കഴിഞ്ഞ വർഷം ഗോവയില്‍ നാല് വയസ്സുള്ള മകനെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ബെംഗളൂരു ആസ്ഥാനമായുള്ള കണ്‍സള്‍ട്ടൻസിയുടെ സിഇഒ സുചന സേത്തിനെതിരെ വീണ്ടും കേസ്.ഗോവയിലെ സെൻട്രല്‍ ജയിലിലെ വനിതാ കോണ്‍സ്റ്റബിളിനെ ആക്രമിച്ചതിനാണ് സുചന സേത്തിനെതിരെ കേസെടുത്തതെന്ന് പൊലീസ് പറഞ്ഞു.തിങ്കളാഴ്ച കോള്‍വാലെയിലെ സെൻട്രല്‍ ജയിലിലെ വനിതാ ബ്ലോക്ക് ഓഫീസിലാണ് പ്രതി കോണ്‍സ്റ്റബിളിനെ ആക്രമിച്ചത്. ജയിലിലെ വിചാരണ തടവുകാരിയായ സുചന സ്ത്രീ തടവുകാരുടെ ബ്ലോക്കില്‍ നിന്നും രജിസ്റ്റർ അനുവാദമില്ലാതെ എടുത്തിരുന്നു.
ഇത് ചോദ്യം ചെയ്ത കോണ്‍സ്റ്റബിളിനെ സുചന ചീത്തവിളിക്കുകയും ചവിട്ടി തള്ളിയിടുകയും മുടി പിടിച്ചു വലിക്കുകയും ചെയ്‌തെന്നാണ് പരാതി. സുചനയുടെ ആക്രമണത്തില്‍ പൊലീസുകാരിക്ക് പരിക്കേറ്റെന്നും എഫ്‌ഐആറിലുണ്ട്. ജോലിക്ക് തടസം നില്‍ക്കുക,ഗുരുതരമായി പരിക്കേല്‍പ്പിക്കുക, സമാധാന ലംഘനം നടത്താൻ ഉദ്ദേശിച്ചുകൊണ്ട് മനഃപൂർവ്വം അപമാനിക്കുക തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുള്ളത്.
2024 ജനുവരി 6-ന്, സുചന തന്റെ മകനോടൊപ്പം നോർത്ത് ഗോവയിലെ കണ്ടോലിമിലുള്ള ഹോട്ടല്‍ സോള്‍ ബനിയൻ ഗ്രാൻഡെയില്‍ മുറിയെടുത്തിരുന്നു. ജനുവരി 10 വരെ മുറി ബുക്ക് ചെയ്തിരുന്നു, എന്നാല്‍ ജനുവരി 7-ന് രാത്രി അടിയന്തരമായി പോകാനുണ്ടെന്ന് പറഞ്ഞ് റൂം ചെക്ക് ഔട്ട് ചെയ്യുകയായിരുന്നു. മകന്റെ മൃതദേഹം സ്യൂട്ട് കേസിലാക്കി യാത്ര ചെയ്യുന്നതിനിടെ തൊട്ടടുത്ത ദിവസം കർണാടകയിലെ ചിത്രദുർഗ ജില്ലയില്‍ നിന്ന് ഇവരെ കസ്റ്റഡിയിലെടുത്തത്. കഴുത്ത് ഞെരിച്ച് ശ്വാസം മുട്ടിച്ചാണ് സുചന മകനെ കൊന്നതെന്നാണ് കുറ്റപത്രത്തിലുള്ളത്.
മലയാളിയായ വെങ്കിട്ടരാമനാണ് സുചനയുടെ ഭർത്താവെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. കുട്ടിയുടെ മൃതദേഹത്തിനൊപ്പം ഐലൈനർ ഉപയോഗിച്ച് ടിഷ്യൂ പേപ്പറില്‍ എഴുതിയ കുറിപ്പ് പൊലീസ് കണ്ടെത്തിയിരുന്നു. സുചന സേത്ത് സ്വന്തം കൈപ്പടയിലെഴുതിയ കുറിപ്പായിരുന്നു കണ്ടെത്തിയത്. ഭർത്താവുമായുള്ള ബന്ധം വഷളായതിനെ കുറിച്ചും കുട്ടിയെ കാണാൻ അനുവദിച്ച കോടതി ഉത്തരവില്‍ അതൃപ്തനാണെന്നും കുറിപ്പില്‍ സൂചിപ്പിച്ചിട്ടുണ്ട്. താൻ അങ്ങേയറ്റം നിരാശയാണെന്നും മകനെ അങ്ങേയറ്റം സ്‌നേഹിക്കുന്നതായും കുറിപ്പിലുണ്ട്. പക്ഷേ മകനെ അവന്റെ പിതാവ് കാണാൻ ഞാൻ ആഗ്രഹിക്കുന്നില്ല. വിവാഹമോചനം അനുവദിച്ചാലും മകന്റെ കസ്റ്റഡി പൂർണമായും എനിക്ക് വേണമെന്നും കത്തിലുണ്ടായിരുന്നു.ബെംഗളൂരു ആസ്ഥാനമായി പ്രവർത്തിക്കുന്ന മൈൻഡ്ഫുള്‍ എ.ഐ ലാബ് സഹസ്ഥാപകയും സിഇഒയുമാണ് സുചന.