ബെംഗളൂരു : സംസ്ഥാനത്ത് വാഹനപ്പുക പരിശോധനയ്ക്ക് ചെലവേറിയേക്കും. നിരക്ക് വർധിപ്പിക്കണമെന്നാവശ്യപ്പെട്ട് കർണാടക എമിഷൻ ടെസ്റ്റിങ് സെൻ്റേർസ് ഓണേഴ്സ് അസോസിയേഷൻ ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡിക്ക് നിവേദനംനൽകി. വാടക കൂടിയതും പുകപരിശോധനയ്ക്കുള്ള ഉപകരണങ്ങളുടെവില കൂടിയതും ജീവനക്കാരുടെ ശമ്പളം വർധിച്ചതുമെല്ലാം കണക്കിലെടുത്താണ് നിവേദനം നൽകിയത്. മൂന്നുവർഷം മുൻപാണ് അവസാനമായി നിരക്ക് വർധിപ്പിച്ചതെന്നും അസോസിയേഷൻ ചൂണ്ടിക്കാട്ടി.
നിലവിൽ ഇരുചക്രവാഹനങ്ങൾക്ക് 65 രൂപയും ഓട്ടോറിക്ഷകൾ 75 രൂപയും നാലുചക്ര പെട്രോൾ വാഹനങ്ങൾക്ക് 115 രൂപയും ഡീസൽ വാഹനങ്ങൾക്ക് 160 രൂപയുമാണ് ഈടാക്കുന്നത്. ഇരുചക്ര വാഹനങ്ങൾക്ക് 110 രൂപ, ഓട്ടോറിക്ഷകൾ 100 രൂപ, നാലു ചക്ര പെട്രോൾ വാഹനങ്ങൾ 200 രൂപ, ഡീസൽ വാഹനങ്ങൾ 250 രൂപ എന്നിങ്ങനെയാക്കണമെന്നാണ് അസോസിയേഷൻ ഗതാഗതമന്ത്രിയോട് ആവശ്യപ്പെട്ടത്.