Home Featured ബുള്ളറ്റ് ട്രെയിൻ ദക്ഷിണേന്ത്യയിലേയ്ക്കും? ബന്ധിപ്പിക്കുക ബെംഗളൂരുവടക്കം നാല് പ്രധാന നഗരങ്ങളെ

ബുള്ളറ്റ് ട്രെയിൻ ദക്ഷിണേന്ത്യയിലേയ്ക്കും? ബന്ധിപ്പിക്കുക ബെംഗളൂരുവടക്കം നാല് പ്രധാന നഗരങ്ങളെ

by admin

ബുള്ളറ്റ് ട്രെയിൻ പദ്ധതിയുമായി ബന്ധപ്പെട്ട് നിർണായക പ്രഖ്യാപനവുമായി ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എൻ.ചന്ദ്രബാബു നായിഡു. ദക്ഷിണേന്ത്യയിലേക്ക് ബുള്ളറ്റ് ട്രെയിൻ വരാൻ പോകുകയാണെന്നും പദ്ധതിക്കായുള്ള ഒരു സർവേ പുരോഗമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു എന്നീ നാല് പ്രധാന ദക്ഷിണേന്ത്യൻ നഗരങ്ങളെ ബന്ധിപ്പിക്കുന്നതാണ് പദ്ധതി. ഏകദേശം 5 കോടി ജനങ്ങള്‍ ഇവിടങ്ങളിലായി താമസിക്കുന്നുണ്ടെന്നും പദ്ധതി യാഥാർത്ഥ്യമായാല്‍ അത് വലിയ സാമ്ബത്തിക മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

വിശാഖപട്ടണത്ത് നടന്ന ഇന്ത്യാ ഫുഡ് മാനുഫാക്ചറിംഗ് സമ്മിറ്റ് 2025ല്‍ പങ്കെടുത്ത് സംസാരിക്കവെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രഖ്യാപനം.ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു എന്നീ നഗരങ്ങള്‍ ആഗോളതലത്തില്‍ തന്നെ ഏറ്റവും ഊർജ്ജസ്വലമായ വിപണികളാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. ബുള്ളറ്റ് ട്രെയിൻ പദ്ധതി ദക്ഷിണേന്ത്യയിലെ കണക്റ്റിവിറ്റി മെച്ചപ്പെടുത്തുകയും മേഖലയുടെ വളർച്ചയ്ക്ക് വേഗം കൂട്ടുകയും ചെയ്യും. ഇന്ത്യയുടെ വളർച്ചയില്‍ ആന്ധ്രാപ്രദേശിന്റെ പങ്കിനെക്കുറിച്ച്‌ സംസാരിക്കാനും ചന്ദ്രബാബു നായിഡു വേദി ഉപയോഗിച്ചു.

ഭക്ഷ്യ സംസ്കരണ മേഖലയില്‍ 9,000 കോടിയിലധികം പുതിയ നിക്ഷേപങ്ങള്‍ സംസ്ഥാനത്തേയ്ക്ക് എത്തി. ശക്തമായ അടിസ്ഥാന സൗകര്യങ്ങളും വ്യവസായ അനുകൂല നയങ്ങളും ഉപയോഗിച്ച്‌ ഇന്ത്യയുടെ ഭക്ഷ്യ സംസ്കരണ കേന്ദ്രമായി സ്വയം കെട്ടിപ്പടുക്കാൻ ആന്ധ്രാപ്രദേശ് പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.ഹൈദരാബാദ്, ചെന്നൈ, അമരാവതി, ബെംഗളൂരു എന്നിവിടങ്ങള്‍ക്കിടയിലുള്ള യാത്രാ സമയം ഗണ്യമായി കുറയ്ക്കുന്നതിന് നിർദ്ദിഷ്ട ദക്ഷിണേന്ത്യൻ ബുള്ളറ്റ് ട്രെയിൻ പദ്ധതി സഹായിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.

ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, തെലങ്കാന, കർണാടക എന്നിവിടങ്ങളിലെ യാത്രാ സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിലൂടെ വ്യവസായങ്ങളെ പ്രോത്സാഹിപ്പിക്കുക, ശക്തമായ ബിസിനസ് ഇടനാഴികള്‍ സൃഷ്ടിക്കുക, ടൂറിസത്തിനും വ്യാപാരത്തിനും പുതിയ അവസരങ്ങള്‍ തുറക്കുക എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്.മുംബൈയ്ക്കും അഹമ്മദാബാദിനും ഇടയിലുള്ള രാജ്യത്തെ ആദ്യത്തെ അതിവേഗ റെയില്‍ ഇടനാഴിയുടെ പണികള്‍ ത്വരിതഗതിയില്‍ പുരോഗമിക്കുന്നതിനിടെയാണ് ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയുടെ ഇത്തരത്തിലൊരു പ്രഖ്യാപനം വരുന്നത് എന്നതാണ് ശ്രദ്ധേയം. റെയില്‍വേ മന്ത്രാലയത്തിന്റെ കണക്കനുസരിച്ച്‌ മുംബൈ – അഹമ്മദാബാദ് ബുള്ളറ്റ് ട്രെയിൻ പദ്ധതിയുടെ ഭാഗമായുള്ള ഗുജറാത്ത് ഭാഗത്തെ സ്റ്റേഷനുകളുടെ നിർമ്മാണം അന്തിമഘട്ടത്തിലാണ്. ഗുജറാത്തില്‍ നദികള്‍ക്ക് കുറുകെയുള്ള 21 പാലങ്ങളില്‍ 17 എണ്ണം ഇതിനകം പൂർത്തിയായിട്ടുണ്ട്.

You may also like

error: Content is protected !!
Join Our WhatsApp Group