ബംഗളൂരു: ഇന്ത്യൻ ക്രിക്കറ്റിലെ മിന്നുംതാരം വിരാട് കോഹ്‍ലിയുടെ ഉടമസ്ഥതയിലുള്ള പബിനെതിരെ കേസെടുത്ത് പൊലീസ്. ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് സമീപമുള്ള ‘വണ്‍8 കമ്യൂണ്‍’ എന്ന പബിനെതിരെയാണ് കേസ്.
പ്രവർത്തനാനുമതിയുള്ള ഒരു മണിക്ക് ശേഷവും പ്രവർത്തിച്ചതിനാണ് നടപടി. അർധരാത്രിയും ഉച്ചത്തില്‍ പാട്ട് വെക്കുന്നെന്ന പരാതിയെ തുടർന്നാണ് പൊലീസ് എത്തിയത്. എം.ജി റോഡിലെ മറ്റു പബുകള്‍ക്കെതിരെയും ബംഗളൂരു പൊലീസ് കേസെടുത്തിട്ടുണ്ട്. പബുകള്‍ 1.30ന് ശേഷവും പ്രവർത്തിക്കുകയായിരുന്നെന്ന് അറിയിച്ച പൊലീസ്, അന്വേഷണം നടക്കുകയാണെന്നും തുടർനടപടികള്‍ എടുക്കുമെന്നും അറിയിച്ചു.
വിരാട് കോഹ്‍ലിയുടെ ഉടമസ്ഥതയിലുള്ള ‘വണ്‍ 8 കമ്യൂണ്‍’ പ്രധാന നഗരങ്ങളായ മുംബൈ, ഡല്‍ഹി, കൊല്‍ക്കത്ത, പുണെ എന്നിവിടങ്ങളിലും പ്രവർത്തിക്കുന്നുണ്ട്. കഴിഞ്ഞ ഡിസംബറിലാണ് ബംഗളൂരുവില്‍ തുറന്നത്. കഴിഞ്ഞ വർഷം വേഷ്ടി ധരിച്ച് എത്തിയതിനാല്‍ മുംബൈയിലെ കോഹ്‍ലിയുടെ പബില്‍ പ്രവേശനം നിഷേധിച്ചെന്ന തമിഴ്നാട് സ്വദേശിയുടെ ആരോപണം ഏറെ ചർച്ചകള്‍ക്കിടയാക്കിയിരുന്നു. ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡിന് (പി.പി.എല്‍) പകർപ്പവകാശമുള്ള പാട്ടുകള്‍ ഉപയോഗിക്കുന്നതില്‍നിന്ന് കഴിഞ്ഞ വർഷം വണ്‍8 കമ്യൂണിനെ ഡല്‍ഹി ഹൈകോടതി വിലക്കിയതും വാർത്തകളില്‍ നിറഞ്ഞിരുന്നു.