കണ്ണൂർ : കണ്ണൂരിൽ ഓടുന്ന കാറിന് തീ പിടിച്ച് ഗർഭിണിയടക്കം രണ്ട് പേർ വെന്തുമരിച്ചു. കുറ്റ്യാട്ടൂർ കാരാറമ്പ് സ്വദേശികളായ പ്രജിത്ത്, ഭാര്യ റീഷ എന്നിവരാണ് മരിച്ചത്. കണ്ണൂർ നഗരത്തിൽ ജില്ലാ ആശുപത്രിക്ക് സമീപം രാവിലെ പത്തരയോടെയാണ് ദാരുണ സംഭവമുണ്ടായത്. പൂർണ്ണ ഗർഭിണിയായിരുന്ന റീഷയെ ആശുപത്രിയിലേക്ക് കൊണ്ടു വന്ന സംഘം സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. കാറിൽ ആകെ ആറ് പേരായിരുന്നു ഉണ്ടായിരുന്നത്. ഗർഭിണിയായ യുവതിയും കാറോടിച്ച ഭർത്താവും മുൻ സീറ്റുകളിലും മറ്റ് നാല് പേർ പുറകിലെ സീറ്റുകളിലുമായിരുന്നു ഉണ്ടായിരുന്നത്. കാർ ഡോർ ജാമായതിനാൽ മുൻ സീറ്റുകളിലുണ്ടായിരുന്ന രണ്ട് പേർക്കും രക്ഷപ്പെടാനായില്ല.
ഗർഭിണിയുമായി ആശുപത്രിയിലേക്ക് പോയ കുടുംബം സഞ്ചരിച്ച കാറിനാണ് തീപിടിച്ചത്. വാഹനമോടിച്ച ഭർത്താവിനൊപ്പം മുൻവശത്തായിരുന്നു ഭാര്യയുണ്ടായിരുന്നത്. പിറകിൽ ഒരു കുട്ടിയടക്കം രണ്ട് നാല് കുടുംബാംഗങ്ങളുമുണ്ടായിരുന്നു. മറ്റ് വാഹനത്തിലെത്തിയവരാണ് കാറിന് തീപിടിച്ച വിവരം ഇവരെ അറിയിച്ചത്. എന്നാൽ ഡോർ ജാമായതിനാൽ വാഹനത്തിലുണ്ടായിരുന്നവർക്ക് പുറത്തിറങ്ങാനായില്ല. തീ പടരുന്നതിനിടെ ഡ്രൈവർ, പുറകിലെ ഡോർ തുറന്നു. ഇതുവഴിയാണ് ബാക്ക് സീറ്റിലുണ്ടായിരുന്ന ഒരു കുട്ടിയടക്കം നാല് പേർ രക്ഷപ്പെട്ടത്. എന്നാൽ മുൻ വശത്തെ ഡോർ തുറക്കാനായില്ല. അപ്പോഴേക്കും തീ കൂടുതൽ പടർന്ന് പിടിച്ചിരുന്നു. രക്ഷപ്പെട്ടവരെ ആശുപത്രിയിലെത്തിച്ചു. സംഭവം നടന്നതിന് നൂറ് മീറ്ററോളം മാറി ഫയർ സ്റ്റേഷനുണ്ടായിരുന്നുവെങ്കിലും രണ്ട് പേരെയും രക്ഷിക്കാൻ കഴിഞ്ഞില്ല.
പത്താം ക്ലാസുകാർക്ക് പോസ്റ്റ് ഓഫീസുകളിൽ ജോലി നേടാം; 40,889 ഡാക് സേവക്; അവസാന തീയതി ഫെബ്രുവരി 16
തിരുവനന്തപുരം: തപാൽ വകുപ്പിൽ ഗ്രാമീൺ ഡാക് സേവക് (ജിഡിഎസ്) നിയമനത്തിനുള്ള വിജ്ഞാപനം പ്രസിദ്ധീകരിച്ചു. ബ്രാഞ്ച് പോസ്റ്റ്മാസ്റ്റർ, അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ഡാക് സേവക് തസ്തികകളിലാണ് ഒഴിവുകൾ. രാജ്യത്താകെ 34 പോസ്റ്റൽ സർക്കിളുകളിലായി 40889 ഒഴിവുകളാണുള്ളത്. ഇതിൽ 2462 ഒഴിവുകൾ കേരള സർക്കിളിലാണ്. പത്താം ക്ലാസ് പാസ്സായവർക്കാണ് അവസരം. ഡിവിഷനുകൾ തിരിച്ചാണ് ഒഴിവുകൾ വിജ്ഞാപനം ചെയ്തിരിക്കുന്നത്.
ജോലി ചെയ്യുന്ന സമയം കൂടി പരിഗണിച്ചാണ് ശമ്പളം നിശ്ചയിക്കുക. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർക്ക് 12000 രൂപ മുതൽ 29380 രൂപ വരെ ലഭിക്കും. അസിസ്റ്റന്റ് ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ/ഡാക് സേവക് തസ്തികയിൽ നാലു മണിക്കൂറിന് 10000 രൂപ മുതൽ 24470 രൂപ വരെ ലഭിക്കും. അപേക്ഷകർ മാത്തമാറ്റിക്സും ഇംഗ്ലീളും ഉൾപ്പെട്ടെ പത്താം ക്ലാസ് പരീക്ഷ പാസ്സായിരിക്കണം. പ്രാദേശിക ഭാഷയും ഒരു വിഷയമായി പഠിച്ചിരിക്കണം. കേരള, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ മലയാളമാണ് ഔദ്യോഗിക പ്രാദേശിക ഭാഷ. കംപ്യൂട്ടർ പരിജ്ഞാനം വേണം. സൈക്ലിംഗ് അറിഞ്ഞിരിക്കണം. ഉദ്യോഗാർത്ഥികൾക്ക് മറ്റ് ജീവിതമാർഗമുണ്ടായിരിക്കണം.
18നും 40 നും ഇടയിലാണ് പ്രായപരിധി. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി കണക്കാക്കിയാണ് പ്രായം തീരുമാനിക്കുക. ഉയർന്ന പ്രായപരിധിയിൽ എസ് സി എസ് ടി വിഭാഗത്തിന് 5 വർഷവും ഒബിസി വിഭാഗത്തിന് മൂന്നു വർഷവും വയസ്സിളവ് ലഭിക്കും. ഇഡബ്ലിയുഎസ് വിഭാഗത്തിന് വയസ്സിളവില്ല. ഭിന്നശേഷിക്കാർക്ക് 10 വർഷമാണ് വയസ്സിളവ്. ഭിന്നശേഷിക്കാരായ ഒബിസി വിഭാഗക്കാർക്ക് 13 വർഷവും ഭിന്നശേഷിക്കാരായ എസ് എസി, എസ് ടി വിഭാഗത്തിന് 15 വർഷവും ഇളവ് ലഭിക്കും. അപേക്ഷിക്കുമ്പോൾ പോസ്റ്റ് ഓഫീസുകളുടെ മുൻഗണന രേഖപ്പെടുത്തണം. വിവരങ്ങൾക്ക് www.indiapostgdsonline.gov.in. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഫെബ്രുവരി 16.