തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ സൂചന ബസ് സമരം. സ്വകാര്യ ബസുടമകളുമായി ട്രാൻസ്പോർട്ട് കമ്മീഷണർ നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് സംയുക്ത സമര സമിതി പണിമുടക്കുമായി മുന്നോട്ട് പോകുന്നത്.വിദ്യാർത്ഥികളുടെ കണ്‍സെഷൻ നിരക്ക് കൂട്ടുക, വ്യാജ കണ്‍സെഷൻ കാർഡ് തടയുക, 140 കി.മീ അധികം ഓടുന്ന ബസുകളുടെ പെർമിറ്റ് പുതുക്കി നല്‍കുക, അനാവശ്യമായി പിഴയീടാക്കുന്നത് തടയുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് സമരപ്രഖ്യാപനം. ,ഒരാഴ്ചയ്ക്കുള്ളില്‍ തുടർചർച്ചകള്‍ നടത്തി പരിഹാരമുണ്ടായില്ലെങ്കില്‍, 22ആം തീയതി മുതല്‍ അനിശ്ചിതകാല സമരത്തിലേക്ക് നീങ്ങാനാണ് തീരുമാനം.
സ്വകാര്യ ബസ് സമരം ഒഴിവാക്കാൻ ബസ്സുടമകളുമായി ചർച്ച നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ആദ്യഘട്ടമാണ് ട്രാൻസ്പോർട്ട് കമ്മീഷണറുമായി നടന്ന ചർച്ച. ഈ ചർച്ച വിജയിച്ചില്ലെങ്കില്‍ മന്ത്രി തല ചർച്ച ഉണ്ടാകുമെന്നും ഗണേഷ് കുമാർ നേരത്തെ അറിയിച്ചിരുന്നു.സ്വകാര്യ ബസ് വ്യവസായത്തെ തകർക്കാനാണ് ഗതാഗതമന്ത്രി ശ്രമിക്കുന്നത് എന്ന് ബസ് ഉടമകള്‍ അഭിപ്രായപ്പെട്ടു. പെർമിറ്റ് പോലും പുതുക്കി നല്‍കാൻ സർക്കാർ തയ്യാറാകുന്നില്ലെന്നും സ്വകാര്യ ബസ് ഉടമകള്‍ വ്യക്തമാക്കി.