ഥികളെ കൂടാതെ സ്‌കൂളിലെ എല്ലാ ജീവനക്കാര്‍ക്കിടയിലും മതപരവും സാംസ്‌കാരികവുമായ സഹിഷ്ണുതയും വൈവിധ്യങ്ങളോടുള്ള ആദരവും പ്രോത്സാഹിപ്പിക്കാനും മാര്‍ഗനിര്‍ദേശങ്ങളില്‍ വ്യക്തമാക്കുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ എല്ലാവര്‍ക്കും ഉള്‍ക്കൊള്ളാനാവുന്നതും യോജിപ്പുള്ളതുമായ തൊഴില്‍ അന്തരീക്ഷം സൃഷ്ടിക്കുന്ന രീതിയില്‍ പരിശീലനം നല്‍കാനും സ്‌കൂളുകളോട് ആവശ്യപ്പെടുന്നുണ്ട്.

ഈ സ്‌കൂളുകള്‍ക്ക് നല്‍കുന്ന ന്യൂനപക്ഷ സര്‍ട്ടിഫിക്കറ്റിന് പുറമെ, സ്‌കൂള്‍ ലോബിയിലും ലൈബ്രറിയിലും ഇടനാഴികളിലും ഇന്ത്യന്‍ സ്വാതന്ത്ര്യസമര സേനാനികള്‍, ശാസ്ത്രജ്ഞര്‍, കവികള്‍, ദേശീയ നേതാക്കള്‍ തുടങ്ങിയ പ്രമുഖരുടെ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കണം.

സ്‌കൂള്‍ വളപ്പില്‍ പ്രാർഥനാമുറി അഥവാ സര്‍വധര്‍മ പ്രാർഥനാലയം സ്ഥാപിക്കണം.

ഈ മാര്‍ഗനിര്‍ദേശങ്ങള്‍ പ്രധാനമായും സ്‌കൂളുകളെ ലക്ഷ്യമിട്ടുള്ളതാണെങ്കിലും സഭയുടെ കീഴിലുള്ള എല്ലാ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും സാങ്കേതിക, തൊഴില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും ബാധകമാണ്.രാജ്യത്തെ നിലവിലെ സാമൂഹിക-രാഷ്ട്രീയ സാഹചര്യം കണക്കിലെടുത്ത് ചര്‍ച്ച ചെയ്ത പ്രധാന വിഷയങ്ങളിലാണ് സഭയുടെ ഈ പ്രതികരണം.

ക്രിസ്ത്യന്‍ സമൂഹം നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പ്രിന്‍സിപ്പല്‍മാര്‍ക്കും ജീവനക്കാര്‍ക്കും എതിരായി സമീപകാലത്തുണ്ടായ ആക്രമണങ്ങളുടെയും പ്രതിഷേധങ്ങളുടെയും കൂടി പശ്ചാത്തലത്തിലാണ് ഇത്തരത്തിലുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ആദ്യമായി പുറത്തിറക്കിയത്.

ഇന്ത്യയിലെ കത്തോലിക്ക സമൂഹത്തെ പ്രതിനിധാനം ചെയ്ത് ഉന്നത തീരുമാനമെടുക്കുന്ന സംഘടനയാണ് സി.ബി.സി.ഐ. സി.ബി.സി.ഐയുടെ കീഴില്‍ ഏകദേശം 14,000 സ്‌കൂളുകള്‍, 650 കോളജുകള്‍, ഏഴ് സര്‍വകലാശാലകള്‍, അഞ്ച് മെഡിക്കല്‍ കോളജുകള്‍, 450 സാങ്കേതിക, തൊഴിലധിഷ്ഠിത സ്ഥാപനങ്ങള്‍ എന്നിവ പ്രവർത്തിക്കുന്നുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group