ശബരിമല ദർശനം കഴിഞ്ഞ് മടങ്ങുകയായിരുന്ന കർണാടകയിൽനിന്നുള്ള തീർഥാടകസംഘം സഞ്ചരിച്ച ബസ് കാസർകോട് ചിറ്റാരിക്കലിന് സമീപം കാറ്റാംകവലയിൽ താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. അപകടത്തിൽ 46 പേർക്ക് പരിക്കേറ്റു. ഇന്ന് വൈകിട്ട് മൂന്ന് മണിയോടെയാണ് നാടിനെ നടുക്കിയ അപകടം നടന്നത്.മൈസൂർ സാലിഗ്രാമം സ്വദേശിയായ ഹരീഷ് ആണ് അപകടത്തിൽ മരിച്ച കർണാടക സ്വദേശി. ബസിൽ 56 തീർഥാടകരാണ് ഉണ്ടായിരുന്നത്. പരിക്കേറ്റവരെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചു.ശബരിമല തീർത്ഥാടകരുമായി പോയ സ്വകാര്യ ബസ് റോഡിൽ നിയന്ത്രണം വിട്ട് മറിയുകയായിരുന്നു. കാറ്റാംകവലയിലെ മറ്റപ്പള്ളി വളവിൽ വെച്ചാണ് അപകടമുണ്ടായത്. ഈ പ്രദേശം സ്ഥിരം അപകട മേഖലയാണെന്ന് നാട്ടുകാർ പറയുന്നു. അപകടകാരണം എന്താണെന്ന് വ്യക്തമല്ല.ശബരിമല ദർശനം പൂർത്തിയാക്കി കർണാടകയിലേക്ക് തിരിച്ചുപോകുകയായിരുന്നു അയ്യപ്പഭക്തർ. ബസ് താഴ്ചയിലേക്ക് മറിഞ്ഞ ഉടൻ തന്നെ നാട്ടുകാരും അധികൃതരും രക്ഷാപ്രവർത്തനത്തിനായി എത്തിയിരുന്നു.
അപകടവിവരം അറിഞ്ഞയുടൻ ചിറ്റാരിക്കൽ പൊലീസ്, ഫയർഫോഴ്‌സ് യൂണിറ്റുകൾ, കൂടാതെ പ്രദേശവാസികളായ നൂറുകണക്കിന് ആളുകളും രക്ഷാപ്രവർത്തനത്തിനായി സ്ഥലത്തെത്തി. ബസിൽ ഉണ്ടായിരുന്ന ഭൂരിഭാഗം പേർക്കും പരിക്കേറ്റിരുന്നു.പൊലീസ്, ഫയർഫോഴ്‌സ്, നാട്ടുകാർ എന്നിവർ ചേർന്ന് നടത്തിയ മണിക്കൂറുകൾ നീണ്ട രക്ഷാപ്രവർത്തനത്തിലൂടെയാണ് പരിക്കേറ്റവരെ പുറത്തെത്തിച്ചത്.ഗുരുതരമായി പരിക്കേറ്റവരിൽ ഒരാളെ വിദഗ്ധ ചികിത്സയ്ക്കായി പരിയാരത്തെ കണ്ണൂർ മെഡിക്കൽ കോളജിലേക്ക് മാറ്റിയതായി വെള്ളരിക്കുണ്ട് താലൂക്ക് കൺട്രോൾ റൂമിൽ നിന്ന് അധികൃതർ അറിയിച്ചു.പരിക്കേറ്റ 22 പേരെ പരിയാരം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിട്ടുണ്ട്. നാല് പേരെ സഹകരണ ഹോസ്പിറ്റൽ ചെറുപുഴയിലും 20 പേരെ ചെറുപുഴ സെൻ്റ് സെബാസ്റ്റ്യൻ ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചിട്ടുണ്ടെന്ന് വെള്ളരിക്കുണ്ട് താലൂക്ക് കണ്‍ട്രോൾ റൂമിൽനിന്ന് അറിയിച്ചു.അപകടത്തെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതിനായി അന്വേഷണം തുടരുകയാണെന്ന് ചിറ്റാരിക്കൽ പൊലീസ് അറിയിച്ചു. വാഹനത്തിൻ്റെ അമിതവേഗമാണോ അതോ ഡ്രൈവറുടെ ശ്രദ്ധക്കുറവാണോ അപകടത്തിന് കാരണമായതെന്ന് പരിശോധിച്ചുവരികയാണ്.മറ്റപ്പള്ളി വളവ് സ്ഥിരം അപകടമേഖലയായി മാറുന്നതിൻ്റെ ആശങ്കയിലാണ് നാട്ടുകാര്‍. കുറച്ചുനാള്‍മുമ്പ് ഓയിലുമായി പോയ ടാങ്കര്‍ലോറി മറിഞ്ഞ് അപകടമുണ്ടാകുകയും ഓയില്‍ അടുത്തുള്ള വീടുകളിലേക്ക് പതിച്ച സാഹചര്യവുമുണ്ടായിരുന്നു. കര്‍ണാടക, മൈസൂര്‍ ഭാഗങ്ങളില്‍നിന്ന് ശബരിമലയിലേക്ക് എത്താന്‍ എളുപ്പ മാര്‍ഗമായതിനാല്‍ പലരും ആശ്രയിക്കുന്നത് ചിറ്റാരിക്കലിന് സമീപം കാറ്റാംകവല മാര്‍ഗമാണ്. അതുകൊണ്ടുതന്നെ സുരക്ഷിതമായ യാത്ര ഉറപ്പാക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാരും ആവശ്യപ്പെട്ടു.