സിനിമ ചിത്രീകരണത്തിനിടെയുണ്ടായ അപകടത്തില്‍ സ്റ്റണ്ട്മാൻ എസ് മോഹൻരാജ് മരിച്ച സംഭവത്തില്‍ സംവിധായകൻ പാ രഞ്ജിത്തിനിതിരെ കേസ്.പാ രഞ്ജിത്ത് ഉള്‍പ്പെടെ നാല് പേർക്കെതിരെയാണ് കേസെടുത്തത്. തമിഴ്നാട് കീഴൈയൂർ പൊലീസാണ് കേസന്വേഷിക്കുന്നത്. സംഘട്ടന സംവിധായകൻ വിനോദ്, കാറുടമ പ്രഭാകരൻ, നീലം പ്രൊഡക്ഷൻസിന്റെ മാനേജർ രാജ്കമല്‍ എന്നിവർക്കെതിരെയാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. മനപൂർവമല്ലാത്ത നരഹത്യ ചുമത്തിയാണ് കേസ്.പാ രഞ്ജിത്തും നടൻ ആര്യയും ഒന്നിക്കുന്ന ‘വേട്ടുവ’ സിനിമയുടെ ലൊക്കേഷനിലാണ് അപകടമുണ്ടായത്.
തമിഴ്നാട്ടിലെ നാഗപട്ടണത്ത് ഞായറാഴ്ചയാണ് അപകടം. ആദ്യം ഹൃദയാഘാതം മൂലമാണ് മരണം എന്നായിരുന്നു റിപ്പോർട്ട്. എന്നാല്‍ അപകടത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെയാണ് സംഭവം പുറത്തറിയുന്നത്. പാ രഞ്ജിത്തിനെ ഉള്‍പ്പെടെ വിളിച്ചുവരുത്തി ചോദ്യം ചെയ്തേക്കുമെന്നാണ് വിവരം.റോഡില്‍ ചെരിച്ചുവച്ച മരപ്പാലവകളിലൂടെ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായത്. കാർ കീഴ്മേല്‍ മറിഞ്ഞായിരുന്നു അപകടം. രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.