തിങ്കളാഴ്ച കാള്‍ സെന്റർ ജീവനക്കാരനുമായി റോഡില്‍ നടന്ന സംഘർഷത്തിനു ശേഷം കർണാടകയെ കുറിച്ച് അവഹേളനപരമായ പരാമർശം നടത്തിയതിന് വ്യോമസേനാ ഉദ്യോഗസ്ഥൻ വിങ് കമാൻഡർ ശിലാദിത്യ ബോസിനെതിരെ കേസ്.നേരത്തേ, കാള്‍ സെന്റർ ജീവനക്കാരനായ വികാസ് കുമാറിനെതിരെ ആക്രമണത്തിന് പൊലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നു. ‘കർണാടക ഇങ്ങനെയായി മാറിയിരിക്കുന്നു, ഞാൻ കന്നഡയില്‍ വിശ്വസിച്ചു, പക്ഷേ സത്യം, കർണാടകയുടെ പ്രധാന ഹൃദയഭൂമിയുടെ യാഥാർത്ഥ്യം കണ്ടപ്പോള്‍ എനിക്ക് അത് വിശ്വസിക്കാൻ കഴിഞ്ഞില്ല.
ദൈവം നമ്മെ സഹായിക്കട്ടെ’ എന്നായിരുന്നു ശിലാദിത്യ ബോസ് സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റില്‍ കുറിച്ചത്.വ്യോമസേന വിങ് കമാൻഡറിനെതിരെ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത സാഹചര്യത്തില്‍ സംഭവത്തില്‍ ഉള്‍പ്പെട്ടവർ ആരായാലും നിയമപ്രകാരം നടപടിയെടുക്കാൻ പോലീസിനോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ പറഞ്ഞു. ഐ.എ.എഫ് ഉദ്യോഗസ്ഥനായ ശിലാദിത്യ ബോസ് സാമൂഹിക മാധ്യമത്തില്‍ കർണാടകയെയും കന്നഡിഗരെയും കുറിച്ച് അനാവശ്യവും അവഹേളനപരവുമായ പരാമർശങ്ങള്‍ നടത്തിയെന്നും അത് അനാദരവും പ്രകോപനപരവുമാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഈ നാടിന്റെ ഉള്‍ക്കൊള്ളല്‍ മനോഭാവം ചരിത്രത്തില്‍ വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. അത് ആരായാലും നിയമപ്രകാരം നടപടിയെടുക്കാൻ ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടതായും സിദ്ധരാമയ്യ പറഞ്ഞു. കന്നഡിഗര്‍മാര്‍ അവരുടെ മാതൃഭാഷയില്‍ അഭിമാനിക്കുന്നവരാണ്, എന്നാല്‍ അവര്‍ സങ്കുചിതത്വമുള്ളവരോ അസഹിഷ്ണുതയുള്ളവരോ അല്ല. ‘ഭാഷാപരമായ കാര്യങ്ങളുടെ പേരില്‍ മറ്റുള്ളവരെ ആക്രമിക്കുകയോ അധിക്ഷേപിക്കുകയോ ചെയ്യുന്നത് നമ്മുടെ സംസ്കാരത്തിന് ചേർന്നതല്ല’ മുഖ്യമന്ത്രി എക്സില്‍ പറഞ്ഞു.
വാഹനത്തില്‍ സഞ്ചരിക്കുന്നതിനിടെ ഒരു ബൈക്കിലെത്തിയ ആള്‍ പെട്ടെന്ന് മറികടന്ന് മുന്നിലെത്തി വാഹനം തടഞ്ഞുനിര്‍ത്തി മർദിച്ചെന്നാണ് വ്യോമസേന വിങ് കമാന്‍ഡര്‍ ബോസും അദ്ദേഹത്തിന്റെ ഭാര്യയും സ്‌ക്വാഡ്രണ്‍ ലീഡറുമായ മധുമിതയും ആരോപിച്ചത്.
ബെംഗളൂരുവില്‍ ജലക്ഷാമം രൂക്ഷം; 53 തടാകങ്ങള്‍ പൂര്‍ണമായും വറ്റിവരണ്ടു
ബെംഗളൂരുവില്‍ ഇത്തവണയും ജലക്ഷാമം രൂക്ഷമാകുന്നു. കഴിഞ്ഞ വർഷവും നഗരം കഠിനമായ ജലക്ഷാമത്തിലൂടെയാണ് കടന്നു പോയത്.ഇതിനു സമാനമായ അവസ്ഥ തന്നെയാണ് ഈ വേനലിലും നഗരം നേരിടുന്നത്. നിലവില്‍ തടാക സംഭരണശേഷിയുടെ 35 ശതമാനം മാത്രമേ ജലക്ഷാമം ബാധിക്കാതെയുള്ളൂ. ബാക്കിയുള്ളവ വേനലിന്റെ ആരംഭത്തില്‍ തന്നെ വറ്റിത്തുടങ്ങിയിരുന്നു. നഗരത്തിനും സമീപ പ്രദേശങ്ങളിലുമുള്ള ഏകദേശം 3 ലക്ഷം കുഴല്‍ക്കിണറുകള്‍ വറ്റിവരണ്ടു.
ബിബിഎംപി പരിപാലിക്കുന്ന 183 സജീവ തടാകങ്ങളില്‍ 53 തടാകങ്ങള്‍ പൂർണമായും വറ്റിവരണ്ടു.വേനലും ചൂടും തുടരുകയാണെങ്കില്‍ ബാക്കിയുള്ള തടാകങ്ങളെയും ജലക്ഷാമം ഉടൻ ബാധിച്ചേക്കും. ബിബിഎംപിയുടെ തടാകങ്ങളില്‍ ഈ സമയത്ത് 31,505.48 മില്യണ്‍ ലിറ്റർ വെള്ളമാണ് കാണേണ്ടതെങ്കിലും ഔദ്യോഗിക കണക്കുകള്‍ അനുസരിച്ച് 10,980.01 മില്യണ്‍ ലിറ്റർ വെള്ളം മാത്രമാണ് ലഭ്യമായിട്ടുള്ളത്. ആർആർ നഗറിലെ 33 തടാകങ്ങളില്‍ 12 എണ്ണവും ഇതിനോടകം വറ്റി.
3,032.31 ലിറ്റർ കപ്പാസിറ്റിയുള്ള ഈ തടാകങ്ങളില്‍ ഇനി ബാക്കിയുള്ളത് 393.59 ലിറ്റർ വെള്ളം മാത്രമാണ്. ഉള്ളാല്‍ തടാകത്തിന് സമീപമുള്ള 150ല്‍ അധികം കുഴല്‍ കിണറുകളില്‍ വെള്ളമില്ല.ദസറഹള്ളിയില്‍ 12 തടാകങ്ങളില്‍ പകുതിയോളം വറ്റി. ബെംഗളൂരു ഈസ്റ്റ് സോണിലെ അഞ്ച് തടാകങ്ങളില്‍ രണ്ടെണ്ണം ആണ് വറ്റിയത്. യെലഹങ്കയില്‍ 27 തടാകങ്ങളില്‍ 12 എണ്ണത്തിലും വെള്ളമില്ല. മഹാദേവപുര സോണിലെ 50 തടാകങ്ങളില്‍ 19 എണ്ണവും വറ്റിക്കഴിഞ്ഞു. 9,493.35 ലിറ്റർ കപ്പാസിറ്റിയുള്ള ഈ തടാകങ്ങളില്‍ ഇനി ബാക്കിയുള്ളത് 2,110.43 ലിറ്റർ വെള്ളം മാത്രമാണ്.