Home Uncategorized വാരാണസി-ബംഗളൂരു ഇൻഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; കനേഡിയൻ പൗരൻ കസ്റ്റഡിയില്‍

വാരാണസി-ബംഗളൂരു ഇൻഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി; കനേഡിയൻ പൗരൻ കസ്റ്റഡിയില്‍

by admin

ഇന്‍ഡിഗോ വിമാനത്തില്‍ ബോംബ് ഭീഷണി ഉയര്‍ത്തിയ കനേഡിയന്‍ പൗരന്‍ അറസ്റ്റില്‍. ഉത്തര്‍പ്രദേശിലെ വാരണാസി വിമാനത്താവളത്തിലാണ് യാത്രക്കാരെയും വിമാന ജീവനക്കാരെയും ആശങ്കയുടെ മുള്‍മുനയില്‍ നിര്‍ത്തിയ സംഭവം ഉണ്ടായത്.കനേഡിയന്‍ പൗരനെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്യുകയാണ്.ബോംബ് കൈവശം വച്ചിട്ടുണ്ടെന്ന് പറഞ്ഞാണ് സഹയാത്രികരെ കനേഡിയന്‍ പൗരന്‍ ഭീഷണിപ്പെടുത്തിയത്. തുടര്‍ന്ന് ഇന്‍ഡിഗോ ജീവനക്കാര്‍ ഉടന്‍ തന്നെ എയര്‍ ട്രാഫിക് കണ്‍ട്രോളില്‍ (എടിസി) വിവരം അറിയിച്ചു.

വിമാനം കൂടുതല്‍ പരിശോധനയ്ക്കായി ഐസൊലേഷന്‍ ബേയിലേക്കു മാറ്റി. കൂടുതല്‍ പരിശോധനയില്‍ ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയതായി വിമാനത്താവള ഡയറക്ടര്‍ പുനീത് ഗുപ്ത പറഞ്ഞു.വാരണാസിയില്‍ നിന്ന് ബെംഗളൂരുവിലേക്ക് പോകാനിരുന്ന വിമാനത്തിലാണ് ബോംബ് ഭീഷണി ഉയര്‍ന്നത്. സാധാരണ ബോംബ് ഭീഷണികള്‍ ഉണ്ടായാല്‍ സുരക്ഷാ പ്രോട്ടോക്കോളുകള്‍ അനുസരിച്ച്‌ വിമാനം അടിയന്തരമായി നിലത്തിറക്കും. വിമാനം സമഗ്രമായ പരിശോധനയ്ക്കു വിധേയമാക്കിയപ്പോഴാണ് ബോംബ് ഭീഷണി വ്യാജമാണെന്ന് കണ്ടെത്തിയത്.

പിന്നീട് സുരക്ഷാ ഏജന്‍സികളില്‍ നിന്ന് അനുമതി ലഭിച്ച ശേഷം വിമാനം ബെംഗളൂരുവിലേക്ക് യാത്ര തിരിക്കുകയും ചെയ്തു. സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്. ഏറെ നേരത്തെ പരിഭ്രാന്തിക്കൊടുവിലാണ് ആശങ്ക ഒഴിഞ്ഞത്.നിഷാന്ത് എന്ന കനേഡിയന്‍ പൗരനാണ് ഭീഷണി ഉയര്‍ത്തിയത്. യാത്രക്കാരനെ വിമാനത്താവളത്തിലെ സുരക്ഷാ സേന പോലീസിന് കൈമാറി. സുരക്ഷാ ഏജന്‍സികളുടെ ചോദ്യം ചെയ്യലില്‍ വിമാനത്താവളത്തിലെ പ്രവര്‍ത്തനങ്ങള്‍ വൈകിപ്പിക്കാനാണ് വ്യാജ ബോംബ് ഭീഷണി ഉയര്‍ത്തിയതെന്ന് കനേഡിയന്‍ പൗരന്‍ പറഞ്ഞു.

പ്രതിക്കെതിരേ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്, കാനഡ ഹൈക്കമ്മീഷനെയും അറിയിച്ച്‌ ഉചിതമായ നടപടികള്‍ പ്രതിക്കെതിരേ സ്വീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

തിരുവനന്തപുരം വിമാനത്താവളത്തിലും ബോംബ് ഭീഷണി

തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിലും സമാനമായ രീതിയില്‍ ബോംബ് ഭീഷണി ലഭിച്ചു. വിമാനത്താവളത്തിലെ മാനേജറുടെ ഇ-മെയില്‍ വഴിയാണ് ബോംബ് ഭീഷണി ലഭിച്ചത്. ഇതുകൂടാതെ തമ്ബാനൂര്‍ റെയില്‍വേ സ്റ്റേഷനിലും തലസ്ഥാനത്തെ നിരവധി ഹോട്ടലുകള്‍ക്കും ഭീഷണിയുണ്ടായി. ഇവിടങ്ങളില്‍ പരിശോധന കര്‍ശനമാക്കി. വിമാനത്താവളത്തിന്റെയും റെയില്‍വേ സ്‌റ്റേഷന്റെയും സുരക്ഷയും വര്‍ധിപ്പിച്ചു.

എല്ലാ ടെര്‍മിനലുകളിലും ബോംബ് സ്‌ക്വാഡുകളെ വിന്യസിച്ചിട്ടുണ്ടെന്നും സമഗ്രമായ പരിശോധന നടത്തിവരികയാണെന്നും വിമാനത്താവള അധികൃതര്‍ അറിയിച്ചു.സംസ്ഥാനത്തെ വിവിധ കലക്ടറേറ്റുകളിലും കഴിഞ്ഞ ദിവസം വ്യാജ ബോംബ് ഭീഷണി ലഭിച്ചിരുന്നു. കൊല്ലം, പാലക്കാട്, കോട്ടയം കലക്ടറേറ്റുകളിലാണ് ബോംബ് ഭീഷണി സന്ദേശമെത്തിയത്. തമിഴ്‌നാട് സ്വദേശികളാണ് സംസ്ഥാനത്തെ വ്യാജ ബോംബ് ഭീഷണികള്‍ക്കു പിന്നിലെന്നാണ് പൊലീസിന്റെ നിഗമനം.

2024-ല്‍ ഇന്ത്യയിലുടനീളമുള്ള എയര്‍ലൈന്‍ സര്‍വീസുകള്‍ക്ക് ആകെ 728 വ്യാജ ബോംബ് ഭീഷണികള്‍ ലഭിച്ചു. ഇതുമായി ബന്ധപ്പെട്ട് 13 പേരെ അറസ്റ്റ് ചെയ്തതായി സിവില്‍ ഏവിയേഷന്‍ സഹമന്ത്രി മുരളീധര്‍ മോഹോള്‍ ഫെബ്രുവരിയില്‍ പാര്‍ലമെന്റില്‍ വെളിപ്പെടുത്തിയിരുന്നു.ഇന്‍ഡിഗോ വിമാന സര്‍വീസുകളാണ് ഏറ്റവും കൂടുതല്‍ ബോംബ് ഭീഷണി നേരിട്ടത്. 216 വ്യാജ ബോംബ് ഭീഷണികളാണ് കഴിഞ്ഞ വര്‍ഷം ലഭിച്ചത്. രണ്ടാം സ്ഥാനത്ത് എയര്‍ ഇന്ത്യയാണ് – 179 വ്യാജ ബോംബ് ഭീഷണികള്‍.വ്യാജ ബോംബ് ഭീഷണികള്‍ നേരിടുന്നതിനും കാര്യക്ഷമമായ സുരക്ഷാ നടപടികള്‍ ഉറപ്പാക്കാനും രാജ്യത്തെ എല്ലാ വിമാനക്കമ്ബനികള്‍ക്കും വ്യോമയാന ഡയറക്ടറേറ്റ് ജനറല്‍ വേണ്ട നിര്‍ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

വിമാനത്താവളങ്ങള്‍ക്കെതിരേ ബോംബ് ഭീഷണികള്‍ വര്‍ധിച്ചുവരുന്നതിനെ ഏറെ ഗൗരവത്തോടെയാണ് കേന്ദ്ര വ്യോമയാന മന്ത്രാലയം നിരീക്ഷിക്കുന്നത്. ഇത്തരം വ്യാജ ബോംബ് ഭീഷണികളിലൂടെ വിമാനക്കമ്ബനികള്‍ക്ക് വന്‍ സാമ്ബത്തിക നഷ്ടമാണ് ഉണ്ടാകുന്നത്. വിമാന സര്‍വീസുകളുടെ സമയക്രമം തെറ്റുന്നതിനാല്‍ യാത്രക്കാരെയും ഇത് ബുദ്ധിമുട്ടിലാക്കുന്നുണ്ട്. വിമാനത്താവളത്തിന്റെ പ്രവര്‍ത്തനങ്ങളെ ഒട്ടാകെ താറുമാറാക്കുന്ന ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്കെതിരേ കര്‍ശന നടപടികള്‍ സ്വീകരിക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group