കർണാടകയിലെ കോലാറില്‍ നവീകരണ ജോലികള്‍ക്കിടെ മൂന്നു നില കെട്ടിടം തകർന്നുവീണു. അടുക്കിവെച്ച കാർഡുകള്‍ വീഴുന്നതുപോലെയുള്ള ദൃശ്യങ്ങള്‍ കാഴ്ചക്കാരില്‍ നടുക്കമുളവാക്കി.സംഭവത്തില്‍ ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. ബംഗളൂരുവില്‍നിന്ന് 80 കിലോമീറ്റർ അകലെ കോലാറിലെ ബംഗാരപേട്ട് താലൂക്കിലാണ് സംഭവം. താഴത്തെ നിലയുടെ നവീകരണ പ്രവൃത്തിക്കിടെ വെള്ളിയാഴ്ച രാവിലെയാണ് അപകടമുണ്ടായതെന്നാണ് വിവരം.ആളുകള്‍ നോക്കിനില്‍ക്കെ കെട്ടിടം തകർന്നു വീഴുന്ന ദൃശ്യം സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടു.
കെട്ടിടം രാജ് കുമാർ എന്നയാളിന്‍റേതാണെന്ന് സ്ഥിരീകരിച്ചതായി ബംഗാരപേട്ട് പൊലീസ് മാധ്യമങ്ങളോടു പറഞ്ഞു. രണ്ടു മാസമായി അതില്‍ ആളില്ലായിരുന്നുവത്രെ.കെട്ടിടത്തിന്‍റെ വീഴ്ചയില്‍ സമീപത്തെ സ്വകാര്യ സ്‌കൂളിന്‍റെ ഭിത്തി തകർന്നു. ബംഗാരപ്പേട്ടയിലെ തിരക്കേറിയ കെ.ഇ.ബി റോഡില്‍ പതിച്ച അവശിഷ്ടങ്ങള്‍ കാരണം ഗതാഗതം നിലച്ചു. സംഭവത്തില്‍ കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നതായി പൊലീസ് പറഞ്ഞു.