35 വയസ് മാത്രം പ്രായമുള്ള, കണ്ടാല്‍ ആരോഗ്യമുണ്ടെന്ന് തോന്നിപ്പിക്കുകയും ആരോഗ്യകരമായ ജീവിതശൈലികള്‍ പിന്തുടരുകയും ചെയ്യുന്ന ചെറുപ്പക്കാരില്‍ പോലും ഹൃദയസംബന്ധയായ രോഗങ്ങള്‍ വിട്ടുമാറുന്നില്ലെന്നതാണ് പുതിയ പഠനറിപ്പോർട്ടുകള്‍.35കാരായ ആളുകളാണ് കൂടുതല്‍ ഹൃദയാഘാതത്തിന് ഇരയാകുന്നതെന്ന് വിദഗ്ധർ പറയുന്നു. ആരോഗ്യകരമായ ഡയറ്റുകള്‍ പിന്തുടരുകയും ദിവസേന വ്യായാമം ചെയ്യുന്നവരുമായിട്ട് പോലും ചെറുപ്പക്കാരില്‍ ഹൃദയാഘാതം അനിയന്ത്രിതമായി വർധിക്കുന്നതില്‍ ആശങ്ക പ്രകടിപ്പിച്ചിരിക്കുകയാണ് ദിമിത്രി യാരനോവ് എന്ന കാർഡിയോളജിസ്റ്റ്.
തീരെ ചെറിയ പ്രായങ്ങളില്‍ തന്നെ യുവാക്കളെ ഹൃദയാഘാതം വരിഞ്ഞുമുറുക്കുന്നതിലൂടെ ആരോഗ്യത്തെ കുറിച്ചും ജീവിതശൈലികളെ കുറിച്ചുമുള്ള പരമ്ബരാഗതമായ സങ്കല്‍പങ്ങളെല്ലാം കുഴഞ്ഞുമറിഞ്ഞിരിക്കുകയാണ്. അഥവാ, പുറമെ കാണുന്ന ആരോഗ്യകരമായ ജീവിതശൈലിയിലല്ല, മറിച്ച് ഹൃദയത്തിന്റെ ആരോഗ്യം എങ്ങനെയിരിക്കുന്നു എന്നതിലാണ് പ്രധാനം. അതുകൊണ്ട് ചെറിയ പ്രായത്തില്‍ തന്നെ ജിമ്മില്‍ പോയി സൂപ്പർ ഫിറ്റാകുന്നതിനേക്കാളേറെ ഹൃദയാരോഗ്യം ഗൗരവത്തില്‍ സൂക്ഷിക്കേണ്ടതിന്റെ പ്രാധാന്യത്തിലേക്ക് വിരല്‍ചൂണ്ടുകയാണ് ഡോ. ദിമിത്രി.
ഹൃദയത്തെ സംരക്ഷിക്കണമെങ്കില്‍ ഫിറ്റ്നസ് മാത്രം പോരാ
പതിവായി ജിമ്മില്‍ പോകുക, കർശനമായ ഡയറ്റ് ക്രമീകരണങ്ങള്‍ പിന്തുടരുക തുടങ്ങിയവയിലൂടെ ഉണ്ടാക്കിയെടുക്കുന്ന ശരീര സൗന്ദര്യത്തിന് പുതിയ കാലത്ത് ആസ്വാദകരേറെയാണ്. വർക്കൗട്ടിനിടെ ജിമ്മില്‍ നിന്ന് പകർത്തുന്ന ചിത്രങ്ങള്‍ക്കും ഉരുട്ടിക്കയറ്റിയ മസിലുകള്‍ക്കും സോഷ്യല്‍ മീഡിയയിലെ ട്രെന്റിങ് ലിസ്റ്റില്‍ എപ്പോഴും സ്ഥാനമുണ്ട്. എന്നാല്‍, അത്തരത്തില്‍ അരോഗദൃഢമെന്ന് തോന്നിപ്പിക്കുന്ന ചിത്രങ്ങള്‍ക്കപ്പുറം ശരീരത്തിനകത്തെ ചില ഘടകങ്ങള്‍ ദുർബലമാണെന്നതാണ് യാഥാർഥ്യം.35 വയസ് മാത്രം പ്രായമുള്ള സൂപ്പർ ഫിറ്റായ നിരവധിയാളുകളാണ് ഹൃദയാഘാതത്തെ തുടർന്ന് തന്റെയടുക്കലേക്ക് വരുന്നതെന്ന് ഡോക്ടർ പറയുന്നു. അവരില്‍ മിക്കയാളുകള്‍ക്കും മുന്നറിയിപ്പ് ലക്ഷണങ്ങളൊന്നും ഉണ്ടായിരുന്നില്ല.
ആരോഗ്യകരമായ ജീവിതശൈലി പിന്തുടർന്നിട്ടും രക്ഷയില്ല?അമിതമായ പ്രോട്ടീൻ അടങ്ങിയ ഭക്ഷണക്രമം അമിതമായി പ്രോട്ടീൻ അടങ്ങിയതും കാർബ് കുറഞ്ഞതുമായ ഭക്ഷണം കഴിക്കുന്നതിലൂടെ ശരീരം ഹെല്‍ത്തിയായി സൂക്ഷിക്കാമെന്നാണ് പലരുടെയും ധാരണ. ഇത് ശരീരത്തിന് ചെറിയ രീതിയില്‍ ഗുണം ചെയ്യുന്നുണ്ടെങ്കിലും കൊളസ്ട്രോള്‍ അമിതമായി ഉയരുന്നതിനിടയാക്കുന്നുണ്ട്. കൊളസ്ട്രോള്‍ ഉയരുന്നതിലൂടെ രക്തധമനികളില്‍ കൊഴുപ്പ് അടിഞ്ഞുകൂടുകയും ഇതുവഴി ഹൃദയാഘാതം സംഭവിക്കുകയും ചെയ്യുന്നു.
താളംതെറ്റിയ ഭക്ഷണക്രമം : ക്രമം തെറ്റിയതും അടിസ്ഥാനരഹിതവുമായ ഡയറ്റ് രീതികള്‍ രക്തക്കുഴലുകളെ പൊതിഞ്ഞ് സംരക്ഷിക്കുന്ന പാളികളെ ദുർബലപ്പെടുത്തുകയാണ് ചെയ്യുക. ഇത് പ്രവർത്തനരഹിതമാകുന്നതോടെ ചെറിയ മുറിവുകളിലൂടെ പോലും അണുബാധ പ്രവേശിക്കാനുള്ള സാധ്യതയേറുന്നു.
വിട്ടുമാറാത്ത വീക്കം : മോശം ഭക്ഷണക്രമങ്ങളിലൂടെയും പരിശീലനങ്ങളിലൂടെയും ശരീരത്തില്‍ രൂപംകൊള്ളുന്ന വിട്ടുമാറാത്ത വീക്കങ്ങള്‍ ഹൃദ്രോഗത്തിന്റെ കാരണങ്ങളാണെന്നാണ് ഡോക്ടർ വിശദീകരിക്കുന്നത്. ശരീരം ഫിറ്റ് ആണെന്ന് കരുതി വീക്കങ്ങള്‍ ഉണ്ടാകാതിരിക്കണമെന്നില്ല.അതോടൊപ്പം, ജനിതകമായ ഉയർന്ന രക്തസമ്മർദവും വർഷങ്ങളായി തുടരുന്ന കൊളസ്ട്രോള്‍ സംബന്ധമായ പ്രശ്നങ്ങളും ഹൃദയമിടിപ്പ് കുറയ്ക്കുന്നതിനും അപ്രതീ മരണത്തിലേക്കും നയിക്കാനിടയാക്കും.
ആരോഗ്യം എങ്ങനെ വീണ്ടെടുക്കാം : ഒരു കാര്യവും തീവ്രമായി പിന്തുടരാതിരിക്കുക എന്നതാണ് ഡോക്ടർ ദിമിത്രിയുടെ നിർദേശം.ഭക്ഷണം പൂർണമായും ഒഴിവാക്കുന്നതോ മാംസം മാത്രം കഴിക്കുകയോ ചെയ്യുന്ന ഡയറ്റില്‍ നിന്ന് വിട്ടുനില്‍ക്കാം.കഠിനമായ വ്യായാമങ്ങള്‍ക്കിടയില്‍ ശരീരത്തിന് വിശ്രമം നല്‍കുക. കൃത്യമായ ഉറക്കം ഉറപ്പുവരുത്തുക.ഹ്രസ്വമായ മാറ്റങ്ങളോ ഫാഷൻ ഡയറ്റുകളോ അല്ല, മറിച്ച് സ്ഥിരവും സുസ്ഥിരവുമായ ശീലങ്ങളില്‍ നിന്നാണ് ദീർഘായുസ് ഉണ്ടാകുന്നതെന്ന് ഓർമിക്കുക.
 
