ന്യൂഡല്‍ഹി: മൊബൈല്‍ റിപ്പയർ ഷോപ്പിലേക്ക് ഇടിച്ചുകയറി കൂറ്റൻ കാള. ഡല്‍ഹിയിലെ സംഗം വിഹാറിലാണ് സംഭവമുണ്ടായത്. കടയ്‌ക്കുള്ളില്‍ രണ്ട് ജീവനക്കാരും ഉണ്ടായിരുന്നു. ഇവർ ഭയന്ന് വിറച്ച് നില്‍ക്കുന്നതിന്റെ വീഡിയോ പുറത്തുവന്നിട്ടുണ്ട്.
കടയിലുണ്ടായിരുന്ന സിസിടിവി ക്യാമറയിലാണ് സംഭവത്തിന്റെ ദൃശ്യങ്ങള്‍ പതിഞ്ഞത്. കടയ്‌ക്ക് പുറത്ത് ഒരു കസ്റ്റമർ നില്‍ക്കുന്നുണ്ട്. പെട്ടെന്ന് എന്തോ കണ്ടതുപോലെ നിന്ന സ്ഥലതത് നിന്നും അയാള്‍ ഭയന്ന് മാറുന്നത് ദൃശ്യങ്ങളില്‍ കാണാം. ഉടൻ തന്നെ ഒരു കൂറ്റൻ കാള കടയ്‌ക്കുള്ളിലേക്ക് ചാടിക്കയറുന്നു. അവിടെ ജോലി ചെയ്‌തുകൊണ്ടിരുന്ന രണ്ട് ജീവനക്കാരും ഭയന്ന് എഴുന്നേറ്റ് ഒരു ഭാഗത്തേക്ക് മാറി നിന്നു. അവർക്ക് പുറത്തേക്കിറങ്ങാൻ വഴിയുണ്ടായിരുന്നില്ല.
ഒരാള്‍ പരിഭ്രാന്തനായി ചുവരിന്റെ മുകളിലേക്ക് കയറുന്നത് കാണാം. മറ്റേയാള്‍ കസേര കൊണ്ട് കാളയെ തടുത്ത് അതിന് പിന്നില്‍ നില്‍ക്കുകയാണ്. രണ്ടുപേരും ഭയന്ന് വിറയ്‌ക്കുന്നുണ്ടെന്ന് വീഡിയോയില്‍ വ്യക്തമാണ്. പുറത്ത് നിന്ന് ഓടിക്കൂടിയ ആളുകള്‍ കടയുടെ മുൻഭാഗത്തുണ്ടായിരുന്ന മേശ പൊളിച്ച് കാളയെ പുറത്തിറക്കാൻ ശ്രമിക്കുന്നുണ്ട്. ഇതോടുകൂടി വീഡിയോ അവസാനിച്ചു.
ഒടുവില്‍ എന്ത് സംഭവിച്ചു എന്ന കാര്യം വ്യക്തമല്ല. ഇങ്ങനെയൊരു അനുഭവം ആർക്കും ഉണ്ടാകരുതെന്നാണ് വീഡിയോയ്‌ക്ക് താഴെ പലരും കമന്റ് ചെയ്‌തിട്ടുള്ളത്. ദുഃസ്വപ്‌നങ്ങളില്‍ പോലും ഇങ്ങനെ ഉണ്ടാവല്ലേ എന്നാണ് മറ്റ് ചിലർ പ്രതികരിച്ചത്. കടയ്‌ക്കുള്ളിലുണ്ടായിരുന്ന ജീവനക്കാരെ ആ കാള ആക്രമിച്ചിട്ടുണ്ടാവല്ലേ എന്ന് പ്രാർത്ഥിച്ചുകൊണ്ടും ചിലർ കമന്റ് രേഖപ്പെടുത്തി.